താഴ്ചയിൽ നിന്നു നേട്ടത്തിലേക്ക്; ഫാർമസ്യൂട്ടിക്കൽ ഓഹരികൾ മുന്നേറ്റത്തില്‍, വെള്ളി ഇടിഎഫുകള്‍ ഇടിവില്‍

ഐടി ഓഹരികൾ ഇന്നു താഴ്ചയിലാണ്. ഇന്നലെയും യുഎസ് വിപണിയിൽ ടെക് ഓഹരികൾ ഇടിഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യൻ വിപണിയിലെ വീഴ്ച
stock market watching
Image by Canva
Published on

വിപണി ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയിട്ടു നേട്ടത്തിലേക്കു മാറി. താഴ്ന്ന നിലയിൽ നിന്ന് നിഫ്റ്റി 90 പോയിൻ്റും സെൻസെക്സ് 290 പോയിൻ്റും തിരിച്ചു കയറി. ബാങ്ക് നിഫ്റ്റി തുടക്കത്തിൽ താഴ്ന്ന ശേഷം നേട്ടത്തിൽ തിരിച്ചെത്തി.

ഐടി ഓഹരികൾ ഇന്നു താഴ്ചയിലാണ്. ഇന്നലെയും യുഎസ് വിപണിയിൽ ടെക് ഓഹരികൾ ഇടിഞ്ഞ സാഹചര്യത്തിലാണ് ഇന്ത്യൻ വിപണിയിലെ വീഴ്ച. ഇൻഫോസിസും ടിസിഎസും അടക്കമുള്ള ഓഹരികൾ രണ്ടു ശതമാനത്തിലധികം താഴ്ന്നു.

ഫാർമസ്യൂട്ടിക്കൽ ഓഹരികൾ ഇന്നു നല്ല കയറ്റത്തിലാണ്. പിരമൾ ഫാർമ ഒൻപതു ശതമാനം ഉയർന്നു. എം ക്യുവർ ഫാർമ ആറു ശതമാനം നേട്ടം ഉണ്ടാക്കി.

ടൈറ്റൻ കമ്പനിക്ക് 5600 രൂപ ലക്ഷ്യവില ഇട്ട യുബിഎസ് വാങ്ങൽ ശിപാർശ നൽകി.

ഒന്നിന് 292 രൂപവച്ച് 1.78 ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ കൈമാറിയതിനെ തുടർന്നു വേദാന്ത ലിമിറ്റഡ് ഓഹരി ആറര ശതമാനം ഇടിഞ്ഞു. 2192 കോടി രൂപയുടെ ഇടപാടാണു നടന്നത്.

ഡാറ്റാ സെൻ്റർ പ്രോജക്റ്റിനു ബായ്ക്കപ് പവർ സംവിധാനത്തിനുള്ള കരാർ ലഭിച്ചതിനെ തുടർന്ന് ഇന്നലെ 20 ശതമാനം കുതിച്ച കിർലോസ്കർ ഓയിൽ എൻജിൻസ് ഇന്നു 13 ശതമാനം കയറി.

ജിയോ പ്ലാറ്റ്ഫോംസ് ഐപിഒ റിലയൻസിൻ്റെ പുസ്തകമൂല്യം ഗണ്യമായി ഉയർത്തുമെന്നു വിലയിരുത്തിയ ബ്രോക്കറേജുകൾ ഓഹരിക്ക് 1650 -1700 രൂപ ലക്ഷ്യവില നിർണയിച്ചു.

രാജ്യാന്തര വിപണിയിൽ വെള്ളിവില താഴുന്ന സാഹചര്യം ഹിന്ദുസ്ഥാൻ സിങ്ക് ഓഹരിയെ മൂന്നു ശതമാനം താഴ്ത്തി.

വെള്ളി ഇടിഎഫുകളുടെ വില ഇന്നു നാലു ശതമാനത്തിലധികം ഇടിഞ്ഞു.

ഹിൻഡാൽകോ, നാൽകോ, ഹിന്ദുസ്ഥാൻ കോപ്പർ തുടങ്ങിയ മെറ്റൽ കമ്പനികളും ഇന്നു താഴ്ചയിലായി.

രൂപ ഇന്നു തുടക്കത്തിൽ ദുർബലമായി. ഒരു പൈസ കൂടി 94.69 രൂപയിൽ ഓപ്പൺ ചെയ്ത ഡോളർ 94.73 രൂപയിലേക്കു കയറി. പിന്നീട് 94.64 രൂപയിലേക്കു താഴ്ന്നു

സ്വർണം ലോക വിപണിയിൽ ഔൺസിന് 4138 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1520 രൂപ ഇടിഞ്ഞ് 1,07,000 രൂപ ആയി.

ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. ബ്രെൻ്റ് ഇനം 77.52 ഡോളറിലും ഡബ്ള്യുടിഐ ഇനം 73.63 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com