ചാഞ്ചാട്ടം കഴിഞ്ഞു കയറ്റം; പ്രീമിയർ എനർജീസ്, വാരീ എൻജിനിയേഴ്‌സ്, തേജസ് നെറ്റ്‌വര്‍ക്ക്സ് നേട്ടത്തില്‍

എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും രാവിലെ നേട്ടത്തിലായി. ഐടി, ഹെൽത്ത് കെയർ, ഫാർമ എന്നിവയാണു മികച്ച മുന്നേറ്റം കാഴ്ചവച്ചത്
stock market
Image courtesy: Canva
Published on

ഇന്ത്യൻ വിപണി ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ശേഷം ചാഞ്ചാട്ടത്തിലായി. വ്യാപാരം ഒരു മണിക്കൂർ പിന്നിട്ട ശേഷമാണു വിപണി കയറ്റം തുടരും എന്ന ധാരണ ജനിപ്പിച്ചത്.

മുഖ്യസൂചികകളും ബാങ്ക് നിഫ്റ്റിയും സാവധാനം കയറിയപ്പോൾ മിഡ് ക്യാപ് 100, സ്മോൾ ക്യാപ് 100 സൂചികകൾ തുടക്കത്തിലേ മുന്നേറി.

എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും രാവിലെ നേട്ടത്തിലായി. ഐടി, ഹെൽത്ത് കെയർ, ഫാർമ എന്നിവയാണു മികച്ച മുന്നേറ്റം കാഴ്ചവച്ചത്.

പ്രധാന ഐടി കമ്പനികളെല്ലാം രാവിലെ ഉയർന്നു. എൻവിഡിയയുടെ മികച്ച റിസൽട്ടും കമൻ്ററിയും ഐടിയെ സഹായിച്ചു.

സോളർ പാനലിനും മറ്റും അമേരിക്ക 126 ശതമാനം ചുങ്കം പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്നലെ വലിയ താഴ്ചയിലായ ഓഹരികൾ ഇന്നു രാവിലെ ഉയർന്നു. വിവിധ ബ്രോക്കറേജുകൾ ഈ കമ്പനികളുടെ ലക്ഷ്യവില ഉയർത്തി. പ്രീമിയർ എനർജീസിന് മോട്ടിലാൽ ഓസ്വാൾ 1000 രൂപ ലക്ഷ്യവില നിശ്ചയിച്ചു. വാരീ എൻജിനിയേഴ്‌സിന് മോട്ടിലാൽ ഓസ്വാൾ 3514 രൂപയും നുവാമ 3867 രൂപയും ലക്ഷ്യവില നിർണയിച്ചു. കമ്പനിക്ക് അമേരിക്കയിൽ സ്വന്തം പ്ലാൻ്റ് ഉണ്ട്.

എസ്ബിഐയുടെ ലക്ഷ്യവില 1275 രൂപയിലേക്ക് സിഎൽഎസ്എ ഉയർത്തി.

ജൂബിലൻ്റ് ഫുഡ്സിൻ്റെ ലക്ഷ്യവില എച്ച്എസ്ബിസി 700 രൂപയിലേക്കും നുവാമ 744 രൂപയിലേക്കും ഉയർത്തി നിശ്ചയിച്ചു.

മണപ്പുറം ഫിനാൻസിൻ്റെ സിഇഒ ദീപക് റെഡ്ഡി 120 ദിവസം വരെ മെഡിക്കൽ ലീവിൽ പോകുന്നതായ റിപ്പോർട്ടിനെ തുടർന്ന് ഓഹരി രണ്ടു ശതമാനം താഴ്‌ന്നു.

5 ജി ക്കുവേണ്ട റേഡിയോ ആക്‌സസ് നെറ്റ് വർക്ക് സ്യൂട്ട് നിർമാണത്തിനു ജപ്പാനിലെ എൻഇസിയുമായി സഖ്യം ഉണ്ടാക്കിയ തേജസ് നെറ്റ് വർക്സ് ഒമ്പതു ശതമാനം ഉയർന്നു.

ഹോം ഫസ്റ്റ് ഫിനാൻസിൻ്റെ 5.4 ശതമാനം ഓഹരി ബൾക്ക് ഇടപാടിൽ കൈമാറിയതിനെ തുടർന്ന് ഓഹരി അറു ശതമാനത്തോളം ഇടിഞ്ഞു.

ഛത്തീസ്ഗഡിൽ 372 കോടിയുടെ ടൗൺഷിപ്പ് നിർമാണ കരാർ എൻഎംഡിസിയിൽ നിന്ന് ആർവിഎൻഎൽ നേടി. നേരത്തേ 270 കോടിയുടെ ട്രാക്‌ഷൻ സബ്‌സ്റ്റേഷൻ നിർമാണ കരാർ സെൻട്രൽ റെയിൽവേയിൽ നിന്നു ലഭിച്ചിരുന്നു.

രൂപ ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ 11 പൈസ കുറഞ്ഞ് 90.84 രൂപയിൽ ഓപ്പൺ ചെയ്തു. 90.81 രൂപയിലേക്കു ഡോളർ താഴ്ന്നിട്ട് 90.87 ലേക്കു കയറി. ഡോളർ സൂചിക 97.59ലാണു നിൽക്കുന്നത്.

സ്വർണം ലോക വിപണിയിൽ ഔൺസിന് 5195 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 160 രൂപ കുറഞ്ഞ് 1,18,560 രൂപയിൽ എത്തി.

എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,60,858 രൂപ വരെ ഉയർന്നിട്ട് അൽപം താഴ്ന്നു.

വെള്ളി ലോകവിപണിയിൽ ഔൺസിന് 89.67 ഡോളറിലേക്ക് എത്തി. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 2,66,800 രൂപ വരെ കയറിയിട്ട് 2,65,500 രൂപയിലേക്കു താഴ്ന്നു.

ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം ബാരലിന് 71.07 ഡോളറിൽ എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com