
ഇസ്രയേൽ- ഇറാൻ വെടിനിർത്തൽ ഇന്ത്യൻ വിപണിയെ ഇന്നു മികച്ച നേട്ടത്തോടെ വ്യാപാരം തുടങ്ങാൻ സഹായിച്ചു. മുഖ്യസൂചികകൾ 1.1 ശതമാനം വരെ ഉയർന്നിട്ട് അൽപം താഴ്ന്നു. വീണ്ടും കയറി. നിഫ്റ്റി 25,200 ഉം സെന്‍സെക്സ് 82,800 ഉം തിരിച്ചു പിടിച്ചു.
ക്രൂഡ് ഓയിൽ വില 70 ഡോളറിനു താഴെ ആയത് ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് നേട്ടമായി. ഐഒസി നാലും എച്ച്പിസിഎൽ അഞ്ചും ബിപിസിഎൽ മൂന്നരയും ശതമാനം ഉയർന്നു.
ക്രൂഡ് ഇടിവിനെ തുടർന്ന് ഒഎൻജിസി, ഓയിൽ ഇന്ത്യ, ചെന്നൈ പെട്രോ തുടങ്ങിയവ നാലു ശതമാനം വരെ താഴ്ന്നു.
ക്രൂഡ് വില താഴ്ന്നതിനെ തുടർന്ന് പെയിൻ്റ് കമ്പനികൾ നേട്ടം കുറച്ചു.
വരും പാദങ്ങളിലെ വരുമാന സാധ്യത കുറവാണെന്ന് കെപിഐടി ടെക്‌നോളജീസ് അറിയിച്ചു. ഓഹരി അഞ്ചും ശതമാനം ഇടിഞ്ഞു.
പ്രതിരോധ ഓഹരികൾ ഇന്നു താഴ്ചയിലാണ്. ഗാർഡൻ റീച്ച്, മസഗാേൺ ഡോക്ക്, ഭാരത്
ഡൈനാമിക്സ്, ഹിന്ദുസ്ഥാൻ ഏറനോട്ടിക്സ്, പരസ് ഡിഫൻസ് തുടങ്ങിയവ ആറു ശതമാനം വരെ ഇടിവിലായി. രണ്ടു ക്രൂയിസ് യാനപാത്രങ്ങളുടെ നിർമാണത്തിന് 250 കോടി രൂപയുടെ കരാർ ലഭിച്ചിട്ടും കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരി മൂന്നു ശതമാനം വരെ താഴ്ന്നു.
വെടി നിർത്തലിനെ തുടർന്ന് അദാനി പോർട്സ് അഞ്ചു ശതമാനത്തോളം ഉയർന്നു. ഇസ്രായേലിലെ ഹൈഫ തുറമുഖം നടത്തുന്നത് അദാനി പോർട്സ് ആണ്. അവിടെ ഇറാൻ്റെ ആക്രമണം പലവട്ടം ഉണ്ടായി.
രൂപ ഇന്നു വലിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ മുക്കാൽ ശതമാനത്തോളം താഴ്ന്ന് 64 പൈസ ഇടിവിൽ 86.11 രൂപയിലാണ് ഓപ്പൺ ചെയ്തത്. ഡോളർ സൂചിക താഴ്ന്നതാണു രൂപയെ സഹായിച്ചത്. പിന്നീട് 86.22 രൂപയിലേക്കു ഡോളർ കയറി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3353 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 600 രൂപ കുറഞ്ഞ് 73,240 രൂപയായി
ക്രൂഡ് ഓയിൽ വില താഴ്ന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 69.41 ഡോളറിലേക്കു കുറഞ്ഞു. പിന്നീട് 69.73 ഡോളർ വരെ കയറി.