
നേട്ടത്തിൽ വ്യാപാരം തുടങ്ങി കുറച്ചു കൂടി ഉയർന്ന വിപണി ആദ്യ മണിക്കൂറിൽ തന്നെ നഷ്ടത്തിലായി. ധനകാര്യ, സ്വകാര്യബാങ്ക് ഓഹരികൾ ആണ് ആദ്യം താഴ്ചയിലായത്. കമ്പനികൾക്കു പ്രതീക്ഷിക്കാവുന്ന ലാഭവുമായി താരതമ്യപ്പെടുത്തുമ്പോൾ വിപണിവില കൂടുതലാണ് എന്ന് പരക്കെ ധാരണ ഉണ്ട്. അതു വിൽപന സമ്മർദത്തിലേക്കു നയിച്ചു. എന്നാൽ താമസിയാതെ മുഖ്യസൂചികകൾ നേട്ടത്തിലേക്കു തിരിച്ചു കയറി. പിന്നീടു ചാഞ്ചാട്ടമായി. എങ്കിലും കയറ്റത്തിനുള്ള മൂഡാണു വിപണിയിൽ കാണുന്നത്.
മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ഇന്നു ഗണ്യമായ കയറ്റം കാണിച്ചു.
മെറ്റൽ, ഐടി, കൺസ്യൂമർ ഡ്യൂറബിൾസ് മേഖലകൾ രാവിലെ മികച്ച നേട്ടം ഉണ്ടാക്കി. പൊതുമേഖലാ ബാങ്കുകളും നല്ല നേട്ടം കുറിച്ചു. എംഫസിസ്, കോഫോർജ് തുടങ്ങിയ മിഡ് ക്യാപ് ഐടി കമ്പനികൾ രണ്ടു ശതമാനത്തിലധികം കുതിച്ചു.
ബ്രോക്കറേജുകൾ മികച്ച വിലയിരുത്തൽ നടത്തിയതിനെ തുടർന്ന് ഡിക്സൺ ടെക്നോളജീസ് നാലു ശതമാനം ഉയർന്നു.
സ്വർണവില കുറയുന്നതിനെ തുടർന്ന് മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് ഓഹരികൾ താഴ്ന്നു. സ്വർണപ്പണയ ബിസിനസ് ആണ് ഇരു കമ്പനികളുടെയും മുഖ്യവരുമാനം.
ആക്സോ നൊബേൽ ഇന്ത്യയുടെ പെയിൻ്റ് ബിസിനസ് ജെഎസ്ഡബ്ല്യു പെയിൻ്റ്സ് വാങ്ങി. വിപണി വിലയിലും 16 ശതമാനം താഴ്ത്തിയാണ് ഇടപാട്. 2762.05 രൂപയാണ് ഒരോഹരിക്കു നൽകുക. മൊത്തം ഓഹരിയുടെ 74.16 ശതമാനം ജെഎസ്ഡബ്ല്യുവിനു കിട്ടും. ആക്സോ നൊബേൽ ഓഹരി ഏഴു ശതമാനം ഉയർന്നു. പെയിൻ്റ് വിപണിയിൽ സമാഹരണത്തിനു തുടക്കം കുറിക്കുമോ ഈ കച്ചവടം എന്നു നിരീക്ഷകർ ചോദിക്കുന്നു. ഏഷ്യൻ പെയിൻ്റ്സും ബെർജർ പെയിൻ്റ്സും ഉയർന്നെങ്കിലും കാര്യമായ മാറ്റം കാണിച്ചില്ല. 3417 രൂപ വച്ച് ആക്സോ നൊബേൽ ഓഹരികൾ വാങ്ങാൻ ജെഎസ്ഡബ്ല്യു പെയിൻ്റ്സ് ഓപ്പൺ ഓഫർ പ്രഖ്യാപിച്ചു.
രൂപ ഇന്നും നേട്ടത്തിലാണ്. ഡോളർ 21 പൈസ കുറഞ്ഞ് 85.50 രൂപയിൽ ഓപ്പൺ ചെയ്തു.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3298 ഡോളറിലേക്ക് ഇടിഞ്ഞു. കേരളത്തിൽ ആഭരണ സ്വർണം പവന് 680 രൂപ കുറഞ്ഞ് 71,880 രൂപ ആയി.
ക്രൂഡ് ഓയിൽ വില രാവിലെ അൽപം ഉയർന്നിട്ടു താഴോട്ടു നീങ്ങി. ബ്രെൻ്റ് ഇനം ബാരലിന് 66.08 ഡോളറിലാണ്.