വിപണി ചെറിയ കയറ്റിറക്കങ്ങളിൽ, മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഉയർന്നു; രൂപ നേട്ടത്തില്‍

രാവിലെ 92.51 ഡോളർ വരെ താഴ്ന്ന ക്രൂഡ് ഓയിൽ വില വീണ്ടും 93 ഡോളറിനു മുകളിലായി
Stock market
Image courtesy: Canva
Published on

രാവിലെ ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീടു ചെറിയ പരിധിയിൽ കയറിയും ഇറങ്ങിയും നീങ്ങി.

രാവിലെ നേട്ടത്തിലായിരുന്ന ബാങ്ക് നിഫ്റ്റി പിന്നീടു ചെറിയ നഷ്‌ടത്തിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഉയർന്നു.

സ്വർണവിലയിലെ കുതിപ്പ് മുത്തൂറ്റ് ഫിനാൻസിനെ അഞ്ചു ശതമാനത്തോളം ഉയർത്തി. മണപ്പുറം 2.5 ഉം ഐഐഎഫ്എൽ രണ്ടും ശതമാനം കയറി.

യുബിഎസ്, അപ്പോളോ ടയേഴ്‌സിനു വാങ്ങൽ ശിപാർശ നൽകി. ലക്ഷ്യവില 590 രൂപ. ഓഹരി അഞ്ചു ശതമാനം കുതിച്ചു.

ഹെക്സാവേർ ടെക്നോളജീസിന് 730 രൂപ ലക്ഷ്യവില നിർണയിച്ച സിഎൽഎസ്എ വാങ്ങൽ ശിപാർശയും നൽകി.

ഡിക്സൺ ടെക്‌നോളജീസിനു 16,400 രൂപ ലക്ഷ്യവില നിർണയിച്ച ജെപി മോർഗൻ ഓഹരിക്ക് ഓവർ വെയ്റ്റ് ശിപാർശ നൽകി.

എംഡിയും സിഇഒയുമായ ഗുണേന്ദർ കപൂറിന് കാലാവധി അഞ്ചു വർഷം കൂടി നീട്ടി നൽകിയത് വിശാൽ മെഗാ മാർട്ട് ഓഹരിയെ എട്ടു ശതമാനം ഉയർത്തി.

ഓൾ കാർഗോ ലോജിസ്റ്റിക്സ് ഓഹരി രാവിലെ എട്ടു ശതമാനം കുതിച്ചു. കഴിഞ്ഞയാഴ്ച 20 ശതമാനത്തിലധികം ഉയർന്നതാണ് ഓഹരി. കമ്പനിയുടെ ചെയർമാൻ ശശി കിരൺ ഷെട്ടി രാജി വച്ചതായി റിപ്പോർട്ടുണ്ട്.

ഓറിയൻ്റൽ ഹോട്ടൽസിനെ ഇന്ത്യൻ ഹോട്ടൽസ് കമ്പനിയിൽ ലയിപ്പിക്കുന്നു. ഓറിയൻ്റൽ ഓഹരി നാലു ശതമാനം കയറി. പിന്നീടു നേട്ടം കുറഞ്ഞു. ഇന്ത്യൻ ഹോട്ടൽസ് 0.40 ശതമാനം ഉയർന്നു.

പഞ്ചസാര മിൽ ഓഹരികൾ ഇന്നും ഉയർന്നു. 10 ലക്ഷം ടൺ പഞ്ചസാര ഇറക്കുമതി ചെയ്യുന്നത് ഉത്സവകാല വിലക്കയറ്റം പിടിച്ചു നിർത്തില്ലെന്നാണു നിഗമനം. ബജാജ് ഹിന്ദുസ്ഥാൻ 12 -ഉം അവധ് അഞ്ചും ശ്രീരേണുക ഏഴും ദ്വാരികേഷ് ഒൻപതും ധാംപുർ എട്ടും പൊന്നി ഏഴും ശക്‌തി പത്തും റാണാ ആറും രാജശ്രീ ഏഴും ഉത്തം ഒൻപതും മാവന ആറും ശതമാനം കുതിച്ചു.

രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ അഞ്ചു പൈസ താഴ്ന്നു 95.65 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീടു 95.68 രൂപയായി.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4648 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 640 രൂപ വർധിച്ച് 1,20,240 രൂപ ആയി.

രാവിലെ 92.51 ഡോളർ വരെ താഴ്ന്ന ക്രൂഡ് ഓയിൽ വില വീണ്ടും 93 ഡോളറിനു മുകളിലായി. ബ്രെൻ്റ് ഇനം 93.02 ഡോളറിലും ഡബ്ള്യുടിഐ ഇനം 85.59 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com