

പശ്ചിമേഷ്യൻ സമാധാനപ്രതീക്ഷയിൽ ഇന്ത്യൻ വിപണി കരുതലോടെ മുന്നേറുന്നു. രാവിലെ അര ശതമാനം ഉയർന്നു വ്യാപാരം തുടങ്ങിയ സൂചികകൾ പിന്നീടു നേട്ടം കുറച്ചു.
ക്രൂഡ് ഓയിൽ ഇന്നലെ രാത്രിയിലെ ക്ലോസിംഗ് നിരക്കിൽ നിന്ന് ഇന്നു രാവിലെ അൽപം ഉയർന്നു.
റിയൽറ്റി, മെറ്റൽ, ബാങ്ക്, ഓട്ടോ, ധനകാര്യ ഓഹരികൾ രാവിലെ മുന്നേറി.
ക്രൂഡ് ഓയിലിൻ്റെ അന്താരാഷ്ട്ര വില കുറയുന്ന സാഹചര്യത്തിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ രണ്ടു ശതമാനം വരെ ഉയർന്നു.
ജേപീ (ജയപ്രകാശ് ) ഗ്രൂപ്പിൻ്റെ രണ്ടു കമ്പനികൾ അദാനി ഗ്രൂപ്പ് പാപ്പർ ലേലത്തിൽ പിടിച്ചു. അദാനി പോർട്‌സ്, ജേപീ ഫെർട്ടിലൈസേഴ്‌സിനെ 1500 കോടി രൂപയ്ക്കു വാങ്ങി. ലോജിസ്റ്റിക്സ് ബിസിനസ് വ്യാപിപ്പിക്കാൻ ഇതു സഹായിക്കും. ജയപ്രകാശ് പവർ വെഞ്ചേഴ്സിൽ ജെ.പി. അസോസിയേറ്റ്സിനുുള്ള 24 ശതമാനം ഓഹരി 2994 കോടി രൂപയ്ക്ക് അദാനി പവർ വാങ്ങി. യുപി ചർക്കിൽ ജേപീയുടെ ഒരു തെർമൽ പ്ലാൻ്റ് 1400 കോടി രൂപയ്ക്കും വാങ്ങി. അദാനി ഗ്രൂപ്പ് കമ്പനികൾ ഉയർന്നു.
പ്രതീക്ഷിച്ചതിലും മോശമായ റിസൽട്ടിനെ തുടർന്നു ജൂബിലൻ്റ് ഫുഡ് എട്ടും ഒല ഇലക്‌ട്രിക് ആറും സാത്വിക് ഗ്രീൻ പത്തും ഇ പായ്ക്ക് ഡ്യൂറബിൾ ഒൻപതും ശതമാനം ഇടിഞ്ഞു.
മികച്ച റിസൽട്ടിനെ തുടർന്ന് മെഡ്പ്ലസ് പന്ത്രണ്ടും ഗ്രാസിം നാലും ഹണിവെൽ ഒൻപതും ഇൻ്റർനാഷണൽ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഏഴും സമ്മാൻ കാപ്പിറ്റൽ പത്തും സംവർധന മദർസൺ മൂന്നും അപ്പോളോ ഹോസ്‌പിറ്റൽസ് നാലും ശതമാനം ഉയർന്നു. പ്രോടിയൻ ഇ ഗവേണൻസ് 20 ശതമാനം കുതിച്ചു.
രൂപ ഇന്നു രാവിലെ മികച്ച മുന്നേറ്റം നടത്തി. ഡോളർ 52 പൈസ (0.54%) കുറഞ്ഞ് 96.30 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് ഡോളർ 96.44 രൂപ വരെ കയറുകയും 96.25 വരെ താഴുകയും ചെയ്തു. ചാഞ്ചാട്ടത്തിനു ശേഷം ഡോളർ 96.06 രൂപയിലേക്കു താഴ്‌ന്നു. ഡോളർ സൂചിക താഴ്ന്നതാണു കാരണം. കഴിഞ്ഞ ദിവസം 99.48 വരെ ഉയർന്ന ഡോളർ സൂചിക ഇന്നു രാവിലെ 99.17 ലാണ്. റിസർവ് ബാങ്ക് വിപണിയിൽ സജീവമാണ്.
സ്വർണം ലോക വിപണിയിൽ ഔൺസിന് 4533 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 800 രൂപ കൂടി 1,16,920 രൂപയായി.
ക്രൂഡ് ഓയിൽ വില രാവിലെ കയറുകയാണ്. ബ്രെൻ്റ് ഇനം ക്രൂഡ് 105.88 ഡോളറിലും ഡബ്ള്യുടിഐ ഇനം 99.19 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine