

ചെറിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് ഒരു ശതമാനത്തിലധികം ഉയർന്നു. സെൻസെക്സ് 81,100 നും നിഫ്റ്റി 24,550 നും മുകളിൽ ആയി.
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ബാങ്ക് നിഫ്റ്റിയും നല്ല മുന്നേറ്റം കാഴ്ചവച്ചു. കൺസ്യൂമർ ഡ്യൂറബിൾസ് ഒഴികെ എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ്.
പിഎൻബി ഹൗസിംഗ് ഫിനാൻസിൻ്റെ 1.7 കോടി ഓഹരികൾ 1707 കോടി രൂപയ്ക്ക് ഒരു വിദേശഫണ്ട് വിറ്റു. ശരാശരി വില 690 രൂപ. ഓഹരി ആറു ശതമാനം കയറി 1075 രൂപയിലെത്തി.
ബജാജ് ഓട്ടോയുടെ ഏപ്രിലിലെ വാഹന വിൽപന പ്രതീക്ഷയിലും കുറവായി. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് ആറു ശതമാനം കുറവാണ്. ഓഹരി താഴ്ന്നു.
അശോക് ലെയ്ലൻഡിൻ്റെ ഏപ്രിലിലെ വിൽപന ആറു ശതമാനം ഇടിഞ്ഞു. ഓഹരി താഴ്ന്നു.
മാരുതി 3.5 ശതമാനം ഉയർന്നു. മഹീന്ദ്ര രണ്ടും ടാറ്റാ മോട്ടോഴ്സ് ഒന്നരയും ടിവിഎസ് മോട്ടോർ മൂന്നും ശതമാനം ഉയർന്നു.
നഷ്ടം കാണിക്കുന്ന റിസൽട്ടിനു ശേഷം എറ്റേണൽ ഓഹരി രണ്ടര ശതമാനം ഉയർന്നു.
നാലാം പാദത്തിലെ 65 ശതമാനം ലാഭവർധന സിമൻ്റ് കമ്പനിയായ നുവോകോ വിസ്റ്റാസ് ഓഹരിയെ ഒൻപതു ശതമാനം ഉയർത്തി.
നാലാം പാദ റിസൽട്ടിനെ തുടർന്ന് ഫെഡറൽ ബാങ്ക് ഓഹരി മൂന്നു ശതമാനം ഇടിവിലായി. ബാങ്കിൻ്റെ ലാഭം പ്രതീക്ഷയേക്കാൾ വലുതായിരുന്നു. എന്നാൽ അറ്റ പലിശ വരുമാനം കുറവായി. നുവാമ സെക്യൂരിറ്റീസ് ബാങ്കിൻ്റെ ലക്ഷ്യവില 230 രൂപയായി ഉയർത്തുകയും വാങ്ങൽ ശിപാർശ നൽകുകയും ചെയ്തു. മോട്ടിലാൽ ഓസ്വാളും ലക്ഷ്യവില 230 രൂപയാക്കി. നൊമുറ ലക്ഷ്യവില 220 രൂപയാക്കി.
നാലാം പാദത്തിൽ ലാഭം കുത്തനേ കുറഞ്ഞതിനെ തുടർന്ന് ഇൻഡസ് ടവേഴ്സ് ഓഹരി ആറു ശതമാനം ഇടിഞ്ഞു.
മികച്ച റിസൽട്ടിനെ തുടർന്നു റെയിൽടെൽ കോർപറേഷൻ ഓഹരി 12 ശതമാനം കുതിച്ചു.
പ്രതീക്ഷപോലെ വന്ന നാലാം പാദ റിസൽട്ട് എംഒഐഎൽ ഓഹരിയെ പത്തു ശതമാനം ഉയർത്തി.
രൂപ ഇന്നു റെക്കോർഡ് നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 40 പൈസ കുറഞ്ഞ് 84.09 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 83.84 രൂപയിലേക്കു താഴ്ന്നു. കഴിഞ്ഞ ഒക്ടോബറിനു ശേഷം ആദ്യമായാണ് ഡോളർ 84 രൂപയ്ക്കു താഴെ ആകുന്നത്.
ലോകവിപണിയിൽ ഇന്നു രാവിലെ സ്വർണവില അര ശതമാനം ഉയർന്നു. ഔൺസിന് 3255 ഡോളറിലേക്കു സ്വർണം കയറി. കേരളത്തിൽ ആഭരണ സ്വർണം പവന് 160 രൂപ കുറഞ്ഞ് 70,040 രൂപയായി.
ക്രൂഡ് ഓയിൽ വില സാവധാനം കയറുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 62.62 ഡോളറിൽ എത്തി.