വിപണി ചാഞ്ചാടുന്നു, ഐടി മുന്നേറുന്നു; ബാങ്ക്, ധനകാര്യ, മെറ്റൽ ഓഹരികള്‍ ഇടിവില്‍

രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 15 പൈസ കുറഞ്ഞ് 95.76 രൂപയിൽ ഓപ്പൺ ചെയ്തു
stock market
Image courtesy: Canva
Published on

ചെറിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീടു ചാഞ്ചാട്ടത്തിലായി. നിഫ്റ്റി 24,040 വരെയും സെൻസെക്സ് 76,988 വരെയും കയറിയിട്ടു താഴ്ന്നു നീങ്ങി.

ബാങ്ക്, ധനകാര്യ, മെറ്റൽ, ഓയിൽ, കൺസ്യൂമർ ഡ്യൂറബിൾസ്, ഓട്ടോ, മീഡിയ മേഖലകൾ രാവിലെ താഴ്ന്നു. സ്‌മോൾ ക്യാപ് ഓഹരികളും രാവിലെ താഴ്ചയിലാണ്.

ഐടി ഓഹരികൾ ഇന്നും മികച്ച നേട്ടമുണ്ടാക്കി. ഐടി സൂചിക 3.4 ശതമാനം ഉയർന്നു. ഇൻഫോസിസും ടിസിഎസും ടെക് മഹീന്ദ്രയും മൂന്നു ശതമാനത്തോളം കയറി. മികച്ച വളർച്ച കാണിച്ച ഒന്നാംപാദ റിസൽട്ടിനെ തുടർന്നു കോഫോർജ് ഒൻപതു ശതമാനം കുതിച്ചു.

എഫ്എംസിജി, റിയൽറ്റി, ഫാർമ, ഹെൽത്ത് മേഖലകൾ രാവിലെ നേട്ടത്തിലായി.

എഫ്എംസിജി വമ്പൻ ഹിന്ദുസ്ഥാൻ യൂണി ലീവർ ഒന്നാം പാദ റിസൽട്ട് പ്രസിദ്ധീകരിച്ചു. അറ്റാദായം അനാലിസ്റ്റുകളുടെ നിഗമനത്തിലും കുറവായി. ഓഹരി നാലു ശതമാനം ഇടിഞ്ഞു.

പ്രതീക്ഷയിലും മോശമായ റിസൽട്ടിനെ തുടർന്നു കോൾ ഇന്ത്യ ഓഹരി മൂന്നര ശതമാനം താഴ്ന്നു.

വരുമാനം 73 ശതമാനം കൂട്ടുകയും മാർജിൻ മെച്ചപ്പെടുത്തുകയും ചെയ്ത ഏയ്റോഫ്ലെക്സ് ഇൻഡസ്ട്രീസ് എട്ടു ശതമാനം കുതിച്ചു.

ആർആർ കേബിൾ ഓഹരി വാങ്ങാൻ സിഎൽഎസ്എ ശിപാർശ ചെയ്തു ഓഹരി ഏഴു ശതമാനം നേട്ടത്തിലായി.

ഒന്നാം പദ റിസൽട്ട് വളരെ മോശമായതിനെ തുടർന്നു ഗോഡ്ഫ്രേ ഫിലിപ്സ് ഓഹരി ഏഴു ശതമാനം ഇടിഞ്ഞു.

മികച്ച ഒന്നാം പാദ റിസൽട്ടിനെ തുടർന്നു ലോധ ഡവലപ്പേഴ്സ് ഓഹരി 10 ശതമാനം കയറി.

ഫെഡറൽ ബാങ്ക് ഓഹരി രാവിലെ 358 രൂപ എന്ന റെക്കോർഡ് കുറിച്ചിട്ട് നഷ്ടത്തിലേക്കു മാറി.

രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 15 പൈസ കുറഞ്ഞ് 95.76 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 95.63 രൂപ വരെ താഴ്ന്നു.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4050 ഡോളറിനു താഴെ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1240 രൂപ കുറഞ്ഞ് 1,05,720 രൂപ ആയി.

ക്രൂഡ് ഓയിൽ വില താഴ്ന്നു. ബ്രെൻ്റ് ഇനം 87.12 ഡോളറിലും ഡബ്ള്യുടിഐ ഇനം 81.51 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com