
തിരിച്ചുകയറാം എന്ന പ്രതീക്ഷയോടെ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു ചാഞ്ചാട്ടത്തിലായി. രാവിലെ 22,613 വരെ ഉയർന്ന നിഫ്റ്റി പിന്നീട് 22,530 ലേക്കു താണു. സെൻസെക്സ് 74,834 വരെ ഉയർന്നിട്ട് 74,557 വരെയും ഇടിഞ്ഞു. മിഡ് ക്യാപ് സൂചിക 0.65 ശതമാനവും സ്മോൾ ക്യാപ് സൂചിക 1.25 ശതമാനവും താഴ്ചയിലായി.
ബാങ്ക്, ധനകാര്യ ഓഹരികൾ ഇന്നു ഗണ്യമായ നേട്ടം ഉണ്ടാക്കി. വാഹന, ഐടി, എഫ്എംസിജി, ഫാർമ, റിയൽറ്റി, ഹെൽത്ത് കെയർ, കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ - ഗ്യാസ് മേഖലകൾ നഷ്ടത്തിലായി.
കേശോറാം ഇൻഡസ്ട്രീസിനെ ഏറ്റെടുത്ത അൾട്രാടെക് സിമൻ്റ്, ഇലക്ട്രിക് കേബിൾ - വയർ ബിസിനസിലേക്കു പ്രവേശിക്കുന്നതായി പ്രഖ്യാപിച്ചു. കമ്പനിയുടെ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. ഈ മേഖലയിൽ ആദിത്യ ബിർല ഗ്രൂപ്പിൻ്റെ പ്രവേശനം മൂലം മത്സരം വർധിക്കുമെന്ന ഭയത്തിൽ ആർആര്‍ കബേൽ, പോളി കാബ്, ഹാവൽസ്, കെഇഐ ഇൻഡസ്ട്രീസ്, ഫിനോലെക്സ് കേബിൾസ് തുടങ്ങിയവ 15 ശതമാനം വരെ ഇടിഞ്ഞു. വലിയ ലാഭമാർജിൻ ഉള്ള ഈ മേഖലയിൽ വമ്പൻ ഗ്രൂപ്പിൻ്റെ പ്രവേശനം മാർജിനുകൾ കുറയ്ക്കും. ഒപ്പം കമ്പനികളുടെ ഉയർന്ന പി ഇ അനുപാതവും കുറയും അതാണു വിലയിടിവിലേക്കു നയിച്ചത്. വിപണിയിൽ 26 ശതമാനം സ്വന്തമായുള്ളതാണ് പോളി കാബ്.
എൻബിഎഫ്സികൾക്കുള്ള വായ്പകളുടെ വകയിരുത്തൽ തോത് കുറച്ചതിനെ തുടർന്ന് ബന്ധൻ ബാങ്ക്, ആർബിഎൽ ബാങ്ക്, ചോളമണ്ഡലം ഫിനാൻസ്, ബജാജ് ഫിനാൻസ്, ശ്രീറാം ഫിനാൻസ്, എൽ ആൻഡ് ടി ഫിനാൻസ്, ക്രെഡിറ്റ് ആക്സസ് ഗ്രാമീൺ തുടങ്ങിയവ ഒൻപതു ശതമാനം വരെ ഉയർന്നു. റിസർവ് ബാങ്ക് നടപടി നാലുലക്ഷം കോടി രൂപയുടെ അധികവായ്പ ലഭ്യമാക്കും എന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതു സാമ്പത്തിക വളർച്ച ഉയരാൻ സഹായിക്കും എന്നു കരുതപ്പെടുന്നു.
മുത്തൂറ്റ് ഫിനാൻസിനു 115 ശാഖകൾ തുടങ്ങാൻ റിസർവ് ബാങ്കിൻ്റെ അനുമതി ലഭിച്ചു. കൂടുതൽ ശാഖകൾ വായ്പാ വിതരണം വർധിപ്പിക്കാൻ സഹായിക്കും. ഓഹരി മൂന്നു ശതമാനം ഉയർന്നു.
രൂപ ഇന്നും ദുർബലമായി. ഡോളർ നാലു പൈസ കയറി 87.25 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 87.39 രൂപയായി. ഡോളർ സൂചിക 106.62 വരെ ഉയർന്നു.
സ്വർണം ലോകവിപണിയിൽ ഔൺസിന് 2905 ഡോളറിലേക്കു താഴ്ന്നു. ലാഭമെടുക്കലുകാരുടെ വിൽപനയാണു വിലയിടിക്കുന്നത്. കേരളത്തിൽ ആഭരണസ്വർണം പവന് 320 രൂപ കുറഞ്ഞ് 64,080 രൂപയായി.
ക്രൂഡ് ഓയിൽ വില താഴ്ന്നു നിൽക്കുന്നു. ബ്രെൻ്റ് ഇനം ബാരലിന് 72.77 ഡോളർ ആയി.
Read DhanamOnline in English
Subscribe to Dhanam Magazine