കുതിപ്പിനു ശേഷം തകർച്ച, ബാങ്ക്, ധനകാര്യ, മെറ്റൽ ഓഹരികള്‍ നഷ്ടത്തില്‍; രൂപയും താഴ്ന്നു

രൂപ ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങിയിട്ടു നഷ്ടത്തിലേക്ക് വീണു. ഡോളർ 20 പൈസ കുറഞ്ഞ് 92.47 രൂപയിൽ ഓപ്പൺ ചെയ്തു
Stock market
Image courtesy: Canva
Published on: 

വലിയ കുതിപ്പോടെ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി മിനിറ്റുകൾക്കകം കുത്തനെ ഇടിഞ്ഞു. ലാഭമെടുക്കലിനായി ഫണ്ടുകളും വ്യക്തികളും വലിയ വിൽപനക്കാരായതാണു വിപണിയെ വലിച്ചു താഴ്ത്തുന്നത്.

നിഫ്റ്റി രാവിലെ 26,000 കടക്കും എന്ന പ്രതീതി ജനിപ്പിച്ച് 25,992.60 വരെ എത്തി. പിന്നീട് നാനൂറിലധികം പോയിൻ്റ് ഇടിഞ്ഞ് 25,567.30 ൽ എത്തി. തുടർന്ന് നഷ്‌ടം അൽപം കുറച്ചു. സെൻസെക്സ് രാവിലെ 84,663 വരെ ഉയർന്ന ശേഷം 83,210 വരെ ഇടിഞ്ഞു. പിന്നീട് അൽപം കയറി.

ബാങ്കുകൾ, ധനകാര്യ കമ്പനികൾ, മെറ്റൽ കമ്പനികൾ എന്നി മേഖലകളാണു കൂടുതൽ ഇടിവിലായത്. ഐടിയും കൺസ്യൂമർ ഡ്യുറബിൾസുമാണു രാവിലെ നല്ല നേട്ടം ഉണ്ടാക്കിയത്. പൊതുമേഖലാ ബാങ്കുകൾ അഞ്ചു ശതമാനം വരെ ഇടിഞ്ഞു.

ടാറ്റാ സ്റ്റീൽ രണ്ടു സുപ്രധാന നടപടികൾ പ്രഖ്യാപിച്ചു.കമ്പനിയുടെ രണ്ടു ബിസിനസുകൾ 28,000 കോടി രൂപയ്ക്ക് എപിഎൽ അപ്പോളോയ്ക്കു വിൽക്കും. ഒപ്പം എപിഎൽ അപ്പോളോയുടെ 26.8 ശതമാനം ഓഹരി ടാറ്റാ സ്റ്റീൽ വാങ്ങും. ഇടപാടുകൾ കഴിയുമ്പോൾ ടാറ്റാ സ്റ്റീലിൻ്റെ മൊത്തം കടബാധ്യത വർധിക്കും എന്നാണു വിലയിരുത്തൽ. എപിഎൽ അപ്പോളോ ഓഹരി 15 ഉം ടാറ്റാ സ്റ്റീൽ 5.5 ഉം ശതമാനം ഇടിഞ്ഞു.

എസ്ബിഐ സെക്യൂരിറ്റീസ് ടാറ്റാ സ്റ്റീലിന് 200 രൂപ ലക്ഷ്യവില നിശ്ചയിച്ചു. രണ്ടു വർഷം വരുമാനം 8.3 ഉം അറ്റാദായം 36 ഉം ശതമാനം വീതം വളർച്ച കാണിക്കും എന്നാണു വിലയിരുത്തൽ.

വലിയ ഓർഡറുകൾ ലഭിച്ചത് പ്രീമിയർ എകസപ്ലോസീവ്‌സിനെ ഒൻപതും അശോക് ബിൽഡ് കോണിനെ അഞ്ചു ശതമാനം താഴ്‌ത്തി.

രൂപ ഇന്നു നല്ല നേട്ടത്തോടെ വ്യാപാരം തുടങ്ങിയിട്ടു നഷ്ടത്തിലേക്ക് വീണു. ഡോളർ 20 പൈസ കുറഞ്ഞ് 92.47 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 92.43 രൂപ വരെ താഴ്ന്ന ശേഷം 92.95 രൂപ വരെ കയറി.

ലോകവിപണിയിൽ സ്വർണം കയറ്റം തുടരുകയാണ്. രാവിലെ ഔൺസിന് 3610 ഡോളർ വരെ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1080 രൂപ കൂടി 92,800 രൂപയായി.

രാവിലെ ക്രൂഡ് ഓയിൽ വില അൽപം കയറി. ബ്രെൻ്റ് ഇനം 92.76 ഡോളറും ഡബ്ള്യുടിഐ ഇനം 83.62 ഡോളറും ആയി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```