

വിപണി നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ടു ഗണ്യമായി താഴ്ന്നു, വീണ്ടും കയറി. നിഫ്റ്റി രാവിലെ 90 പോയിൻ്റ് ഉയർന്ന് 25,142 ൽ വ്യാപാരം ആരംഭിച്ചിട്ട് 25,054 വരെ താഴ്ന്നു. 82,220 ൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് 81,921 വരെ താഴ്ന്നിട്ടു തിരിച്ചു കയറി.
ഐടി, എഫ്എംസിജി ഓഹരികൾ ഇന്നു താഴ്ചയിലാണ്. റിയൽറ്റി, ഓയിൽ - ഗ്യാസ്, മെറ്റൽ, ബാങ്ക്, ധനകാര്യ ഓഹരികൾ കയറ്റത്തിലാണ്.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഉയർന്നു.
പ്രൊമോട്ടർ ഗ്രൂപ്പ് 24 ശതമാനം ഓഹരി വിൽക്കുന്നു എന്ന റിപ്പോർട്ടിനെ തുടർന്നു ക്ലീൻ സയൻസ് ഓഹരി ഒൻപതു ശതമാനം ഇടിഞ്ഞു. പിന്നീടു കമ്പനി രണ്ടര ശതമാനം നേട്ടത്തിലേക്കു കയറിയിട്ടു വീണ്ടും താഴ്ചയിലായി. വിപണിവിലയിലും 12 ശതമാനം താഴ്ത്തിയാണ് വിൽപനയ്ക്കു തറവില നിശ്ചയിച്ചത്.
വന്ദേഭാരത് കോച്ചുകൾ നിർമിക്കാൻ 210 കോടി രൂപയുടെ കരാർ ലഭിച്ചത് ജൂപ്പിറ്റർ വാഗൺസ് ഓഹരിയെ 11 ശതമാനം ഉയർത്തി.
ഇൻഡിഗാേ വിമാന സർവീസ് നടത്തുന്ന ഇൻ്റർഗ്ലോബ് ഏവിയേഷനു കൊട്ടക് സെക്യൂരിറ്റീസ് റേറ്റിംഗ് താഴ്ത്തി. ലക്ഷ്യവില കുറച്ചു. ഓഹരി രാവിലെ രണ്ടു ശതമാനത്തോളം താണു. കമ്പനി വലിയ മൂലധന നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ 30 ശതമാനത്തിലധികം കുതിച്ച ഒല ഇലക്ട്രിക് ഇന്നു രാവിലെ അഞ്ചു ശതമാനം ഇടിഞ്ഞു.
ഇൻഷ്വറൻസ് ഓഹരികൾ ഇന്നു നേട്ടം കുറിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ താഴ്ന്ന ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ഏഴു ശതമാനത്തോളം ഉയർന്നു. ലൈഫ്, ഹെൽത്ത് ഇൻഷ്വറൻസുകളുടെ പ്രീമിയത്തിനു ജിഎസ്ടി ഒഴിവാക്കാൻ മന്ത്രിതല സമിതി ശിപാർശ ചെയ്തിട്ടുണ്ട്.
പിവിസി പൈപ്പുകൾക്കു ഡിമാൻഡ് വർധിച്ചു വരുന്നതായ ബ്രോക്കറേജ് റിപ്പോർട്ടിനെ തുടർന്ന് പ്രിൻസ് പൈപ്പ്സ് ഏഴു ശതമാനം കയറി.
ഓൺലൈൻ റിയൽ മണി ഗെയിമുകൾ വിലക്കാനുള്ള ബിൽ ലോക്‌സഭ പാസാക്കിയതിനെ തുടർന്ന് ഇന്നലെ നഷ്ടത്തിലായിരുന്ന നസാറ ടെക്നോളജീസ് ഇന്ന് പത്തു ശതമാനം കൂടി ഇടിഞ്ഞു. ഓൺലൈൻ മണി ഗെയിമുകൾ നടത്തുന്ന കമ്പനിയിൽ നസാറയ്ക്ക് 49 ശതമാനം ഓഹരി ഉണ്ട്.
രൂപ ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ നാലു പൈസ താഴ്ന്ന് 87.03 രൂപയിൽ ഓപ്പൺ ചെയ്തു. താമസിയാതെ 86.93 രൂപ ആയി.
സ്വർണം ലോകവിപണിയിൽ 3338 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 400 രൂപ വർധിച്ച് 73,840 രൂപയായി.
ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടരുന്നു. ബ്രെൻ്റ് ഇനം ബാരലിന് 67.13 ഡോളർ വരെ ഉയർന്നു
Stock market midday update on 21 August 2025.
Read DhanamOnline in English
Subscribe to Dhanam Magazine