തകർച്ച തുടരുന്നു; നിഫ്റ്റി 25,100 നു താഴെ, ഐ.ടി, കൺസ്യൂമർ ഡ്യുറബിൾസ് ഇടിവില്‍; രൂപയ്ക്കും വീഴ്ച

ആഗോള സംഘർഷ ഭീതിക്കൊപ്പം ഇന്ത്യൻ കമ്പനികളുടെ ദുർബലമായ മൂന്നാം പാദ റിസൽട്ടുകളും തകർച്ചയ്ക്കു കാരണമാണ്
stock market trading
canva
Published on

ആശ്വാസറാലി പ്രതീക്ഷിച്ച വിപണിക്കു നിരാശ. ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ശേഷം അൽപസമയം നേട്ടത്തിൽ നിന്നെങ്കിലും പിന്നീട് സൂചികകൾ വലിയ താഴ്ചയിലായി. നിഫ്റ്റി കഴിഞ്ഞ ഒക്‌ടോബറിനു ശേഷം ആദ്യമായി 25,100 നു താഴെ എത്തി. സെൻസെക്സ് 81,700 നു താഴെ വന്നു. മുഖ്യ സൂചികകൾ 0.55 ശതമാനം നഷ്‌ടത്തിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒന്നേകാൽ ശതമാനം വരെ ഇടിഞ്ഞു.

ആഗോള സംഘർഷ ഭീതിക്കൊപ്പം ഇന്ത്യൻ കമ്പനികളുടെ ദുർബലമായ മൂന്നാം പാദ റിസൽട്ടുകളും തകർച്ചയ്ക്കു കാരണമാണ്. വിദേശനിക്ഷേപകർ വിൽപന തുടരുന്നതും രൂപയുടെ ഇടിവും വിപണിയുടെ വീഴ്ചയ്ക്ക് ആക്കം കൂട്ടുന്നു. 

എല്ലാ വ്യവസായ മേഖലകളും തളർച്ചയിലായ ഇന്ന് ഐടി, കൺസ്യൂമർ ഡ്യുറബിൾസ് , മീഡിയ എന്നിവയാണു കൂടുതൽ ഇടിഞ്ഞത്.

പെർസിസ്റ്റൻ്റ് സിസ്റ്റംസ് ഓഹരിയുടെ ലക്ഷ്യവില വിദേശ ബ്രോക്കറേജ് സിഎൽഎസ്എ 8865 രൂപയായി ഉയർത്തി. 40 ശതമാനം വിലവർധനയാണ് ഇതിൽ സൂചിപ്പിക്കുന്നത്. എച്ച്എസ്ബിസി വെറും നാലു ശതമാനം നേട്ടം സൂചിപ്പിച്ച് ലക്ഷ്യവില 6560 രൂപയാക്കി. നൊമുറ മൂന്നു ശതമാനം ഇടിവ് സൂചിപ്പിച്ച് ലക്ഷ്യവില 6100 രൂപയായി നിശ്ചയിച്ചു. ഓഹരി രാവിലെ ഇടിഞ്ഞ ശേഷം നാലു ശതമാനം തിരിച്ചു കയറി 6380 രൂപയിൽ എത്തി. പിന്നീടു നാലു ശതമാനം താഴ്ചയിൽ എത്തി.

മിക്കവാറും ഐടി കമ്പനികൾ ഇന്നും താഴ്ചയിലാണ്. കോഫോർജ് 3.51 ഉം മൈൻഡ് ട്രീ 2.2 ഉം ഓറക്കിൾ 1.2 ഉം ശതമാനം താഴ്ന്നു. ഐടി സൂചിക 1.02 ശതമാനം ഇടിവിലാണ്. ഇൻഫി, എച്ച്സിഎൽ, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയവ താഴ്‌ന്നു നീങ്ങുന്നു.

റിസൽട്ട് മോശമായതിനെ തുടർന്നു സുപ്രീം പെട്രോകെം രാവിലെ എട്ടു ശതമാനം ഇടിഞ്ഞ ശേഷം രണ്ടു ശതമാനം നേട്ടത്തിലേക്കു കയറി. റിസൽട്ട് ദുർബലമായ ഷോപ്പേഴ്സ് സ്‌റ്റോപ്പ് ഓഹരി രാവിലെ 11 ശതമാനം ഇടിഞ്ഞിട്ടു നഷ്‌ടം നാലു ശതമാനമായി കുറച്ചു. 

ലാഭവും ലാഭമാർജിനും വലിയ വളർച്ച നേടിയതിനെ തുടർന്ന് മൈക്രോ ഫിനാൻസ് കമ്പനി ക്രെഡിറ്റ് ആക്സസ് ഗ്രാമീൺ ലിമിറ്റഡ് രാവിലെ 10 ശതമാനത്തോളം കുതിച്ചു കയറി.

ബർഗർ കിംഗ് ഇന്ത്യ ഫ്രഞ്ചൈസി ആയ റസ്റ്റോറൻ്റ് ബ്രാൻഡ്സ് ഏഷ്യയെ ഏറ്റെടുക്കാൻ ഇൻസ്പിര ഗ്ലോബൽ ഗ്രൂപ്പ് ഒരുങ്ങുന്നതായി കമ്പനി അറിയിച്ചു. 1960 കോടി രൂപയ്ക്ക് ഇൻസ്പിര ഭൂരിപക്ഷ ഓഹരി വാങ്ങും. എവർസ്റ്റോൺ ഗ്രൂപ്പിൻ്റെ ഓഹരികളും പുതിയ ഓഹരികളും വാങ്ങിയാണ് ഇടപാട്. ആയുഷ് അഗർവാൾ പ്രൊമോട്ട് ചെയ്ത ഇൻസ്പിര ഗ്ലോബൽ 250 ലേറെ ചൈനീസ് റസ്റ്റോറൻ്റുകൾ നടത്തുന്നുണ്ട്.

രൂപ ഇന്നു റെക്കോർഡ് താഴ്ചയിലായി. ഡോളർ 10 പൈസ ഉയർന്ന് 91.08 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 91.36 രൂപയിലേക്കു ഡോളർ കയറി.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4867 ഡോളറിലേക്കു കുതിച്ചു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 3680 രൂപ കയറി 1,13,520 രൂപയിൽ എത്തി. ഈ മാസം ഇതുവരെ പവന് 13,920 രൂപ വർധിച്ചിട്ടുണ്ട്. എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,54,710 രൂപ വരെ കയറി റെക്കോർഡ് തിരുത്തി.

വെള്ളി ലോകവിപണിയിൽ ഒരു ശതമാനം താഴ്‌ന്ന് ഔൺസിന് 93.86 ഡോളർ ആയി. പിന്നീട് 94.72 ലേക്കു കയറി. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 3,26,487 രൂപയിലേക്കു കയറിയിട്ട് അൽപം താഴ്‌ന്നു.

ക്രൂഡ് ഓയിൽ വില രാവിലത്തെ ഉയർന്ന നിലയിൽ നിന്ന് 0.9 ശതമാനം കുറഞ്ഞു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 64.21 ഡോളർ ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com