അനുകൂല സാഹചര്യം, വിപണി കുതിക്കുന്നു; ബാങ്ക്, ധനകാര്യ, മെറ്റൽ ഓഹരികള്‍ നേട്ടത്തില്‍, എയർടെൽ ഇടിവില്‍

മിഡ് ക്യാപ്, സ്മാേൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം കയറി
stock market investor
Image created with Meta AI
Published on

ആഗോള - ദേശീയ സാഹചര്യങ്ങൾ അനുകൂലമായതിൻ്റെ ആവേശത്തിൽ ഇന്ത്യൻ വിപണി ഇന്നു രാവിലെ കുതിച്ചു കയറുകയാണ്. കുറേ ദിവസങ്ങളായി കണ്ടിരുന്ന ചാഞ്ചാട്ടം ഇല്ലാതെ തുടക്കം മുതൽ വിപണി നേട്ടത്തിലാണ്. ഒരു മണിക്കൂറിനകം നിഫ്റ്റി 200 ഉം സെൻസെക്സ് 600 ഉം പോയിൻ്റിലധികം കയറി. നിഫ്റ്റി 26,000 വും സെൻസെക്സ് 85,000 വും മറി കടന്നു.

എല്ലാ വ്യവസായ മേഖലകളും രാവിലെ നല്ല നേട്ടം ഉണ്ടാക്കി. ബാങ്ക്, ധനകാര്യ, മെറ്റൽ, കൺസ്യൂമർ ഡുറബിൾസ്, ഓയിൽ, റിയൽറ്റി, ഐടി തുടങ്ങിയവ മുന്നേറ്റത്തിനു മുന്നിൽ നിന്നു. മിഡ് ക്യാപ്, സ്മാേൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം കയറി.

കഴിഞ്ഞ ദിവസങ്ങളിൽ ക്യൂപിഡ് ഗ്രൂപ്പ് സിഎംഡി ആദിത്യകുമാർ ഹൽവാസ്യ ലക്ഷക്കണക്കിന് ഓഹരികൾ വാങ്ങിക്കൂട്ടിയതിനെ തുടർന്ന് 20 ശതമാനത്തിലികം ഉയർന്ന് കർണാടക ബാങ്ക് ഓഹരി ഇന്നു രണ്ടു ശതമാനം താഴ്ന്നു.

ഇന്നലെ 256.90 രൂപ വരെ കയറി റെക്കോർഡ് കുറിച്ച ഫെഡറൽ ബാങ്ക് ഇന്നു രാവിലെ അൽപം താഴ്ന്നു.

പ്രൊമോട്ടർ കുടുംബം ഒരു മാസത്തിനുള്ളിൽ മൂന്നാം തവണയും ഗണ്യമായ ഓഹരി വിറ്റതിനെ തുടർന്ന് ഭാരതി എയർടെൽ ഓഹരി മൂന്നു ശതമാനത്തോളം താഴ്ചയിലായി.

മെറ്റൽ ഓഹരികൾ ഇന്നു കയറ്റത്തിലായി. യുഎസ് പലിശ കുറയ്ക്കൽ പ്രതീക്ഷ രാജ്യാന്തര വില ഉയർത്തുന്ന സാഹചര്യത്തിലാണിത്. ടാറ്റാ സ്റ്റീൽ, സെയിൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, വേദാന്ത, ഹിന്ദുസ്ഥാൻ കോപ്പർ, ഹിൻഡാൽകോ തുടങ്ങിയവ ഉയർന്നു.

കാപ്പിറ്റൽ മാർക്കറ്റ് ഓഹരികൾ നല്ല നേട്ടത്തിലാണ്. ബിഎസ്ഇ, സിഎസ്ഡിഎൽ, എൻഎസ്ഡിഎൽ, ഏഞ്ചൽ വൺ, മോട്ടിലാൽ ഓസ്വാൾ, ജിയോജിത്, നുവാമ, എഡൽവൈസ് തുടങ്ങിയവ ഇന്നു രാവിലെ അഞ്ചു ശതമാനം വരെ ഉയർന്നു.

ഗ്രോ ഇന്ന് ആറു ശതമാനത്തിലധികം കയറി. എംസിഎക്സ് രണ്ടു ശതമാനത്തിലധികം ഉയർന്ന് 10,000 രൂപ കടന്നു റെക്കോർഡ് കുറിച്ചു.

രൂപ ഇന്ന് നാമമാത്രമായി താഴ്ന്നു. ഡോളർ മൂന്നു പെെസ കൂടി 89.25 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ താഴ്ന്ന് 89.17 രൂപയിൽ എത്തി. ഡോളർ സൂചിക താഴ്ന്ന് 99.68 ൽ നിൽക്കുകയാണ്.

ലോകവിപണിയിൽ സ്വർണം കുതിച്ചു കയറുകയാണ്. പലിശനിരക്ക് കുറയും എന്ന സാധ്യതയാണു സ്വർണത്തെ ഉയർത്തുന്നത്. ഔൺസിന് 4168 ഡോളറിലായി സ്വർണം. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 640 രൂപ കൂടി 93,800 രൂപയായി. ഒക്ടോബർ മൂന്നാം വാരത്തിൽ എത്തിയ 97,360 രൂപയാണു പവൻ്റെ റെക്കോർഡ്. അന്നു ലോകവിപണിയിൽ സ്വർണം 4400 ഡോളറിന് അടുത്ത് എത്തിയിരുന്നു.

ക്രൂഡ് ഓയിൽ വില കയറുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 62.70 ഡോളർ ആയി.

Stock market midday update on 26 november 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com