

പശ്ചിമേഷ്യൻ സമാധാന നീക്കങ്ങളിൽ പ്രതീക്ഷയ്ക്കു വക കാണാത്തത് ഇന്ത്യൻ വിപണിയെ വീണ്ടും ദുർബലമാക്കി. വിപണി തുടക്കം മുതൽ ചാഞ്ചാട്ടത്തിലാണ്.
രാവിലെ സെൻസെക്സ് 78,203 വരെ താഴുകയും 78,733 വരെ കയറുകയും ചെയ്തു. നിഫ്റ്റി 24,241 നും 24,420 നുമിടയിൽ കയറിയിറങ്ങി. വിശാലവിപണി കൂടുതൽ താഴ്ന്നു. ബാങ്ക്, ധനകാര്യ ഓഹരികൾ മുന്നേറ്റത്തിനു ശ്രമിച്ചു. റിയൽറ്റി, ഐടി, മെറ്റൽ, ഓയിൽ മേഖലകളാണു കൂടുതൽ താഴ്ചയിലായത്.
വിൽപനയുടെ എണ്ണത്തിലും വരുമാനത്തിലും ലാഭത്തിലും വലിയ മുന്നേറ്റം നടത്തിയ നാലാം പാദ റിസൽട്ടിനെ തുടർന്ന് പോപ്പുലർ വെഹിക്കിൾസ് ഓഹരി 13 ശതമാനം കുതിച്ചു.
ഐസിഐസിഐ ബാങ്ക് റിസൽട്ട് പ്രതീക്ഷയിലും മെച്ചമായി. ഓഹരിക്കു മോർഗൻ സ്റ്റാൻലി 1720 ഉം ബേൺസ്റ്റൈൻ 1550 ഉം ജെഫറീസ് 1670 ഉം സിഎൽഎസ്എ 1700 ഉം സിറ്റി 1720 ഉം യുബിഎസ് 1600 ഉം ജെപി മോർഗൻ 1600 ഉം കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് 1800 ഉം രൂപ ലക്ഷ്യവില നിശ്ചയിച്ചു. ഓഹരി രണ്ടു ശതമാനം ഉയർന്നു.
എച്ച്ഡിഎഫ്സി ബാങ്കിൻ്റെ മികച്ച നാലാം പാദ റിസൽട്ടിനെ തുടർന്നു മിക്ക ബ്രോക്കറേജുകളും വാങ്ങൽ ശിപാർശ നൽകി. ബേൺസ്റ്റൈൻ 1150 ഉം മോർഗൻ സ്റ്റാൻലി 1025 ഉം സിഎൽഎസ്എ 1200 ഉം നൊമുറ 950 ഉം യുബിഎസ് 1175 ഉം ജെപി മോർഗൻ 990 ഉം രൂപയാണു ലക്ഷ്യവില നിർണയിച്ചത്. ഓഹരി ഒരു ശതമാനത്തിലധികം താഴ്ന്നു.
യെസ് ബാങ്ക് നാലാം പാദ റിസൽട്ട് പ്രതീക്ഷകൾ മറികടന്നു. ഓഹരി 20.71 രൂപ വരെ ഉയർന്നു.
ട്രെൻ്റ് ലിമിറ്റഡ് ആദ്യമായി ബോണസ് ഇഷ്യു നടത്തുന്നു. ബുധനാഴ്ച ചേരുന്ന ബോർഡ് യോഗം ഏത് അനുപാതത്തിൽ ബോണസ് ഓഹരി നൽകണം എന്നു തീരുമാനിക്കും. ഓഹരി രണ്ടു ശതമാനം ഉയർന്നു.
ജിയോ ഫിനാൻഷ്യൽ റിസൽട്ട് പ്രതീക്ഷയോളം നന്നായില്ല. ഓഹരി നാലു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നും തുടക്കത്തിൽ മികച്ച നേട്ടമുണ്ടാക്കി. ഡോളർ 22 പൈസ (0.20 ശതമാനം) താഴ്ന്ന് 92.71 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 92.81 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ രാവിലത്തെ ഇടിവിൽ നിന്നു കയറി ഔൺസിന് 4795 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 360 രൂപ കുറഞ്ഞ് 1,13,880 രൂപയായി.
ക്രൂഡ് ഓയിൽ ഉയർന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 95.48 ഡോളറിലായി. ഡബ്ള്യുടിഐ ഇനം 88.85 ഡോളറിൽ എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine