
രാവിലെ നേട്ടത്തിൽ ആരംഭിച്ച വിപണി പെട്ടെന്നു തന്നെ ചാഞ്ചാട്ടത്തിലേക്കു മാറി, പിന്നീട് താഴ്ചയിലേക്കും. മുഖ്യ സൂചികകൾ മാത്രമല്ല മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഇന്നു താഴ്ചയിലാണ്.
ഐടി കമ്പനികൾ ഇന്നു നേട്ടത്തിലായി. യുഎസ് വിപണിയിൽ നിന്നുള്ള സൂചനകളാണ് ഐടിയെ കയറ്റുന്നത്. കോഫോർജ്, പെഴ്സിസ്റ്റൻ്റ്, എംഫസിസ് തുടങ്ങിയ മിഡ് ക്യാപ്പുകളാണു കൂടുതൽ നേട്ടം ഉണ്ടാക്കിയത്.
മെറ്റൽ ഓഹരികളും രാവിലെ നേട്ടത്തിലായി. ടാറ്റാ സ്‌റ്റീൽ, സെയിൽ, ലോയ്ഡ്സ് മെറ്റൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയവ നേട്ടത്തിനു മുന്നിൽ നിന്നു. ചൈന പലിശ കുറച്ചതു സ്‌റ്റീൽ ഡിമാൻഡ് കൂട്ടും എന്നാണു പ്രതീക്ഷ.
പ്രതിരോധ ഓഹരികൾ താഴ്ചയിലാണ്. സമീപപാദങ്ങളിലെ അവയുടെ ലാഭമാർജിനും ലാഭ വളർച്ചയും നിലനിർത്താൻ പറ്റുന്നതല്ലെന്നു കുറേ ബ്രോക്കറേജുകൾ പറയുന്നതിനു വിപണിയിൽ സ്വീകാര്യത ലഭിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി ആറു ശതമാനം ഇടിഞ്ഞു. മസഗാേൺ ഡോക്കും ഗാർഡൻ റീച്ചും മൂന്നു ശതമാനം വീതം താഴ്ന്നു.
ലാഭം ഇരട്ടിയോളമാക്കിയ റിസൽട്ടിനെ തുടർന്ന് ഫൈസർ ഇന്ത്യ ഓഹരി 11 ശതമാനം കുതിച്ചു.
ടെക്നോളജി സൊലൂഷൻസ് കമ്പനിയായ റെഡിംഗ്ടൺ മികച്ച നാലാം പാദ റിസൽട്ടിനെ തുടർന്ന് എട്ടര ശതമാനം കുതിച്ചു. കമ്പനി വരുമാനം 17 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 183 ശതമാനം ഉയർത്തി.
രൂപ ഇന്നും ചാഞ്ചാട്ടത്തിലാണ്. ഡോളർ 85.54 രൂപയിൽ വ്യാപാരം തുടങ്ങിയിട്ട് 85.46 രൂപയിലേക്കു താഴ്ന്നു.
സ്വർണം ലോക വിപണിയിൽ വലിയ ഇടിവിലാണ്. ഔൺസിന് 3207 ഡോളറിലേക്കു സ്വർണം താഴ്ന്നു, പിന്നീട് 3213 ഡോളറിലേക്കു കയറി. കേരളത്തിൽ സ്വർണം പവന് 360 രൂപ കുറഞ്ഞ് 69,680 രൂപയായി.
ക്രൂഡ് ഓയിൽ വില സാവധാനം കയറുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 65.50 ഡോളറിൽ എത്തി.