

ഇന്ത്യൻ വിപണി ഇന്നു വലിയ മുന്നേറ്റം നടത്തി. നിഫ്റ്റിയും സെൻസെക്സും രാവിലെ 0.90 ശതമാനം വരെ കുതിച്ചു കയറി.
2024 സെപ്റ്റംബർ 30 നു ശേഷം ആദ്യമാണു നിഫ്റ്റി 26,000 നു മുകളിൽ കയറുന്നത്. രാവിലെ 26,095.70 വരെ കയറിയിട്ട് നിഫ്റ്റി അൽപം താഴ്ന്നു. സെൻസെക്സ് 85,221 വരെ ഉയർന്നിട്ട് അൽപം താഴ്ന്നു.
ഐടി ഓഹരികൾ നല്ല കയറ്റത്തിലാണ്. യുഎസ് വിപണിയിൽ നിന്നുള്ള സൂചനയാണ് പ്രേരണ. ഇൻഫോസിസ്, എച്ച്സിഎൽ, ടിസിഎസ്, പെർസിസ്റ്റൻ്റ്, കോഫോർജ്, എംഫസിസ്, വിപ്രോ, ടെക് മഹീന്ദ്ര, മൈൻഡ് ട്രീ തുടങ്ങിയവ 1.25 മുതൽ നാലു വരെ ശതമാനം ഉയർന്നു. ഐടി സൂചിക രണ്ടര ശതമാനം നേട്ടത്തിലായി. ഇൻഫോസിസ് പ്രൊമോട്ടർമാർ ഓഹരി തിരിച്ചു വാങ്ങലിൽ പങ്കെടുക്കുന്നില്ലെന്നു പറഞ്ഞത് ഓഹരിക്കു നല്ല നേട്ടമായി.
എഫ്എംസിജി, ബാങ്ക്, റിയൽറ്റി, ധനകാര്യ മേഖലകളും നല്ല നേട്ടത്തിലാണ്.
സ്വർണവില താഴുന്നതിൻ്റെ പേരിൽ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് എന്നിവ മൂന്നു ശതമാനം വരെ താഴ്ന്നു.
ഫെഡറൽ ബാങ്ക് രാവിലെ ഒരു ശതമാനം ഉയർന്ന് 228.99 രൂപ എന്ന റെക്കോർഡ് വില കുറിച്ചിട്ട് അൽപം താഴ്ന്നു. സൗത്ത് ഇന്ത്യൻ ബാങ്കും സിഎസ്ബി ബാങ്കും ധനലക്ഷ്മി ബാങ്കും ഒരു ശതമാനത്തിലധികം താഴ്ചയിലായി.
ടൈറ്റനും കല്യാൺ ജ്വല്ലേഴ്സും രാവിലെ നേട്ടത്തിലായി. പിഎൻ ഗാഡ്ഗിൽ ജ്വല്ലേഴ്സ് മൂന്നര ശതമാനം നഷ്ടം കുറിച്ചു.
ക്രൂഡ് ഓയിൽ വില കയറുന്നത് ഒഎൻജിസിയെയും ഓയിൽ ഇന്ത്യയെയും ഉയർത്തി. ഓയിൽ ഇന്ത്യ രണ്ടു ശതമാനം കയറി. ഒഎൻജിസിയും റിലയൻസും ഓരോ ശതമാനം ഉയർന്നു. ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ താഴ്ചയിലായി. എച്ച്പിസിഎൽ രണ്ടരയും ഐഒസി 1.2 ഉം ബിപിസിഎൽ ഒന്നും ശതമാനം താഴ്ന്നു.
കരസേനയുടെ 2700 കോടിയുടെ കാർബൈൻ കരാറിൻ്റെ പകുതിയിലധികം ലഭിച്ച ഭാരത് ഫോർജിൻ്റെ ഓഹരി അഞ്ചു ശതമാനത്തോളം ഉയർന്നു.
രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 10 പൈസ താഴ്ന്ന് 87.83 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 87.87 രൂപയായി. ഡോളർ സൂചിക 99.04 ലാണ്.
സ്വർണം ലോകവിപണിയിൽ ചാഞ്ചാട്ടത്തിലാണ്. ഇന്നു രാവിലെ താഴ്ന്ന് ഔൺസിന് 4090 ഡോളറിലായി സ്വർണം. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 600 രൂപ കുറഞ്ഞ് 91,720 രൂപ ആയി.
ക്രൂഡ് ഓയിൽ വില കയറ്റത്തിലായി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 64.54 ഡോളറിലേക്ക് ഉയർന്നു.
Stock market midday update on 23 october 2025.
Read DhanamOnline in English
Subscribe to Dhanam Magazine