

ഇന്ത്യൻ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങിയ ശേഷം കൂടുതൽ താഴ്ചയിലായി. നിഫ്റ്റി 25,049 വരെയും സെൻസെക്സ് 81,701 വരെയും താഴ്ന്ന ശേഷം അൽപം ഉയർന്നു. എങ്കിലും മുന്നേറ്റം അധികം തുടർന്നില്ല.
നിഫ്റ്റി ബാങ്ക് അര ശതമാനം താഴ്ന്ന ശേഷം നഷ്ടം കുറച്ചു. പൊതുമേഖലാ ബാങ്കുകൾ ഗണ്യമായി ഉയർന്നു. ഇന്ത്യൻ ബാങ്ക് മൂന്നു ശതമാനം കയറി. മെറ്റൽ സൂചിക നേരിയ നേട്ടം കാണിച്ചു.
മാരുതി സുസുകി ഒന്നര ശതമാനത്തിലധികം ഉയർന്നെങ്കിലും ഓട്ടോ സൂചിക ചെറിയ നഷ്ടത്തിലായി. ഗോൾഡ്മാൻ സാക്സ് റേറ്റിംഗ് താഴ്ത്തിയതിനെ തുടർന്ന് അശാേക് ലെയ്ലൻഡ് ഓഹരി രണ്ടു ശതമാനത്തോളം താഴ്ന്നു. ജെഎൽആർ ഉൽപാദനം തടസപ്പെട്ടത് ടാറ്റാ മോട്ടോഴ്സിനെ രണ്ടു ശതമാനം താഴ്ത്തി.
കഴിഞ്ഞ ദിവസങ്ങളിൽ 20 ശതമാനത്തോളം കുതിച്ച അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നു രാവിലെ അഞ്ചു ശതമാനം വരെ ഇടിഞ്ഞു. ലാഭമെടുക്കലാണു കാരണം.
ഷിപ്പിംഗ് മേഖലയുടെ നവീകരണവും വളർച്ചയും കണക്കിലെടുത്ത് 72,000 കോടി രൂപയുടെ മാരിറ്റൈം വികസന പദ്ധതി ഇന്നു കേന്ദ്ര കാബിനറ്റ് പരിഗണിക്കും. ഷിപ്പിംഗ് കോർപറേഷനും കപ്പൽ സർവീസ് കമ്പനികളും കപ്പൽ നിർമാണകമ്പനികളും നേട്ടത്തിലായി. ഷിപ്പിംഗ് കോർപറേഷൻ ഓഹരി അഞ്ചു ശതമാനം വരെ ഉയർന്നു.
ഐറിഷ് ബ്രാൻഡ് ആയ മോർഫി റിച്ചാർഡ്സിനെ 146 കോടി രൂപയ്ക്കു വാങ്ങാൻ കരാർ ഉണ്ടാക്കിയ ബജാജ് ഇലക്ടിക്കൽസ് ഓഹരി 12 ശതമാനം കുതിച്ചു. ബ്രാൻഡിൻ്റെ ഇന്ത്യയിലും അയൽരാജ്യങ്ങളിലും ഉള്ള അവകാശങ്ങൾ ഇതുവഴി ബജാജ് ഇലക്ട്രിക്കൽസിനു ലഭിക്കും.
2030 നകം റവന്യു വരുമാനം മൂന്നു മടങ്ങാക്കാൻ പദ്ധതി തയാറാക്കിയ ഓട്ടോ കംപോണൻ്റ് കമ്പനി മിൻഡ കോർപറേഷൻ 10 ശതമാനം വരെ ഉയർന്നു.
ബൈക്ക് ടാക്സി സർവീസ് കമ്പനിയായ റാപ്പിഡോയിലെ നിക്ഷേപംവിറ്റ സ്വിഗ്ഗിയുടെ ഓഹരി രണ്ടു ശതമാനം താഴ്ന്നു.
രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഇന്നലെ 88.76 രൂപയിൽ വ്യാപാരം അവസാനിപ്പിച്ച ഡോളർ ഇന്ന് നാലു പെെസ കുറഞ്ഞ് 88.72 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 88.78 രൂപയിലേക്കു കയറി. റിസർവ് ബാങ്ക് ഇടപെട്ടതിനെ തുടർന്നു
ഡോളർ 88.68 രൂപ വരെ താഴ്ന്നു. ഡോളർ 89 രൂപയ്ക്കു മുകളിൽ എത്തുമെന്ന കണക്കുകൂട്ടലിലാണ് കയറ്റുമതിക്കാർ. ഡോളർ സൂചിക 97.36 ലേക്കു കയറിയിട്ടുണ്ട്.
സ്വർണം ലോകവിപണിയിൽ തിരിച്ചുകയറ്റത്തിലാണ്. ഔൺസിന് 3766 ഡോളറിലേക്കു സ്വർണം കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 240 രൂപ കുറഞ്ഞ് 84,600 രൂപയായി.
ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിൽ തുടരുന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ബാരലിന് 67.82 ഡോളറിലാണ്.
Stock market midday update on 24 September 2025.
Read DhanamOnline in English
Subscribe to Dhanam Magazine