
ചെറിയ നേട്ടത്തില്‍ തുടങ്ങിയിട്ട് നല്ല കുതിപ്പ്. പിന്നീടു വില്‍പന സമ്മര്‍ദത്തില്‍ ഇടിഞ്ഞു നഷ്ടത്തിലായി. വീണ്ടും മികച്ച കയറ്റം. ഇന്നു രാവിലെ വിപണി അപ്രതീക്ഷിത ചാഞ്ചാട്ടത്തിലായി.
സെന്‍സെക്‌സ് 80,396ല്‍ വ്യാപാരം തുടങ്ങിയിട്ട് 80,661 വരെ ഉയര്‍ന്ന ശേഷം നഷ്ടത്തിലായിട്ട് പിന്നീട് 80,400 നു മുകളില്‍ എത്തി. 24,370ല്‍ വ്യാപാരം ആരംഭിച്ച നിഫ്റ്റി 24,457 വരെ കയറിയ ശേഷം 24,290 വരെ താഴ്ന്നിട്ട് 24,400 നു സമീപം എത്തി. മുഖ്യ സൂചികകള്‍ വീണ്ടും താഴോട്ടു നീങ്ങി. ബാങ്ക് നിഫ്റ്റിയും വലിയ ചാഞ്ചാട്ടം കാണിച്ചു.
മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ തുടക്കത്തില്‍ നല്ല നേട്ടം ഉണ്ടാക്കിയ ശേഷം ചാഞ്ചാടിയെങ്കിലും പിന്നീടു കയറ്റത്തിലായി. ഫാര്‍മ ഓഹരികള്‍ ഇന്നു ഗണ്യമായ നഷ്ടത്തിലാണ്. ഹെല്‍ത്ത് കെയര്‍, എഫ്എംസിജി കമ്പനികളും നഷ്ടത്തിലായി. മികച്ച വളര്‍ച്ച കാണിച്ച റിസല്‍ട്ടിനെ തുടര്‍ന്ന് പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് ഓഹരി 10 ശതമാനം കുതിച്ചു.
ഒന്നിന് 683 രൂപ വിലവച്ച് ടാറ്റാ ടെക്‌നോളജീസിന്റെ 3.95 ശതമാനം ഓഹരി കൈമാറ്റം ചെയ്യപ്പെട്ടു. ഓഹരി അഞ്ചു ശതമാനം താഴ്ന്നു.
വാഹനങ്ങള്‍ക്കും വാഹനഘടകങ്ങള്‍ക്കും യുഎസ് പ്രഖ്യാപിച്ച 25 ശതമാനം തീരുവ 10 ശതമാനമായി കുറയ്ക്കുമെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സോനാ ബിഎല്‍ഡബ്ല്യു, സംവര്‍ധന മദര്‍സണ്‍, രാമകൃഷ്ണ ഫോര്‍ജിംഗ്, ഭാരത് ഫോര്‍ജിംഗ് തുടങ്ങിയ വാഹനഘടക നിര്‍മാതാക്കളും ടാറ്റാ മോട്ടോഴ്‌സും നാലു ശതമാനം വരെ ഉയര്‍ന്നു.
ഡെപ്യൂട്ടി സിഇഒയുടെ രാജിയെ തുടര്‍ന്ന് ആറു ശതമാനം വരെ താഴ്ന്ന ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് പിന്നീട് രണ്ടു ശതമാനം നേട്ടത്തിലേക്കു മാറി.
രൂപ ഇന്ന് ദുര്‍ബലമായി തുടങ്ങിയിട്ടു തിരിച്ചു കയറി നേട്ടം കുറിച്ചു. ഡോളര്‍ ഒന്‍പതു പൈസ കയറി 85.12 രൂപയില്‍ ഓപ്പണ്‍ ചെയ്തു. ഡോളര്‍ സൂചിക 99നു മുകളില്‍ കയറിയത് രൂപയ്ക്കു തുടക്കത്തില്‍ ക്ഷീണമായി. പിന്നീടു ഡോളര്‍ 84.96 രൂപയിലേക്കു താഴ്ന്നു. 2025ല്‍ രൂപയുടെ ഏറ്റവും ഉയര്‍ന്ന നിലയാണിത്.
സ്വര്‍ണം ലോക വിപണിയില്‍ ഔണ്‍സിന് 3,308 ഡോളറിലേക്കു താഴ്ന്നു. കേരളത്തില്‍ ആഭരണ സ്വര്‍ണം പവന് 320 രൂപ വര്‍ധിച്ച് 71,840 രൂപയായി.
ക്രൂഡ് ഓയില്‍ വില സാവധാനം താഴ്ന്നു. ബ്രെന്റ് ഇനം ബാരലിന് 65.37 ഡോളര്‍ എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine