

ഇന്ത്യൻ വിപണി അഞ്ചാം ദിവസവും താഴോട്ടു വീഴുകയാണ്. എല്ലാ മേഖലകളും നഷ്‌ടത്തിലായി. മുഖ്യസൂചികകൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞു. സെൻസെക്സ് 75,500 നും നിഫ്റ്റി 23,620 നും താഴെ എത്തി.
മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ 1.35 ശതമാനം വരെ വീഴ്ചയിലാണ്.
വരുമാന പ്രതീക്ഷ കുറച്ചതും ഒന്നാം പാദ റിസൽട്ട് പ്രതീക്ഷയോളം വരാത്തതും ഇൻഫോസിസ് ടെക്നോളജീസിനെ രണ്ടു ശതമാനം താഴ്‌ത്തി.
നഷ്‌ടം കാണിച്ച ഒന്നാം പാദ റിസൽട്ടും ഉയരുന്ന ക്രൂഡ് ഓയിൽ വിലയും ഇൻഡിഗോ വിമാന സർവീസ് നടത്തുന്ന ഇൻ്റർ ഗ്ലോബ് ഏവിയേഷനെ രണ്ടര ശതമാനം ഇടിവിലാക്കി.
അമേരിക്കൻ തീരുവ പ്രഖ്യാപനം വസ്ത്ര കയറ്റുമതി കമ്പനികളൈ താഴ്ചയിലാക്കി. അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ ഇന്ത്യയോടു മത്സരിക്കുന്ന ബംഗ്ലാദേശിനും പാക്കിസ്ഥാനും ഒപ്പം 10 ശതമാനമാണ് ഇന്ത്യക്കു ചുമത്തിയ തീരുവ. മത്സരത്തിൽ ഇന്ത്യ പിന്നിലാകും എന്നു ഭീതിയുണ്ട്. ഗോകൽദാസ്, കിറ്റെക്സ്, അരവിന്ദ്, കെപിആർ, സംഗം, നിതിൻ, നഹർ, ട്രൈഡൻ്റ്, വർധമാൻ തുടങ്ങിയവയൊക്കെ ഇന്നു താഴ്ന്നു.
മികച്ച ഒന്നാം പാദ റിസൽട്ടിനെ തുടർന്ന് എംഫസിസ് അഞ്ചു ശതമാനം കുതിച്ചു.
തൈറോകെയർ ഓഹരി പത്തു ശതമാനം കയറി. പിന്നീടു നേട്ടം കുറച്ചു. ജൂൺ പാദത്തിൽ കമ്പനി വരുമാനം 24 ശതമാനവും അറ്റാദായം 34 ശതമാനവും വർധിപ്പിച്ചു.
പ്രതീക്ഷയോളം വരാത്ത റിസൽട്ടിനെ തുടർന്ന് മോട്ടിലാൽ ഓസ്വാൾ മൂന്നു ശതമാനം താഴ്ചയിലായി.
ബൾക്ക് ഇടപാടിൽ മൂന്നു ശതമാനം ഓഹരി കൈമാറിയതിനെ തുടർന്ന് ഷാഡോഫാക്സ് ടെക്നോളജീസ് അഞ്ചു ശതമാനം ഇടിഞ്ഞു.
ഒന്നാം പാദ റിസൽട്ടിനെ തുടർന്നു മീഷോ ലിമിറ്റഡ് അഞ്ചു ശതമാനം താഴ്‌ന്നു. കമ്പനി പ്രതീക്ഷിച്ച വളർച്ച കാണിച്ചില്ല.
മൈക്രോഫിനാൻസ് കമ്പനി സ്പന്ദന സ്‌ഫൂർത്തി ഒന്നാം പാദ റിസൽട്ടിനെ തുടർന്ന് 10 ശതമാനം വരെ ഇടിഞ്ഞു.
രൂപ ഇന്നു തുടക്കത്തിൽ ദുർബലമായി. ഡോളർ ആറു പൈസ കൂടി 96.63 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 96.67 രൂപ വരെ കയറിയിട്ടു 96.46 ലേക്കു താഴ്ന്നു .
സ്വർണം ലോകവിപണിയിൽ ഔൺസിന് 4028 ഡോളറിനു താഴെ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1360 രൂപ കുറഞ്ഞ് 1,05,840 രൂപ ആയി.
ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം 100.35 ഡോളറിലും ഡബ്ള്യുടിഐ ഇനം 91.65 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine