
നേട്ടത്തിൽ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീടു താഴ്ചയിലേക്കു വീണിട്ടു ചാഞ്ചാട്ടത്തിലായി. ആദ്യ മണിക്കൂറിൽ നിഫ്റ്റി 23,614 വരെ താഴുകയും 23,736 വരെ കയറുകയും ചെയ്തു. സെൻസെക്സ് 77,784 വരെ താഴുകയും 78,168 വരെ കയറുകയും ചെയ്തു.
മിഡ്, സ്മോൾ ക്യാപ് ഓഹരികൾ താഴ്ന്നു. വിശാലവിപണിയിൽ ഭൂരിപക്ഷം ഓഹരികൾ താഴ്ചയിലാണ്.
ഭക്ഷ്യവിതരണ കമ്പനികളായ സൊമാറ്റോയെയും സ്വിഗ്ഗിയെയും ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് തരം താഴ്ത്തി. രണ്ട് ഓഹരികളുടെയും ലക്ഷ്യവില കുറച്ചു. ക്വിക്ക് കൊമേഴ്സ് ആദായകരമല്ലാതെ നീങ്ങുന്നതും ബിസിനസിൽ കാര്യമായ വളർച്ച ഇല്ലാത്തതുമാണു കാരണം. ഓഹരികൾ അഞ്ചു ശതമാനത്തോളം ഇടിഞ്ഞു.
ലിഥിയം അയോൺ ഇറക്കുമതിയുടെ ചുങ്കം കുറയ്ക്കുന്ന ഭേദഗതി ധനകാര്യബില്ലിൽ വരുത്തിയതിനെ തുടർന്ന് എക്സൈഡ് ഇൻഡസ്ട്രീസ് ഓഹരി നാലു ശതമാനം കയറി. അമരരാജയും നാലു ശതമാനം ഉയർന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയിൽ അവശ്യഘടകമാണ് ലിഥിയം അയോൺ.
ബിഎസ്എൻഎല്ലിൽ നിന്നു വലിയ രണ്ടു കരാറുകൾ ലഭിച്ച എൻസിസി ലിമിറ്റഡ് ആറു ശതമാനം കുതിച്ചു.
ഹെൽത്ത് കെയർ, ഫാർമ, മീഡിയ ഓഹരികൾ രാവിലെ താഴ്ചയിലാണ്. മെറ്റൽ, ഓട്ടോ, റിയൽറ്റി തുടങ്ങിയവ നേട്ടം ഉണ്ടാക്കി.
രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ഏഴു പൈസ താഴ്ന്ന് 85.69 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 85.78 രൂപയിലേക്കു കയറി. ഡോളർ സൂചിക ഉയർന്നതാണു കാരണം.
സ്വർണം ലോക വിപണിയിൽ ഔൺസിന് 3018 ഡോളറിലാണ്. കേരളത്തിൽ ആഭരണസ്വർണം പവന് 80 രൂപ കൂടി 65,560 രൂപയായി.
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെൻ്റ് ഇനം ബാരലിന് 73.20 ഡോളർ ആയി കുറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine