

ഏഴു ദിവസം തുടർച്ചയായി താഴ്ന്ന ഇന്ത്യൻ ഓഹരി വിപണി ഇന്നു കയറ്റത്തിലായി. നിഫ്റ്റി 24,226 ഉം സെൻസെക്സ് 77,514 ഉം വരെ ഉയർന്നു.
ഐടി, ബാങ്ക്, ധനകാര്യ, റിയൽറ്റി, കൺസ്യൂമർ ഡ്യുറബിൾസ് തുടങ്ങിയവ നേട്ടത്തിനു മുന്നിൽ നിന്നു.
ബജാജ് ഫിനാൻസ് ഓഹരിക്ക് 1270 രൂപ ലക്ഷ്യവില നിർണയിച്ച നൊമുറ വാങ്ങൽ ശിപാർശ നൽകി.
സിറ്റി വോഡഫോൺ ഐഡിയ വാങ്ങാൻ ശിപാർശ ചെയ്തു. 17 രൂപയാണ് അവർ ലക്ഷ്യവില നിർണയിച്ചത്.
ഗോദ്റെജ് കൺസ്യൂമറിന് ഗോൾഡ്മാൻ സാക്സ് 1175 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങൽ ശിപാർശ നൽകി.
ഹ്യൂണ്ടായി മോട്ടോർ ഇന്ത്യ ഈ വർഷത്തെ മൂന്നാമത്തെ വിലവർധന പ്രഖ്യാപിച്ചു. ശരാശരി ഒരു ശതമാനമാണു വർധന.
എംവീ ഫോട്ടോവോൾട്ടായിക്കിന് ജെഫറീസ് 440 രൂപ ലക്ഷ്യവില നിർണയിച്ചു. ഓഹരി അഞ്ചു ശതമാനം കുതിച്ചു.
പഞ്ചസാര ഓഹരികൾ ഇന്നും വലിയ മുന്നേറ്റം നടത്തി. ബജാജ് ഹിന്ദുസ്ഥാൻ, ധാംപുർ, ദ്വാരികേശ്, രാജശ്രീ, റാണാ, അവധ്, മഗധ്, ശക്തി, ശ്രീ രേണുക, ഡാൽമിയ ഭാരത് തുടങ്ങിയവ നാലു മുതൽ എട്ടു വരെ ശതമാനം ഉയർന്നു.
സ്വർണവില കുതിച്ചു കയറിയതിനെ തുടർന്ന് മുത്തൂറ്റ്, മണപ്പുറം തുടങ്ങിയ സ്വർണപ്പണയ കമ്പനികൾ നാലു ശതമാനം വരെ കയറി. ആദിത്യ ബിർല കാപ്പിറ്റൽ സ്വർണപ്പണയ രംഗത്തേക്കു കടക്കുന്നതായി പ്രഖ്യാപിച്ചു. ഇതിനായി ആയിരം ശാഖകൾ തുറക്കും.
ഇന്നലെ 35 ശതമാനം ഉയർന്ന് ലിസ്റ്റ് ചെയ്ത ഷിപ് റോക്കറ്റിൽ ഗോൾഡ്മാൻ സാക്സ് 53 കോടി രൂപ നിക്ഷേപിച്ചു. ഓഹരി ഇന്നും ഗണ്യമായി ഉയർന്നു.
റിസർവ് ബാങ്ക് പണനയ കമ്മിറ്റിയുടെ മിനിറ്റ്സ് ഇക്കൊല്ലം റീപോ നിരക്ക് കൂട്ടുമെന്നു സൂചിപ്പിച്ചത് കടപ്പത്ര വിലകൾ താഴ്‌ത്തി, കടപ്പത്രങ്ങളിലെ നിക്ഷേപനേട്ടം ഉയർത്തി.
രൂപ ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 19 പൈസ താഴ്ന്നു 95.56 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീടു 95.65 രൂപയായി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 4495 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 3160 രൂപ വർധിച്ച് 1,16,800 രൂപ ആയി.
രാവിലെ 92.2 ഡോളർ വരെ എത്തിയ ക്രൂഡ് ഓയിൽ വില താഴ്ന്നു. ബ്രെൻ്റ് ഇനം 91.88 ഡോളറിലും ഡബ്ള്യുടിഐ ഇനം 85.92 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine