
വിപണി കഴിഞ്ഞ ദിവസങ്ങളിലെ ആശങ്കകൾ അകറ്റി. രാവിലെ ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു മികച്ച നേട്ടത്തിലേക്കു മാറി.
കഴിഞ്ഞ ദിവസങ്ങളിലെ നഷ്ടം നികത്തുന്ന രീതിയിലാണു വിപണി ആദ്യമണിക്കൂറിൽ നീങ്ങിയത്. പിന്നീട് അൽപം പിന്നോട്ടു പോയി. നിഫ്റ്റി 100 പോയിൻ്റ് വരെ കയറിയ ശേഷമാണ് താഴ്ന്നത്. ലോകവിപണിയിൽ ക്രൂഡ് ഓയിൽ വില 77 ഡോളറിനു മുകളിൽ കയറിയതാണു സൂചികകളെ താഴ്ത്തിയത്.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നു ഗണ്യമായ മുന്നേറ്റം കാണിച്ചു.
ഐടിയും മീഡിയയും കൺസ്യൂമർ ഡ്യുറബിൾസും ഒഴികെ എല്ലാ മേഖലകളും ഇന്നു രാവിലെ കയറ്റത്തിലാണ്. റിയൽറ്റിയും പിഎസ് യു ബാങ്കുകളും കയറ്റത്തിനു മുന്നിൽ നിന്നു.
പ്രോജക്ട് ഫിനാൻസിംഗ് വ്യവസ്ഥകൾ റിസർവ് ബാങ്ക് ലഘൂകരിച്ചത് പവർ ഫിനാൻസ് കോർപറേഷൻ, ഐആർഎഫ്സി, ആർഇസി, ഐആർഇഡിഎ, ഹഡ്കോ തുടങ്ങിയവയെ ആറു ശതമാനം വരെ ഉയർത്തി.
ബജാജ് ഓട്ടോയും ഹീറോ മോട്ടോകോർപും രണ്ടു ശതമാനത്തിലധികം ഇടിഞ്ഞു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര രണ്ടര ശതമാനം ഉയർന്നു.
ഡിഎംകെ നേതാവായിരുന്ന മുരശൊലി മാരൻ്റെ മക്കൾ ദയാനിധിയും കലാനിധിയും തമ്മിൽ വഴക്കായത് സൺ ടിവി ഓഹരിയെ അഞ്ചു ശതമാനം വരെ താഴ്ത്തി. അമ്മയെ പറഞ്ഞു പറ്റിച്ച് കലാനിധി മാരൻ മഹാഭൂരിപക്ഷം ഓഹരികൾ തട്ടിയെടുത്തു എന്നാണു ദയാനിധിയുടെ പരാതി. വിഷയം കോടതിയിലേക്കു നീങ്ങുകയാണ്.
നെസ്‌ലെ ഇന്ത്യയുടെ ബോണസ് ഇഷ്യു തീരുമാനിക്കാൻ 26 നു ബോർഡ് യോഗം ചേരും. കമ്പനി ഇതാദ്യമാണ് ബോണസ് ഇഷ്യു നടത്തുന്നത്. ഓഹരി രണ്ടു ശതമാനം ഉയർന്നു.
നോർത്തേൺ ആർക്കിൻ്റെ 13.84 ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ കൈമാറ്റം ചെയ്തു. ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.
ദിവസങ്ങൾക്കു ശേഷം രൂപ ഇന്നു നേട്ടത്തിലായി. ഡോളർ 10 പൈസ കുറഞ്ഞ് 86.62 രൂപയിൽ ഓപ്പൺ ചെയ്തു. 86.57 രൂപയിലേക്കു താഴ്ന്നിട്ട് 86.66 രൂപ വരെ ഉയർന്നു.
ലോക വിപണിയിൽ സ്വർണം ഔൺസിന് 3350 ഡോളറിനു താഴെ എത്തിയിട്ട് കയറി 3354 ,ൽ നിൽക്കുന്നു. കേരളത്തിൽ ആഭരണ സ്വർണം പവന് 440 രൂപ കുറഞ്ഞ് 73,680 രൂപയായി.
ക്രൂഡ് ഓയിൽ വില കുറഞ്ഞു വരികയാണ്. ബ്രെൻ്റ് ഇനം ബാരലിന് 76.88 ഡോളറിൽ എത്തിയിട്ടു തിരിച്ചു കയറി 77.22 ഡോളർ ആയി.