വിപണി താഴ്ന്നിട്ടു ചാഞ്ചാട്ടം; ടിസിഎസ്, ഇൻഫോസിസ്, കിറ്റെക്സ് ഇടിവില്‍, ആർ.വി.എൻ.എൽ നേട്ടത്തില്‍

ബാങ്ക് നിഫ്റ്റിയും മിഡ് ക്യാപ് 100 സൂചികയും ഒരു ശതമാനം ഇടിവിൽ നിന്നു തിരിച്ചു കയറി
stock market watching
Image by Canva
Published on

ഇന്ത്യൻ വിപണി ഇന്നു താഴ്ന്നു വ്യാപാരം തുടങ്ങിയിട്ടു കൂടുതൽ താഴ്ചയിലേക്കു വീണു. പിന്നീടു കുറേ നഷ്ടം കുറച്ചു.

നിഫ്റ്റി 24,507 വരെ താഴ്ന്നിട്ട് 24,600 നു മുകളിലേക്കു തിരിച്ചു കയറി. സെൻസെക്സ് 80,093 വരെ താഴ്ന്നിട്ട് 80,400 നു മുകളിലേക്കു തിരിച്ചെത്തി.

ബാങ്ക് നിഫ്റ്റിയും മിഡ് ക്യാപ് 100 സൂചികയും ഒരു ശതമാനം ഇടിവിൽ നിന്നു തിരിച്ചു കയറി.

ഐടി ഓഹരികൾ രാവിലെ താഴ്ന്നു. ടിസിഎസ്, ഇൻഫോസിസ്, എച്ച്സിഎൽ, എംഫസിസ്, കോഫോർജ് തുടങ്ങിയവ ഒന്നു മുതൽ മൂന്നു വരെ ശതമാനം ഇടിഞ്ഞു. എൻവിഡിയ ഓഹരി യുഎസ് ഫ്യൂച്ചേഴ്സിൽ താഴുന്നതിൻ്റ പശ്ചാത്തലത്തിലാണ് ഈ വീഴ്ച.

ടെക്സ്മാകോ റെയിലും പൊതുമേഖലാ സ്ഥാപനമായ ആർവിഎൻഎലും ഒരു സംയുക്ത കമ്പനിക്കു രൂപം നൽകി. റെയിൽവേ വികസനം ത്വരിതപ്പെടുമ്പോൾ കൂടുതൽ വാഗൺ, കോച്ച്, എൻജിൻ നിർമാണങ്ങൾ ഏറ്റെടുക്കാൻ സംയുക്ത കമ്പനിക്കു കഴിയും. ടെക്സ്മാകോ ഓഹരി ഒന്നര ശതമാനം ഉയർന്നിട്ടു താഴ്ചയിലേക്കു മാറി. ആർവിഎൻഎൽ ഒരു ശതമാനത്തിലധികം ഉയർന്നു.

ടെക്സ്റ്റെെൽ കയറ്റുമതി കമ്പനികൾ രാവിലെ നഷ്ടം കുറച്ചു. കിറ്റെക്സ് ഗാർമെൻ്റ്സ് തുടർച്ചയായ അഞ്ചാം ദിവസവും അഞ്ചു ശതമാനം ഇടിഞ്ഞു.

കൊച്ചിൻ ഷിപ്പ് യാർഡ്, ബെൽ, ഭാരത് ഡൈനാമിക്സ്, എച്ച്എഎൽ, പരസ് ഡിഫൻസ്, ഡാറ്റാ പാറ്റേൺസ്, മസഗോൺ ഡോക്ക്, ഗാർഡൻ റീച്ച് തുടങ്ങിയ പ്രതിരോധ ഓഹരികൾ താഴ്ചയിലായി.

കഴിഞ്ഞ ദിവസം നേട്ടം ഉണ്ടാക്കിയ എഫ്എംസിജി ഓഹരികൾ ഇന്നു നഷ്ടത്തിലേക്കു മാറി.

ഇൻഡിഗോ വിമാന സർവീസ് നടത്തുന്ന ഇൻ്റർ ഗ്ലോബ് ഏവിയേഷനിലെ 3.13 ശതമാനം ഓഹരി പ്രൊമോട്ടർമാർ വിറ്റു. ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു. ഒന്നിന് 5838 രൂപ വച്ചാണ് വിൽപന. 7085 കോടി രൂപ പ്രൊമോട്ടർമാർക്കു ലഭിച്ചു.

രൂപ ഇന്നു നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 16 പൈസ നഷ്ടത്തിൽ 87.52 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് ഡോളർ 87.63 രൂപ വരെ കയറി. ഡോളർ സൂചിക 98.08 വരെ താഴ്ന്നിട്ടുണ്ട്.

ലോകവിപണിയിൽ ഔൺസിനു 3390 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 120 രൂപ കൂടി 75,240 രൂപയിൽ എത്തി.

ക്രൂഡ് ഓയിൽ താഴ്ചയിലാണ്. ബ്രെൻ്റ് ഇനം ക്രൂഡ് ബാരലിന് 67.53 ഡോളറിലായി.

Stock market midday update on 28 august 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com