വിപണി താഴോട്ട്, നിഫ്റ്റി 23,000 നു താഴെ; റിലയൻസ്, ടാറ്റാ മോട്ടോഴ്സ് നഷ്ടത്തില്‍, 94 രൂപ കടന്നു ഡോളർ

ബാങ്ക് നിഫ്റ്റിയും മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികളും രണ്ടു ശതമാനം വരെ താഴ്ന്നു, ഐടി മേഖല മാത്രമാണ് രാവിലെ ഉയർന്നത്
Stock market trading via mobile
Demat account Image : Canva
Published on

യുദ്ധം തീരാനുള്ള സാധ്യത കുറഞ്ഞതും പെട്രോളിയം ഉൽപ്പന്നങ്ങളുടെ എക്‌സൈസ് ഡ്യൂട്ടി കുറച്ചതും വിപണിയെ വലിച്ചു താഴ്ത്തി. യുദ്ധവും ക്രൂഡ് ഓയിൽ വിലക്കയറ്റവും തുടരും എന്നാണ് വിലയിരുത്തൽ.

രാവിലെ നിഫ്റ്റി 22,971 വരെയും സെൻസെക്സ് 74,176 വരെയും താഴ്ന്നു. മുഖ്യ സൂചികകൾ 1.50 ശതമാനം വരെ ഇടിഞ്ഞപ്പോൾ ബാങ്ക് നിഫ്റ്റിയും മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികളും രണ്ടു ശതമാനം വരെ താഴ്ന്നു. ഐടി മേഖല മാത്രമാണ് രാവിലെ ഉയർന്നത്.

രാജ്യത്തു പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ സ്പെഷൽ എക്സൈസ് ഡ്യൂട്ടി ലിറ്ററിനു 10 രൂപ വീതം കുറച്ചു. ഉപഭോക്താക്കൾ നൽകേണ്ട വിലയിൽ മാറ്റമില്ല. രാജ്യാന്തര വില കൂടിയതു മൂലം കമ്പനികൾക്കു വരുന്ന നഷ്ടം കുറയ്ക്കാനാണ് നടപടി. സ്പെഷൽ എക്സൈസ് ഡ്യൂട്ടി മുഴുവനായും കേന്ദ്ര സർക്കാരിനു കിട്ടുന്നതാണ്. സംസ്ഥാനങ്ങൾക്കു വീതം നൽകേണ്ട. കമ്പനികൾ ഇന്ധനവില തൽക്കാലം കൂട്ടാതിരിക്കാൻ ഈ നടപടി സഹായിക്കും. യുദ്ധത്തിനു മുമ്പുള്ള വിലയുടെ ഇരട്ടിയിലധികമാണ് ഇപ്പോൾ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിനു നൽകുന്ന ശരാശരി വില. നികുതി കുറഞ്ഞ ശേഷവും എണ്ണ കമ്പനികളുടെ നഷ്ടം ഗണ്യമായി തുടരും. എണ്ണ വിതരണ കമ്പനികളുടെ ഓഹരികൾ ഇന്നു രാവിലെ ഉയർന്നെങ്കിലും പിന്നീടു താഴ്ന്നു.

ഒരു ലിറ്റർ ഡീസലിന് 21.50 രൂപയും വിമാന ഇന്ധനത്തിന് 29.50 രൂപയും കയറ്റുമതിച്ചുങ്കം ഗവണ്മെൻ്റ് ചുമത്തി. റിലയൻസും ഇന്ത്യൻ ഓയിൽ കോർപറേഷനും ആണു പ്രധാന കയറ്റുമതിക്കാർ.

റിലയൻസ് പെട്രോൾ വില കൂട്ടിയിട്ടില്ല. റിലയൻസിൻ്റെ ഓഹരിവില ഇന്നു രണ്ടര ശതമാനം ഇടിഞ്ഞത് ഇന്ധനവിൽപനയിൽ വലിയ നഷ്ടം നേരിടും എന്നതുകൊണ്ടാണ്. പെട്രോളിയം ഉൽപന്ന കയറ്റുമതിക്കു വലിയ ചുങ്കവും കമ്പനി നൽകണം.

സ്വകാര്യ കമ്പനിയായ നയാര ഇന്ന് ഒരു ലിറ്റർ പെട്രോളിനു 5.30 രൂപയും ഡീസലിനു മൂന്നു രൂപയും കൂട്ടിയിട്ടുണ്ട്.

പശ്ചിമേഷ്യൻ യുദ്ധം ഇനിയും രൂക്ഷമാകും എന്ന ആശങ്കയാണു ഗവണ്മെൻ്റ് പുലർത്തുന്നത്. അതു പെട്രോളിയം വില കൂടുതൽ കയറ്റുകയും ലഭ്യത കുറയ്ക്കുകയും ചെയ്യുമെന്നു ഭയമുണ്ട്. ഇന്ധനവില കൂട്ടൽ അടക്കമുള്ള കടുത്ത നടപടികളിലേക്കു നീങ്ങേണ്ടി വരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു മുഖ്യമന്ത്രിമാരുമായി വിഷയം ചർച്ച ചെയ്യുന്നുണ്ട്.

നികുതി കുറച്ചതു ഗവണ്മെൻ്റിൻ്റെ വരുമാനം ഗണ്യമായി കുറയ്ക്കുകയും കമ്മി വർധിപ്പിക്കുകയും ചെയ്യും. കടപ്പത്രം ഇറക്കി കൂടുതൽ കടമെടുക്കാൻ ഗവണ്മെൻ്റ് നിർബന്ധിതമാകും. ഈ സാഹചര്യം സർക്കാർ കടപ്പത്രങ്ങളുടെ വില താഴ്ത്തുകയും കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 6.95 ശതമാനമായി ഉയർത്തുകയും ചെയ്തു. കടപ്പത്രവില താഴുന്നതും പലിശ ഉയരാൻ പോകുന്നതും ബാങ്ക്, എൻബിഎഫ്സി ഓഹരികളെ ഇന്നും അഞ്ചു ശതമാനം വരെ താഴ്ത്തി. കടപ്പത്രവില കുറയുന്നതും പലിശ വർധിക്കുന്നതും ബാങ്കുകൾ അടക്കം ധനകാര്യ കമ്പനികൾക്കു ലാഭം കുറയ്ക്കും.

രൂപ വീണ്ടും തകർച്ചയിലായി. ഡോളർ ആദ്യമായി 94 രൂപ കടന്നു. രാവിലെ 17 പൈസ കൂടി 94.15 രൂപയിൽ ഡോളർ ഓപ്പൺ ചെയ്തു. പിന്നീടു 94.30 രൂപയിലേക്കു കയറി. റിസർവ് ബാങ്ക് വിപണിയിൽ സജീവമായി ഇടപെടുന്നുണ്ട്. എങ്കിലും രൂപയെ പിടിച്ചു നിർത്താൻ കഴിയുന്നില്ല.

ടാറ്റാ മോട്ടോഴ്സിൻ്റെ ഇംഗ്ലണ്ടിലെ യൂണിറ്റ് ജെഎൽആർ കാറുകളുടെ ഉൽപാദനം രണ്ടാഴ്ചത്തേക്കു നിർത്തിവച്ചു. വാഹനഘടകങ്ങൾ നൽകാൻ കരാർ എടുത്തിരുന്ന കമ്പനിയിൽ നിന്ന് അവ കിട്ടാതെ വന്നതാണ് കാരണം. ടാറ്റാ മോട്ടോഴ്സ് ഓഹരി അഞ്ചു ശതമാനത്തോളം ഇടിഞ്ഞു.

ബംഗളൂരുവിൽ 25 ഏക്കറിൽ ഒരു വ്യവസായ പാർക്ക് നിർമിക്കാൻ ബ്രിഗേഡ് എൻ്റർപ്രൈസസ് നടപടി തുടങ്ങി. ഓഹരി 10 ശതമാനം വരെ കുതിച്ചു.

സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 4438 ഡോളറിലേക്ക് കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 120 രൂപ വർധിച്ച് 1,06,120 രൂപയായി.

എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,41,053 രൂപ വരെ ഉയർന്നു.

ക്രൂഡ് ഓയിൽ രാവിലെ താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ബാരലിന് 107.24 ഡോളർ വരെ എത്തി. ഡബ്ള്യുടിഐ ഇനം 93.51 ഡോളറിലേക്കു താഴ്ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com