നേട്ടം കഴിഞ്ഞു ചാഞ്ചാട്ടം, പിന്നീടു കയറ്റം; ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, ലൂപിൻ ഇടിവില്‍, മുന്നേറ്റവുമായി ഐ.ടി ഓഹരികള്‍

ഡോളർ 33 പൈസ കുറഞ്ഞ് 89.15 രൂപയിൽ ഓപ്പൺ ചെയ്തു
stock market
Image courtesy: Canva
Published on

രാവിലെ ഉയർന്നു വ്യാപാരം തുടങ്ങിയ ശേഷം വിപണി നഷ്ടത്തിലേക്കു മാറി. പിന്നീടു തിരിച്ചു കയറി. വീണ്ടും താഴ്ന്നു ചാഞ്ചാട്ടമായി.

നിഫ്റ്റി രാവിലെ 55 പോയിൻ്റ് ഉയർന്നു വ്യാപാരമാരംഭിച്ച ശേഷം 26,137 വരെ കയറി. നഷ്ടത്തിലായ ശേഷം തിരിച്ച് 26,100 നു മുകളിലായി. വീണ്ടും താഴ്ന്നു.

സെൻസെക്സ് 85,450 വരെ കയറിയ ശേഷമാണ് നഷ്ടത്തിലേക്കു വീണത്. 85,209 വരെ ചെന്നിട്ടു തിരിച്ചു കയറി. വീണ്ടും ചാഞ്ചാടി.

നാറ്റ്കോ, ലൂപിൻ, ശിൽപ മെഡികെയർ എന്നീ കമ്പനികളുടെ ഓരോ ഫാക്ടറികളിൽ പരിശോധന നടത്തിയ യുഎസ് എഫ്ഡിഎ സംഘം ഗണ്യമായ മാറ്റങ്ങൾ ശിപാർശ ചെയ്തു. ഈ ഫാർമാ ഓഹരികൾ മൂന്നു ശതമാനം വരെ താഴ്ന്നു.

പുതിയ ലേബർ കോഡ് നിലവിൽ വന്നത് സ്വിഗ്ഗി, സൊമാറ്റോ (എറ്റേണൽ) എന്നിവയുടെ പ്രവർത്തനച്ചെലവ് കൂട്ടും. താൽക്കാലിക ജോലിക്കാർക്കും പിഎഫ് തുടങ്ങി വിവിധ ആനുകൂല്യങ്ങൾ നൽകേണ്ടി വരുന്നതു ബാധ്യത വർധിപ്പിക്കും. ഒരു ഓർഡറിൽ രണ്ടു രൂപയുടെ വരെ ചെലവ് വർധിക്കും എന്നാണ് പ്രാരംഭ വിലയിരുത്തൽ. രണ്ട് ഓഹരികളും രണ്ടു ശതമാനം ഇടിഞ്ഞു. പിന്നീടു സ്വിഗ്ഗി രണ്ടു ശതമാനം നേട്ടത്തിലായി.

അമേരിക്കൻ ഫെഡറൽ റിസർവ് ഡിസംബർ 10 നു പലിശ നിരക്ക് കുറയ്ക്കും എന്ന പ്രതീക്ഷ ശക്തമായത് ഐടി ഓഹരികളെ ഉയർത്തി. ഇൻഫോസിസ്, എച്ച്സിഎൽ, വിപ്രോ, എംഫസിസ്, കോ ഫോർജ്, മൈൻഡ് ട്രീ തുടങ്ങിയവ രണ്ടു ശതമാനത്തിലധികം ഉയർന്നു. ഐടി സൂചിക രണ്ടു ശതമാനത്തോളം കയറി.

ഉന്നത മാനേജ്മെൻ്റിലെ കുഴപ്പങ്ങൾ മൂലം കുറേ മാസങ്ങളായി താഴ്ന്നു നിന്നിരുന്ന കർണാടക ബാങ്ക് ഇന്ന് ഏഴു ശതമാനം കുതിച്ചു. പ്രമുഖ വ്യവസായി ആദിത്യ കുമാർ ഹൽവാസിയ കഴിഞ്ഞ ആഴ്ച ബാങ്കിൻ്റെ 67 ലക്ഷം ഓഹരികൾ വാങ്ങിയിരുന്നു. ഒൻപതു ശതമാനം പ്രീമിയത്തിലാണു ഹൽവാസിയ ഓഹരി വാങ്ങിയത്. ഇതോടെ കർണാടക ബാങ്ക് ഓഹരി വെള്ളിയാഴ്ച 11 ശതമാനം ഉയർന്നിരുന്നു. ഗർഭനിരോധന സാമഗ്രികളും ഇൻ വിട്രോ ഡയഗ്നോസ്റ്റിക് കിറ്റുകളും നിർമിക്കുന്ന ക്യുപിഡ് കമ്പനിയുടെ സിഎംഡി ആണു ഹൽവാസിയ.

തേജസ് യുദ്ധവിമാനം ദുബായ് എയർ ഷോയിൽ തകർന്നു വീണതിനെ തുടർന്നു നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് നാലു ശതമാനത്തോളം ഇടിഞ്ഞു. മറ്റു പ്രതിരോധ ഓഹരികളും ഇന്നു താഴ്ചയിലാണ്. ഗാർഡൻ റീച്ച്, അസ്ത്ര മൈക്രോ, പരസ് ഡിഫൻസ്, ഭാരത് എർത്ത് മൂവേഴ്സ് തുടങ്ങിയവ രണ്ടു ശതമാനം ഇടിഞ്ഞു. കൊച്ചിൻ ഷിപ്പ് യാർഡ് 1.8 ശതമാനം താഴ്ന്നു.

സെൻസെക്സിൽ നിന്ന് അടുത്ത മാസം പുറത്താകുന്ന സാഹചര്യത്തിൽ ടാറ്റാ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ഓഹരി രണ്ടു ശതമാനത്തോളം താഴ്ന്നു.

രൂപ ഇന്നു രാവിലെ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ 33 പൈസ കുറഞ്ഞ് 89.15 രൂപയിൽ ഓപ്പൺ ചെയ്തു.

സ്വർണം ലോകവിപണിയിൽ താഴ്ചയിലാണ്. രാവിലെ ഔൺസിന് 4052 ഡോളറിലേക്കു വില കുറഞ്ഞു. കേരളത്തിൽ 22 കാരറ്റ് സർണം പവന് 520 രൂപ കുറഞ്ഞ് 91,760 രൂപയായി.

ക്രൂഡ് ഓയിൽ വില കുറഞ്ഞു നിൽക്കുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 62.45 ഡോളറിൽ എത്തി.

Stock market midday update on 24 november 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com