

ആഗോള ആശങ്കകൾ പ്രബലമാണെങ്കിലും ഇന്ത്യൻ വിപണി വലിയ തകർച്ച ഒഴിവാക്കി. മുഖ്യസൂചികകൾ ചെറിയ താഴ്ചയിൽ തുടങ്ങി. പിന്നീടു ചാഞ്ചാട്ടത്തിലായി.
മിഡ് ക്യാപ് 100 സൂചിക 62,673.35 വരെ ഉയർന്നു റെക്കോർഡ് കുറിച്ചു. സ്മോൾ ക്യാപ് സൂചികയും കയറ്റത്തിലാണ്.
ബാങ്ക്, ധനകാര്യ, ഐടി, ഓയിൽ മേഖലകൾ താഴ്ചയിലായി. മെറ്റൽ, റിയൽറ്റി, മീഡിയ, ഓട്ടോ, ഫാർമ തുടങ്ങിയവ ഉയർന്നു. എച്ച്ഡിഎഫ്സി ബാങ്ക് രണ്ടു ശതമാനത്തിലധികം ഇടിവിലായി.
നാലാം പാദത്തിൽ വരുമാനവും ലാഭവും നാമമാത്രമായേ വർധിച്ചുള്ളൂ എങ്കിലും ഒഎൻജിസി ഓഹരിക്കു രണ്ടു വിദേശ ബ്രോക്കറേജുകൾ വാങ്ങൽ ശിപാർശ നൽകി. സിറ്റി 405 രൂപയും ജെഫറീസ് 360 രൂപയും ലക്ഷ്യവില നിർണയിച്ചു.
മികച്ച നാലാം പാദ റിസൽട്ടും ഗണ്യമായ വളർച്ച പ്രതീക്ഷയും അവതരിപ്പിച്ച ഹിറ്റാച്ചി എനർജി ഓഹരിക്കു ജെഫറീസ് 43,415 രൂപ ലക്ഷ്യവില നിർണയിച്ചു വാങ്ങൽ ശിപാർശ നൽകി.
നഷ്ടത്തിൽ നിന്നു മികച്ച ലാഭത്തിലേക്കു മാറിയ നാലാം പാദ റിസൽട്ടിനു ശേഷം ഫിൻടെക് കമ്പനി പൈൻ ലാബ്സിന് സിറ്റി 235 രൂപ ലക്ഷ്യവില നിർണയിച്ചു വാങ്ങൽ ശിപാർശ നൽകി.
മികച്ച ലാഭവർധനയും 5000 കോടി രൂപയുടെ വികസന പരിപാടിയും അറിയിച്ച ജെകെ ടയേഴ്‌സ് ഓഹരി രാവിലെ എട്ടു ശതമാനം കയറി.
അലൂമിനിയം വില വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കു കയറുന്ന സാഹചര്യത്തിൽ ഹിൻഡാൽകോയും നാൽകോയും നാലു ശതമാനത്തോളം ഉയർന്നു.
മികച്ച റിസൽട്ടിനെ തുടർന്നു ഫിനോലെക്സ് ഇൻഡസ്ടീസ് 12 ശതമാനം കുതിച്ചു. വരുമാനം 12.2 ശതമാനം കൂടിയപ്പോൾ പ്രവർത്തന ലാഭമാർജിൻ 14.62 ൽ നിന്ന് 25.34 ശതമാനമായി കുതിച്ചു. പ്രവർത്തന ലാഭം 95.9 ശതമാനം വർധിച്ചു. അറ്റാദായ വർധന 66.6 ശതമാനം.
വരുമാനം 36 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 73 ശതമാനം ഉയർത്തിയ കരാറോ ഇന്ത്യ ഓഹരി എട്ടു ശതമാനം ഉയർന്നു. ഇറ്റാലിയൻ കമ്പനിയുടെ ഉപകമ്പനിയായ കരാറോ ഹൈവേ നിർമാണ വാഹനങ്ങൾക്കും ട്രാക്ടറുകൾക്കും വേണ്ട ആക്സിലുകളും മറ്റു യന്ത്രഭാഗങ്ങളും നിർമിക്കുന്നു.
രണ്ടു ശതമാനം ഓഹരി ഒഎഫ്എസ് വഴി വിൽക്കുന്ന സാഹചര്യത്തിൽ കോൾ ഇന്ത്യ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
വിറ്റുവരവ് 5.72 ശതമാനവും അറ്റാദായം 18.66 ശതമാനവും വർധിപ്പിച്ച ജിൻഡൽ വേൾഡ് വൈഡ് ഓഹരി 12 ശതമാനം കുതിച്ചു. ഡെനിം നിർമാണത്തിൽ തുടങ്ങി വസ്‌ത്ര കയറ്റുമതിയിലൂടെ വളർന്ന കമ്പനി ഇപ്പോൾ ഇലക്ട്രിക് ടൂ വീലർ നിർമാണത്തിലേക്കു കടന്നിട്ടുണ്ട്.
രൂപ ഇന്നു രാവിലെയും ദുർബലമായി. ഡോളർ ഏഴു പൈസ വർധിച്ച് 95.75 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 95.80 രൂപയിലേക്കു കയറി.
സ്വർണം ലോക വിപണിയിൽ ഔൺസിന് 4501 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 440 രൂപ കുറഞ്ഞ് 1,16,080 രൂപയായി.
ക്രൂഡ് ഓയിൽ വില രാവിലെ താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 97.87 ഡോളറിലും ഡബ്ള്യുടിഐ ഇനം 91.95 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine