
വിപണി ഇന്നും നല്ല നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. പിന്നീടു കൂടുതൽ ഉയർന്നു. ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റി 25,200 നും സെൻസെക്സ് 82,600 നും അടുത്താണ്.
മിഡ് ക്യാപ് ഓഹരികൾ ഇന്നു രാവിലെ ചെറിയ മുന്നേറ്റമേ നടത്തിയുള്ളൂ. എന്നാൽ സ്മോൾ ക്യാപ് 100 സൂചിക ഒന്നര ശതമാനം കുതിച്ചു. ബാങ്ക് നിഫ്റ്റിയുടെ കയറ്റവും നാമമാത്രമായി ചുരുങ്ങി.
ഐടി മേഖല മികച്ച മുന്നേറ്റം നടത്തി. ഐടി നിഫ്റ്റി സൂചിക 1.2 ശതമാനം ഉയർന്നു. എഫ്എംസിജി, ഫാർമ, മീഡിയ ഓഹരികളും നല്ല കയറ്റം കാഴ്ചവച്ചു.
ബ്രോക്കറേജുകൾ നല്ല റിപ്പോർട്ട് നൽകിയതിനെ തുടർന്ന് ഇന്ത്യൻ ഹോട്ടൽസ് മൂന്നു ശതമാനം ഉയർന്നു.
എംസിഎക്സ് ഓഹരിക്ക് യുബിഎസ് 10,000 രൂപ ലക്ഷ്യവില ഇട്ടതിനെ തുടർന്ന് ഓഹരി നാലു ശതമാനം കയറി.
മികച്ച ബ്രോക്കറേജ് റിപ്പോർട്ട് ഇന്ത്യാ മാർട്ട് ഇൻ്റർ മെഷിൻ്റെ ഓഹരിയെ ആറു ശതമാനം കയറ്റി. ഓഹരിയുടെ ലക്ഷ്യ വില 3800 രൂപയാക്കി.
ഉപകമ്പനിയായ എച്ഡിബി ഫിനാൻഷ്യൽ സർവീസിൻ്റെ ഐപിഒയ്ക്കു വിപണിയിൽ നല്ല സ്വീകരണം ലഭിക്കുന്നത് എച്ച്ഡിഎഫ്സി ബാങ്ക് ഓഹരിയെ ഒരു ശതമാനത്തിലധികം ഉയർത്തി.
ജെഎസ്പിഎലിന് നുവാമ ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് 1193 രൂപ ലക്ഷ്യവില പ്രഖ്യാപിച്ചു. ഓഹരി ഒരു ശതമാനം കയറി.
രൂപ ഇന്ന് അൽപം താഴ്ന്നു വ്യാപാരം തുടങ്ങി. ഡോളർ നാലു പൈസ കയറി 86.01 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 85.92 രൂപയിൽ എത്തി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3326 ഡോളറിലാണ്. കേരളത്തിൽ ആഭരണ സ്വർണം പവന് 200 രൂപ കുറഞ്ഞ് 72,560 രൂപ ആയി.
ക്രൂഡ് ഓയിൽ താഴ്ന്ന നിലയിൽ കയറിയിറങ്ങി. ബ്രെൻ്റ് ഇനം ബാരലിന് 68.05 ഡോളറിലാണ്.