വിപണി വീഴ്ച കൂടുതൽ ആഴത്തിലേക്ക്, സെൻസെക്സ് 72,800 നും താഴെ, ബാങ്ക്, ഒ.എം.സി ഓഹരികള്‍ ഇടിവില്‍

വ്യവസായങ്ങൾക്കുള്ള ഡീസലിന് 25 ശതമാനം വിലവർധിപ്പിച്ചത് കയറ്റുമതി യൂണിറ്റുകൾ അടക്കമുള്ള വ്യവസായങ്ങളുടെ ഓഹരികളെ താഴ്ചയിലാക്കി
Stock market trading via mobile
Demat account Image : Canva
Published on

ഏഷ്യൻ വിപണികളുടെ ചുവടു പിടിച്ച് ഇന്ത്യൻ വിപണിയും ഇന്ന് ഇടിഞ്ഞു. നിഫ്റ്റി 22,600 നും സെൻസെക്സ് 72, 800 നും താഴെയായി. മുഖ്യ സൂചികകൾ 2.5 ശതമാനത്തോളം താഴെ എത്തി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 3.5 ശതമാനത്തോളം ഇടിഞ്ഞു.

വ്യവസായങ്ങൾക്കുള്ള ഡീസലിന് 25 ശതമാനം വിലവർധിപ്പിച്ചത് കയറ്റുമതി യൂണിറ്റുകൾ അടക്കമുള്ള വ്യവസായങ്ങളുടെ ഓഹരികളെ താഴ്ചയിലാക്കി. സ്റ്റീൽ അടക്കം ലോഹകമ്പനികളും വസ്ത്ര കമ്പനികളും സമുദോൽപന്ന യൂണിറ്റുകളും രാസവ്യവസായങ്ങളും താഴ്ന്നു.

സ്വർണവില ഇടിയുന്നത് സ്വർണപ്പണയ കമ്പനികളുടെ ഓഹരികളെ താഴ്ത്തി. മുത്തൂറ്റ് ഫിനാൻസ് 4.5 ഉം മണപ്പുറം 3.8 ഉം ശതമാനം താഴ്ചയിലായി. സ്വർണം, വെള്ളി ഇടിഎഫുകൾ എട്ടു ശതമാനത്തിലധികം ഇടിവിലാണ്.

ബാങ്ക് ഓഹരികൾ ഇന്നും ഇടിഞ്ഞു. ബാങ്ക് നിഫ്റ്റി മൂന്നു ശതമാനം ഇടിവിലായി. സൗത്ത് ഇന്ത്യൻ ബാങ്ക് നാലും സിഎസ്ബി ബാങ്ക് മൂന്നും ധനലക്ഷ്മി ബാങ്ക് രണ്ടും ഫെഡറൽ ബാങ്ക് 2.5 ഉം ശതമാനം താഴ്ന്നു.

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി രണ്ടര ശതമാനം ഇടിഞ്ഞു. എസ്ബിഐ മൂന്നു ശതമാനം താഴ്ചയിലാണ്. ഡോയിച്ച് ബാങ്കിൻ്റെ റീട്ടെയിൽ ബാങ്കിംഗ് ഏറ്റെടുക്കുന്ന കൊട്ടക് ബാങ്കിൻ്റെ ഓഹരി രണ്ടു ശതമാനം താഴ്ന്നു.

പ്രകൃതിവാതക ലഭ്യത മെച്ചപ്പെടാത്ത സാഹചര്യത്തിൽ പെട്രോനെറ്റ് എൽഎൻജി ഓഹരി എട്ടു ശതമാനം ഇടിഞ്ഞു. യുദ്ധം തുടങ്ങിയ ശേഷം ഓഹരി 27 ശതമാനം നഷ്ടത്തിലായി.

ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ഇന്ന് അഞ്ചു ശതമാനത്തിലധികം ഇടിഞ്ഞു. യുദ്ധം തുടങ്ങിയ ശേഷം ആ ഓഹരികൾ 25 ശതമാനത്തിലധികം താഴ്ന്നു.

രൂപ ഇന്നു രാവിലെ ഇടിഞ്ഞു. ഡോളർ 12 പൈസ കൂടി 93.83 രൂപ എന്ന റെക്കോർഡിൽ ഓപ്പൺ ചെയ്തു. പിന്നീട് 93.94 രൂപയിലേക്കു കയറി. റിസർവ് ബാങ്ക് സജീവമായി വിപണിയിലുണ്ടെങ്കിലും രൂപ താഴോട്ടു നീങ്ങുകയാണ്.

സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 4344 ഡോളറിലേക്ക് ഇടിഞ്ഞു. പിന്നീട് അൽപം കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 4360 രൂപ കുറഞ്ഞ് 1,02,680 രൂപയായി.

എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,36,690 രൂപ വരെ താഴ്ന്നു.

ക്രൂഡ് ഓയിൽ രാവിലെ താഴ്ന്നിട്ടു വീണ്ടും കയറി. ബ്രെൻ്റ് ഇനം ക്രൂഡ് ബാരലിന് 112.96 ഡോളർ വരെ എത്തി. ഡബ്ള്യുടിഐ ഇനം 99.17 ഡോളറിലേക്കു കയറി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com