
പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ ഇന്ത്യൻ വിപണി താഴ്ന്നു വ്യാപാരം തുടങ്ങി പിന്നീടു കൂടുതൽ താഴ്ചയിലായി. മുഖ്യസൂചികകൾ 1.1 ശതമാനത്തിലധികം ഇടിഞ്ഞു. വെള്ളിയാഴ്ച വിപണി ഉണ്ടാക്കിയ നേട്ടമെല്ലാം നഷ്ടപ്പെടുത്തുന്ന വീഴ്ചയാണു രാവിലെ കാണുന്നത്.
ക്രൂഡ് ഓയിൽ വില രാജ്യാന്തര വിപണിയിൽ ഉയരുന്ന സാഹചര്യത്തിൽ ഒഎൻജിസി, ഓയിൽ ഇന്ത്യ ഓഹരികൾ ഒരു ശതമാനം ഉയർന്നു. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ താഴ്ന്നു.
യുദ്ധ സാഹചര്യവും ആക്സഞ്ചറിൻ്റെ മൂന്നാം വാദ റിസൽട്ടും ഐടി മേഖലയെ വലിച്ചു താഴ്ത്തി. ആക്സഞ്ചർ മൂന്നാം പാദ വരുമാനവും ലാഭവും പ്രതീക്ഷയേക്കാൾ കൂടുതലായിരുന്നിട്ടും വെള്ളിയാഴ്ച ന്യൂയോർക്ക് വിപണിയിൽ ഓഹരി 11 ശതമാനം വരെ ഇടിഞ്ഞു. കമ്പനി നാലാം പാദ പ്രതീക്ഷ ഉയർത്തിയെങ്കിലും പുതിയ കരാറുകൾ കുറവായതു മൂലമാണ് ഓഹരി താഴ്ന്നത്. ആക്സഞ്ചർ ഏഴു ശതമാനം നഷ്ടത്തിൽ ക്ലോസ് ചെയ്തു. ഇന്ന രാവിലെ വിപണിയിൽ ഐടി സൂചിക ഒന്നേകാൽ ശതമാനം ഇടിഞ്ഞു.
പ്രതിരോധ ഓഹരികൾ ഇന്നു രാവിലെ ഉയർന്നു. കൊച്ചിൻ ഷിപ്പ് യാർഡ്, ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ്, മസഗാേൺ ഡോക്ക്, എച്ച് എ എൽ, ഭാരത് ഡൈനാമിക്സ്, ഭാരത് ഇലക്ട്രോണിക്സ്, പരസ് ഡിഫൻസ് തുടങ്ങിയവ മൂന്നര ശതമാനം വരെ ഉയർന്നു.
0.48 ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ കൈമാറ്റം ചെയ്തതിനെ തുടർന്ന് ഒല ഇലക്ട്രിക് ഓഹരി അഞ്ചു ശതമാനത്തോളം ഇടിഞ്ഞു.
ആമസോൺ മെഡിക്കൽ ഡയഗ്നോസ്റ്റിക് രംഗത്തേക്ക് കടക്കുന്നു എന്ന റിപ്പോർട്ട് ഡോ. ലാൽ പാഥ് ലാബ്സ്, മെട്രോപ്പാേലിസ് ഹെൽത്ത്, കൃഷ്ണാ ഡയഗ്നോസ്റ്റിക്സ് തുടങ്ങിയവ രണ്ടു ശതമാനത്തോളം താഴ്ന്നു.
രൂപ ഇന്നും താഴ്ന്നാണു വ്യാപാരം തുടങ്ങിയത്. ഡോളർ 17 പൈസ കൂടി 86.76 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 86.68 രൂപയായി കുറഞ്ഞു.
രാവിലെ ഔൺസിന് 3350 ഡോളർ വരെ താഴ്ന്ന സ്വർണം പിന്നീട് 3363 ഡോളറിലായി. കേരളത്തിൽ ആഭരണ സ്വർണം പവന് 40 രൂപ കുറഞ്ഞ് 73,840 രൂപയായി.
ക്രൂഡ് ഓയിൽ പുലർച്ചെ ഉയർന്നെങ്കിലും പിന്നീടു താഴ്ന്നു. ആദ്യം മൂന്നു ശതമാനം ഉയർന്ന ബ്രെൻ്റ് ഇനം ക്രൂഡ് പിന്നീട് 1.60 ശതമാനം നേട്ടവുമായി 78.42 ഡോളറിലാണ്.