

ഇന്ത്യൻ വിപണി ഏഷ്യൻ, അമേരിക്കൻ വിപണികളുടെ വഴിയേ നീങ്ങി താഴ്ചയിലായി. തുടക്കത്തിൽ ചെറിയ നഷ്ടത്തിലായിരുന്ന മുഖ്യസൂചികകൾ പിന്നീടു കൂടുതൽ താഴ്ന്നു. ഇടയ്ക്കു തിരിച്ചു കയറൽ ശ്രമം ഉണ്ടായെങ്കിലും ഫലിച്ചില്ല. അമേരിക്കയിലെ ''നിർമിതബുദ്ധി കുമിള'' അല്ല ഇന്ത്യൻ വിപണിയെ താഴ്ത്തുന്നത്. അമേരിക്കയുമായുള്ള വ്യാപാര കരാർ പ്രഖ്യാപനം വൈകുന്നതാണ് പ്രധാന ആശങ്കാ വിഷയം. ഡിസംബറിൽ റിസർവ് ബാങ്ക് പലിശ കുറയ്ക്കാനിടയില്ല എന്ന കിംവദന്തിയും ഓഹരികളെ താഴ്ത്തുന്നു.
നിഫ്റ്റി 26,174 വരെ കയറിയിട്ട് 26,055 വരെ താഴ്ന്നു. സെൻസെക്സ് 85,609 വരെ കയറുകയും 85,195 വരെ താഴുകയും ചെയ്തു.
ബാങ്ക് നിഫ്റ്റി രാവിലെ 59,232 വരെ കയറിയിട്ട് 58,902 വരെ താഴ്ന്നു.
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ മുഖ്യ സൂചികകളേക്കാൾ കൂടുതൽ താഴ്ന്നു.
ഓട്ടോ ഒഴികെ എല്ലാ മേഖലകളും ഇന്നു നഷ്ടത്തിലാണ്. മെറ്റൽ, റിയൽറ്റി, ബാങ്ക്, ധനകാര്യ, ഐടി തുടങ്ങിയവ വലിയ താഴ്ചയിലായി.
നൊമുറ വെൽത്ത് വേദാന്ത ലിമിറ്റഡിന് 686 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങൽ ശിപാർശ നൽകി. സിഎൽഎസ്എയുടെ ലക്ഷ്യവില 580 രൂപയാണ്. ഓഹരി 0.50 ശതമാനം താഴ്ന്നു.
മഹീന്ദ്ര ആൻഡ് മഹീന്ദ്രയ്ക്ക് സിഎൽഎസ്എ 4417 രൂപ ലക്ഷ്യവില ഇട്ടു. ഓഹരി ഒരു ശതമാനം ഉയർന്നു. ജെഫറീസ് 4500 രൂപയും മോട്ടിലാൽ ഓസ്വാൾ 4275 രൂപയുമാണു ലക്ഷ്യവില നിശ്ചയിച്ചത്.
അമേരിക്കൻ ഉപകമ്പനിയായ നൊവേലിസിൻ്റെ ന്യൂയോർക്ക് പ്ലാൻ്റിൽ അഗ്നിബാധ ഉണ്ടായതിനെ തുടർന്ന് ഹിൻഡാൽകോ ഓഹരി മൂന്നു ശതമാനത്തോളം ഇടിഞ്ഞു.
ഇന്നു രണ്ടാം പാദ റിസൽട്ട് പ്രഖ്യാപിക്കാനിരിക്കെ ഗ്രോ (ബില്യൺ ബ്രെയിൻ) ഓഹരി രാവിലെ അഞ്ചര ശതമാനം ഉയർന്നു. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് ഗ്രോ ഓഹരി 18 ശതമാനം ഇടിയുകയും വിപണിമൂല്യം ഒരു ലക്ഷം കോടി രൂപയ്ക്കു താഴെ ആകുകയും ചെയ്തിരുന്നു.
ഇന്നലെ എട്ടു ശതമാനം ഇടിഞ്ഞ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരി രാവിലെ രണ്ട് ശതമാനം ഉയർന്നു. ബുധനാഴ്ചയാണു ബാങ്ക് ഒരു വർഷത്തിനുളളിലെ ഏറ്റവും ഉയർന്ന നിലയായ 41.65 രൂപയിൽ എത്തിയത്. തുടർന്നുണ്ടായ ലാഭമെടുപ്പിലാണ് ഇന്നലെ ഓഹരി ഇടിഞ്ഞത്.
കഴിഞ്ഞ ദിവസം 248.50 രൂപ എന്ന റെക്കോർഡ് കുറിച്ച ശേഷം താഴ്ന്ന ഫെഡറൽ ബാങ്ക് ഓഹരി രാവിലെ ഒരു ശതമാനത്തോളം ഉയർന്നു.
സമുദ്രോൽപ്പന്ന കയറ്റുമതി കമ്പനിയായ അപെക്സ് ഫ്രോസൺ ഫുഡ്സ് രാവിലെ 10 ശതമാനത്തോാളം കുതിച്ചു കയറി.
രൂപ ഇന്നു രാവിലെ ചെറിയ നേട്ടം ഉണ്ടാക്കി. ഡോളർ മൂന്നു പൈസ കുറഞ്ഞ് 88.68 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 88.70 രൂപവരെ കയറിയിട്ട് 88.61 രൂപയിലേക്കു താഴ്ന്നു. ഡോളർ സൂചിക അൽപം താഴ്ന്ന് 100.16 ലാണ്.
സ്വർണം ലോകവിപണിയിൽ കുത്തനേ താഴ്ന്ന് ഔൺസിന് 4054 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 160 രൂപ വർധിച്ച് 91,280 രൂപ ആയി.
ക്രൂഡ് ഓയിൽ ഇടിവ് തുടരുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 62.46 ഡോളർ ആയി കുറഞ്ഞു.
Stock market midday update on 21 november 2025.
Read DhanamOnline in English
Subscribe to Dhanam Magazine