
തുടക്കത്തിൽ ചാഞ്ചാടിയ ശേഷം ഇന്ത്യൻ വിപണി നല്ല മുന്നേറ്റം നടത്തി. ഒരു മണിക്കൂറിനകം സെൻസെക്സ് 500 പോയിൻ്റിലധികം ഉയർന്നു.
ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോ, എഫ്എംസിജി, ഹെൽത്ത് കെയർ, റിയൽറ്റി തുടങ്ങിയ മേഖലകൾ രാവിലെ നല്ല നേട്ടം ഉണ്ടാക്കി.
254 കോടി രൂപയുടെ റെയിൽവേ കവച് കരാർ ലഭിച്ച ഇർകോൺ ഓഹരി രണ്ടു ശതമാനം ഉയർന്നു.
ഇന്നലെ ഗണ്യമായി മുന്നേറിയ ഫൈസർ ഇന്ത്യ ഇന്നു മൂന്നു ശതമാനം താഴ്ന്നു.
വിറ്റുവരവ് 15.61 ശതമാനം വർധിപ്പിച്ച വേൾപൂൾ ഇന്ത്യയുടെ അറ്റാദായം 53.63 ശതമാനം വർധിച്ചു. ഓഹരി അഞ്ചു ശതമാനം കുതിച്ചു.
വരുമാനം 121 ശതമാനം വർധിച്ചപ്പോൾ ഡിക്സൺ ടെക്നോളജീസ് അറ്റാദായം 322 ശതമാനം കുതിച്ചു. എന്നാൽ ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.
കെപിആർ മിൽസ് പ്രൊമോട്ടർമാർ 3.2 ശതമാനം ഓഹരി ബ്ലോക്ക് ഡീലിൽ വിൽക്കുന്നു. വിൽപന വില വിപണി വിലയിലും 10 ശതമാനം കുറവാണ്. ഓഹരി ഏഴു ശതമാനം വരെ താഴ്ന്നു.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ നേട്ടവും പിന്നീട് ഇടിവും നേരിട്ട കൊച്ചിൻ ഷിപ്പ് യാർഡ്, മസഗോൺ ഡോക്ക്, ഗർഡൻ റീച്ച് എന്നീ കപ്പൽ നിർമാണ ഓഹരികൾ ഇന്നു രാവിലെ രണ്ടര ശതമാനത്തിലധികം നേട്ടം ഉണ്ടാക്കി. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഡൈനാമിക്സ്, ഡാറ്റാ പാറ്റേൺസ്, തേജസ് നെറ്റ് വർക്സ് തുടങ്ങിയവ നാലു ശതമാനം വരെ ഉയർന്നു.
രൂപ ഇന്ന് ചെറിയ നഷ്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ രണ്ടു പൈസ കൂടി 85.62 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു രൂപ നേട്ടത്തിലായി. ഡോളർ 85.58 രൂപയിലേക്കു താഴ്ന്നു.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3306 ഡോളറിലേക്ക് ഉയർന്നു. കേരളത്തിൽ ആഭരണ സ്വർണം പവന് 1760 രൂപ കൂടി 71,440 രൂപ ആയി.
ക്രൂഡ് ഓയിൽ വില കയറുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 66.51 ഡോളറിൽ എത്തി.