

വിപണി തുടക്കത്തിൽ ചെറിയ നേട്ടം കാണിച്ച ശേഷം കുത്തനേ ഇടിഞ്ഞു. സെൻസെക്സ് 450 പോയിൻ്റും നിഫ്റ്റി 116 പോയിൻ്റും നഷ്ടപ്പെടുത്തിയ ശേഷം തിരിച്ചു കയറി മികച്ച നേട്ടത്തിലായി. നിഫ്റ്റി 25,161 വരെയും സെൻസെക്സ് 81,844 വരെയും ഉയർന്നു. പിന്നീടു താഴ്ന്നു ചാഞ്ചാട്ടമായി.
മൂന്നാം പാദ റിസൽട്ടുകൾ ആവേശം ജനിപ്പിക്കാത്തതും രാജ്യാന്തര അനിശ്ചിതത്വങ്ങളും ആണു വിപണിയെ ദുർബലമാക്കുന്നത്. അടുത്ത ഞായറാഴ്ച അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിൽ വിപണിക്കു വലിയ ആനുകൂല്യ പ്രതീക്ഷ ഇല്ല താനും.
മെറ്റൽ ഓഹരികൾ മികച്ച മുന്നേറ്റം നടത്തിയപ്പോൾ ഓട്ടോ ഓഹരികൾ താഴ്ന്നു .
ഇന്ത്യ- ഇയു വാണിജ്യ കരാർ ക്ഷീണം വരുത്തും എന്ന ആശങ്കയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര അഞ്ചു ശതമാനം ഇടിഞ്ഞു. കുറഞ്ഞ തീരുവയിൽ വരുന്ന യൂറോപ്യൻ എസ് യുവികൾ മഹീന്ദ്രയുടെ വിൽപനയെ ബാധിക്കും എന്നാണ് ഭയം. പ്രമുഖവസ്ത്ര കയറ്റുമതിക്കാരായ ഗോകൽദാസ് എക്സ്പോർട്സ് മൂന്നു ശതമാനം താഴ്ന്നു.
സമുദ്രോൽപന്ന കയറ്റുമതിക്കാരായ അപെക്‌സ് ഫ്രോസൺ ഫുഡ്‌സ് 12 ശതമാനത്തിലധികം കുതിച്ചു.
മൂന്നാം പാദ റിസൽട്ട് പ്രതീക്ഷയിലും മോശമായതിനെ തുടർന്ന് ഇൻഡസ് ഇൻഡ് ബാങ്കും കൊട്ടക് മഹീന്ദ്ര ബാങ്കും ഇടിഞ്ഞു. മികച്ച റിസൽട്ടിൽ ആക്സിസ് ബാങ്ക് നാലു ശതമാനം ഉയർന്നു.
മൂന്നാംപാദത്തിൽ ലാഭം ഇടിഞ്ഞത് ഗോദ്റെജ് കൺസ്യൂമർ ഓഹരിയെ ഏഴു ശതമാനം താഴ്‌ത്തി.
വെള്ളി വില കുതിച്ചു കയറുന്നത് ഹിന്ദുസ്ഥാൻ സിങ്കിനെ നാലും വേദാന്തയെ മൂന്നും ഹിന്ദുസ്ഥാൻ കോപ്പറിനെ മൂന്നരയും ശതമാനം ഉയർത്തി. വെള്ളി ഇടിഎഫുകൾ എട്ടു ശതമാനം വരെ കുതിച്ചു. സ്വർണ ഇടിഎഫുകൾ ചെറിയ നേട്ടം കാണിച്ചു.
സ്വർണവിലയുടെ കയറ്റം സ്വർണപ്പണയ കമ്പനിയായ മുത്തൂറ്റ് ഫിനാൻസിനെ മൂന്നും മണപ്പുറം ഫിനാൻസിനെ ഒന്നും ശതമാനം ഉയർത്തി.
രൂപ ഇന്ന് ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ 18 പൈസ താഴ്‌ന്ന് 91.76 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ കയറി 91.87 രൂപയിൽ എത്തിയിട്ടു 91.74 രൂപ വരെ താഴ്‌ന്നു.
സ്വർണം ലോക വിപണിയിൽ ഔൺസിന് 5075 ഡോളറിലായി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1,18,760 രൂപയിൽ തുടർന്നു.
എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിനു രാവിലെ 1,59,820 രൂപ വരെ ഉയർന്നു.
വെള്ളി ലോകവിപണിയിൽ ഔൺസിന് 110 ഡോളറിലാണ്. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് 3,59,800 രൂപ വരെ കയറി റെക്കോർഡ് കുറിച്ചു.
ക്രൂഡ് ഓയിൽ അല്പം താഴ്‌ന്നു. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 65.1 3 ഡോളറിൽ എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine