പലിശനിരക്കിലെ ആശങ്കയും ഇൻഷുറൻസ് കമ്മീഷൻ പരിധിയും: വിപണിയിൽ തകർച്ച; ബാങ്കിംഗ്, ധനകാര്യ ഓഹരികൾക്ക് കനത്ത തിരിച്ചടി

രൂപ ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ഒൻപതു പൈസ കയറി 95.83 രൂപയിൽ ഓപ്പൺ ചെയ്തു
stock market
Image courtesy: Canva
Published on

ആഗോള തലത്തിലെ പലിശപ്പേടിക്കു പുറമേ ഇന്ത്യയിൽ ഇൻഷ്വറൻസ് ബിസിനസിലെ കമ്മീഷനു പരിധി നിശ്ചയിക്കാനുള്ള നീക്കവും ചേർന്നപ്പോൾ ഇന്ത്യൻ വിപണി വലിയ തകർച്ചയിലായി. മുഖ്യസൂചികകൾ ഒരു ശതമാനവും ബാങ്ക്, ധനകാര്യ സൂചികകൾ രണ്ടു ശതമാനവും വീതം ഇടിഞ്ഞു. സെൻസെക്സ് 74,000 നു തൊട്ടടുത്തും നിഫ്റ്റി 23,200 നു താഴെയും വരെ എത്തി.

റിയൽറ്റിയും ഫാർമയും ഒഴികെ എല്ലാ മേഖലകളും ഇന്നു താഴ്ചയിലാണ്.

ഇൻഷ്വറൻസ് കമ്മീഷൻ പരിമിതപ്പെടുത്തുന്ന ഐആർഡിഎ കരടു നിർദേശത്തെ തുടർന്ന് ഇൻഷ്വറൻസ് കമ്പനികൾ, ബാങ്കുകൾ, എൻബിഎഫ്‌സികൾ തുടങ്ങിയവ വലിയ ഇടിവിലായി. പിബി ഫിൻടെക് 23 ഉം ടർട്ടിൽമിൻ്റ് ഇൻഷ്വറൻസ് 20 ഉം ശതമാനം ഇടിഞ്ഞു. മാക്സ് ഫിൻ 13 ശതമാനവും എച്ച്ഡിഎഫ്സി ലൈഫ് 7.0% വും ഐസിഐസിഐ പ്രൂഡൻഷ്യൽ ലൈഫ് 7.5% വും താഴ്ന്നു. നിവാ ബൂപ, സ്റ്റാർ ഹെൽത്ത്, എസ്ബിഐ ലൈഫ്, ഇൻഫോ എഡ്ജ് തുടങ്ങിയവ നാലു ശതമാനം വരെ താഴ്ന്നു.

ബജാജ് ഫിനാൻസ്, ബജാജ് ഫിൻസെർവ്, ശ്രീറാം ഫിനാൻസ്, എൽ ആൻഡ് ടി ഫിനാൻസ്, ചോളമണ്ഡലം, ആക്സിസ് ബാങ്ക്, ബന്ധൻ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, യെസ് ബാങ്ക്, ആർബിഎൽ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എയു സ്മോൾ ഫിൻ, ഫെഡറൽ ബാങ്ക് തുടങ്ങിയവ ഒന്നു മുതൽ എട്ടു വരെ ശതമാനം നഷ്ടത്തിലായി. ഇൻഷ്വറൻസ് വിൽപനയിൽ കമ്മീഷൻ ലഭിക്കുന്ന എല്ലാ കമ്പനികൾക്കും ഐആർഡിഎഐ നീക്കം വലിയ വരുമാനനഷ്‌ടം ഉണ്ടാക്കും. ആകർഷകമായ കമ്മീഷൻ ഇല്ലെങ്കിൽ ഏജൻ്റുമാർ ജോലി ചെയ്യാൻ മടിക്കും.

1785 രൂപയ്ക്ക് ഐപിഒ നടത്തിയ എൻഎസ്ഇ ഓഹരി 1800 രൂപയിൽ ലിസ്റ്റ് ചെയ്തു. എങ്കിലും വലിയ ആവേശം വിപണിയിൽ പ്രകടമായില്ല. അര മണിക്കൂർ പിന്നിട്ടപ്പോഴും ഓഹരി 5.15 ശതമാനം നേട്ടമേ ഉണ്ടാക്കിയുള്ളു. പിന്നീടു നേട്ടം കുറഞ്ഞു.

വിശാൽ മെഗാമാർട്ടിനു 160 രൂപ ലക്ഷ്യവില നിശ്ചയിച്ച ജെഫറീസ് വാങ്ങൽ ശിപാർശ നൽകി.

ബിഎസ്ഇ ലിമിറ്റഡിന് 4000 രൂപ ലക്ഷ്യവില നൽകിയ ജെഫറീസ് ഔട്ട് പെർഫോം റേറ്റിംഗ് നൽകി.

രൂപ ഇന്നു നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ഒൻപതു പൈസ കയറി 95.83 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 95.90 രൂപയായി.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4285 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1120 രൂപ കുറഞ്ഞ് 1,11,960 രൂപയായി.

ക്രൂഡ് ഓയിൽ വില കുറഞ്ഞു. ബ്രെൻ്റ് ഇനം 102.04 ഡോളറിലും ഡബ്ള്യുടിഐ ഇനം 91.29 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com