വിപണി ചാഞ്ചാട്ടത്തിൽ; ഫെഡറൽ ബാങ്ക് റെക്കോർഡ് മുന്നേറ്റത്തില്‍, എഫ്.എം.സി.ജി ഓഹരികൾ ഇടിവില്‍

ഇന്ത്യ- അമേരിക്ക വാണിജ്യ പ്രശ്നങ്ങളാണ് വിപണിയെ താഴ്ത്തിയത്. ബാങ്ക് ഓഹരികളും ഇടിഞ്ഞു
stock market
Published on

വിപണി ആഗോള പ്രതീക്ഷകളുടെ ചുവടുപിടിച്ച് നേട്ടത്തോടെ വ്യാപാരം തുടങ്ങിയെങ്കിലും താമസിയാതെ താഴ്ചയിലായി. പിന്നീടു വിപണി ചാഞ്ചാട്ടത്തിലേക്കു മാറി.

ഇന്ത്യ- അമേരിക്ക വാണിജ്യ പ്രശ്നങ്ങളാണ് വിപണിയെ താഴ്ത്തിയത്. ബാങ്ക് ഓഹരികളും ഇടിഞ്ഞു.

ഫെഡറൽ ബാങ്കിൽ വിദേശ പ്രൈവറ്റ് ഇക്വിറ്റി ബ്ലായ്ക്ക്സ്റ്റോൺ മൂലധന നിക്ഷേപം നടത്തും. ഇതിനു ബാങ്ക് ഡയറക്ടർ ബോർഡ് അനുമതി നൽകി. ഓഹരി ഒന്നിന് 227 രൂപ വച്ചാണു നിക്ഷേപം. ബ്ലായ്ക്ക് സ്റ്റോൺ 6196 കോടി രൂപയാണു നിക്ഷേപിക്കുന്നത്. അവർക്ക് 9.99 ശതമാനം ഓഹരി കിട്ടും. ബ്ലായ്ക്ക് സ്റ്റോണിന് ഒരു ഡയറക്ടറെ നോമിനേറ്റ് ചെയ്യാം. ഫെഡറൽ ബാങ്ക് ഓഹരി 232.20 രൂപ വരെ ഉയർന്ന് റെക്കോർഡ് കുറിച്ചു.

സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവ രാവിലെ താഴ്ന്നു

സ്വർണവില ഇടിയുന്നതിൻ്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ താഴ്ന്ന മുത്തൂറ്റ് ഫിനാൻസും മണപ്പുറവും ഇന്ന് കയറ്റത്തിലായി.

72,000 കോടി രൂപയുടെ മിസൈലുകളും അനുബന്ധ സംവിധാനങ്ങളും വാങ്ങാൻ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകി. ഭാരത് ഡൈനാമിക്സ്, ഭാരത് ഇലക്ട്രോണിക്സ് തുടങ്ങിയ കമ്പനികൾ ഉയർന്നു. കൊച്ചിൻ ഷിപ്പ് യാർഡ് ഒന്നര ശതമാനം വരെ കയറി.

മെറ്റൽ ഓഹരികൾ ഇന്നു കയറ്റത്തിലാണ്. ലോക വിപണിയിൽ അലൂമിനിയം അടക്കം ലോഹങ്ങളുടെ വില ഉയരുന്നതാണു കാരണം. നാൽകോ, ഹിൻഡാൽകോ, വേദാന്ത, ഹിന്ദുസ്ഥാൻ കോപ്പർ, ഹിന്ദുസ്ഥാൻ സിങ്ക് തുടങ്ങിയവയും സ്‌റ്റീൽ കമ്പനികളും ഉയർന്നു. അലൂമിനിയം കമ്പനികൾ അഞ്ചു ശതമാനം കുതിച്ചു.

റിസൽട്ടുകൾ കാര്യമായ മുന്നേറ്റം കാണിക്കാത്ത സാഹചര്യത്തിൽ എഫ്എംസിജി ഓഹരികൾ ഇന്നു താഴ്ന്നു. എച്ച് യുഎലും കോൾഗേറ്റും നാലു ശതമാനത്തോളം താഴ്ചയിലായി. ഡാബർ, നെസ്‌ലേ, ടാറ്റാ കൺസ്യൂമർ, ഗോദ് റെജ് കൺസ്യൂമർ, മാരികാേ തുടങ്ങിയവയും നഷ്ടത്തിലാണ്.

ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ആദ്യം നഷ്ടത്തിലായിരുന്ന ശേഷം ഉയർന്നു.

രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ അഞ്ചു പൈസ കുറഞ്ഞ് 87.79 രൂപയിൽ ഓപ്പൺ ചെയ്തു. 87.82 രൂപ വരെ എത്തിയിട്ട് 87.64 രൂപയിലേക്കു ഡോളർ താഴ്ന്നു. ലോകവിപണിയിൽ ഡോളർ സൂചിക ഉയർന്നു 99.03 ൽ എത്തി.

സ്വർണം ലോക വിപണിയിൽ ചാഞ്ചാട്ടത്തിലാണ്. ഇന്നലത്തെ ക്ലോസിംഗിൽ നിന്ന് കാൽ ശതമാനം താഴ്ന്ന് രാവിലെ ഔൺസിന് 4115 ഡോളറിൽ എത്തി. പിന്നീട് 4123 ഡോളർ വരെ കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 280 രൂപ വർധിച്ച് 92,000 രൂപ ആയി

ക്രൂഡ് ഓയിൽ വില രാവിലെ അൽപം താഴ്ന്നിട്ട് വീണ്ടും കയറ്റത്തിലായി. ബ്രെൻ്റ് ഇനം 65.70 ഡോളറിലേക്ക് ഉയർന്നു.

Stock market midday update on 24 october 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com