

വിപണി ഇന്നു താഴ്ന്നു വ്യാപാരം ആരംഭിച്ചു. കൂടുതൽ താഴ്ന്ന സൂചികകൾ പിന്നീടു ചാഞ്ചാട്ടത്തിലായി.
നിഫ്റ്റി 24,854 വരെ കയറിയിട്ട് 24,732 വരെ ഇടിഞ്ഞു. പിന്നീട് അൽപ സമയം നേട്ടത്തിലേക്കു കയറിയ സൂചിക വീണ്ടും താഴ്ന്ന ശേഷം ചാഞ്ചാട്ടം തുടങ്ങി. സെൻസെക്സ് 81,093 വരെ താഴുകയും 81,478 വരെ കയറുകയും ചെയ്തു.
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ താഴ്ചയിൽ നിന്നു ഗണ്യമായി കയറി നേട്ടത്തിലായി. ബാങ്ക് നിഫ്റ്റി നഷ്ടത്തിലാണ്.
ബിസിനസ് കുറയുകയും നിർമിതബുദ്ധി കടന്നുകയറുകയും ചെയ്യുന്ന സാഹചര്യത്തിൽ രണ്ടു ശതമാനം ജീവനക്കാരെ പിരിച്ചു വിടാൻ ടിസിഎസ് തീരുമാനിച്ചതിനെ തുടർന്ന് ഐടി സേവന കമ്പനികൾ ഇന്നു താഴ്ചയിലായി. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ തുടങ്ങിയവ താഴ്ന്നു. എംഫസിസ്, കോഫോർജ്, പെർസിസ്റ്റൻ്റ് തുടങ്ങിയ മിഡ് ക്യാപ് ഐടി കമ്പനികൾ ഇന്ന് ഉയർന്നു.
കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ അറ്റ പലിശ മാർജിൻ കുറയുകയും നിഷ്ക്രിയ ആസ്തി (എൻപിഎ) വർധിക്കുകയും ചെയ്തു. ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.
ആർപിജി ലൈഫ് അറ്റാദായ മാർജിനും അറ്റാദായവും കുറഞ്ഞു. ഓഹരി ഏഴു ശതമാനം താഴ്ചയിലായി.
എസ്ബിഐ കാർഡ് കമ്പനിക്ക് ക്രെഡിറ്റ് കോസ്റ്റ്) ഗണ്യമായി കൂടി. വരുമാനം 12 ശതമാനം വർധിച്ചിട്ടും അറ്റാദായം ആറു ശതമാനം താഴ്ന്നു. ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.
കഴിഞ്ഞയാഴ്ച വലിയ ഇടിവിലായ ഇന്ത്യൻ എനർജി എക്സ്ചേഞ്ച് (ഐഇ എക്സ്) ഇന്നു രാവിലെ എട്ടു ശതമാനത്തോളം ഇടിവിലായി.
യുഎസുമായി യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ഉണ്ടാക്കിയത് അനുകൂല ഘടകമായതു പരിഗണിച്ച് ടാറ്റാ മോട്ടോഴ്സ് ഇന്നു രാവിലെ ഉയർന്നു.
സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യ (സെയിൽ) ഒന്നാം പാദ അറ്റാദായം ഒൻപതു മടങ്ങാക്കിയെങ്കിലും അനലിസ്റ്റുകള്‍ ഓഹരിയെ താഴ്ത്തി. മോർഗൻ സ്റ്റാൻലി ഓഹരിയുടെ ലക്ഷ്യവില 20 ശതമാനം കുറച്ചു. സെയിലിൻ്റെ ലാഭമാർജിൻ ഗണ്യമായി കുറഞ്ഞു.
വേദാന്ത ലിമിറ്റഡ് 865 കോടി രൂപയുടെ കരാർ നൽകിയതിനെ തുടർന്ന് ഏഷ്യൻ എനർജി സർവീസസ് ഓഹരി 10 ശതമാനം കുതിച്ചു.
രൂപ ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ അഞ്ചു പൈസ താഴ്ന്ന് 86.47 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 86.40 രൂപ ആയി.
സ്വർണം ലോക വിപണിയിൽ ഔൺസിന് 3336 ഡോളറിലേക്കു കയറി. കേരളത്തിൽ ആഭരണ സ്വർണം വിലമാറ്റം ഇല്ലാതെ പവന് 73,280 രൂപയിൽ തുടർന്നു.
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റം ഇല്ലാതെ തുടരുന്നു. ബ്രെൻ്റ് ഇനം ബാരലിന് 68.71 ഡോളർ വരെ കയറി.