സൂചികകൾ ചാഞ്ചാടുന്നു; കൊച്ചിൻ ഷിപ്പ്‌യാർഡ്, ബിഎസ്ഇ ലിമിറ്റഡ്, ടാറ്റാ മോട്ടോഴ്‌സ് നേട്ടത്തില്‍

മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തില്‍.
Stock market
Image Created with Meta AI
Published on

ആഗോള വിപണികളിലെ അനിശ്ചിതത്വം ഇന്ത്യൻ വിപണിയെ ചാഞ്ചാടിക്കുന്നു. ഇന്ത്യക്കു പ്രശ്നമൊന്നും ഇല്ല എന്നു കാണിക്കാൻ ശ്രമിക്കുന്നതു പോലെയാണ് ഓഹരി വിപണി നീങ്ങുന്നത്. ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി പിന്നീട് ചാഞ്ചാട്ടത്തിലായി. ഒരവസരത്തിൽ 0.35 ശതമാനം വരെ മുഖ്യ സൂചികകൾ താഴ്ന്നു.

ബാങ്ക് നിഫ്റ്റിയും കയറിയിറങ്ങി. ഐടി, ഓട്ടോ, ഫാർമ, ഹെൽത്ത്കെയർ മേഖലകൾ നഷ്ടത്തിനു മുന്നിൽ നിൽക്കുന്നു.

മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രാവിലെ മുതൽ നല്ല നേട്ടത്തിലാണ്.

ബിഎസ്ഇ ലിമിറ്റഡ് ഓഹരി ഇന്ന് 14 ശതമാനം കുതിച്ചു. എൻഎസ്ഇ ഐപിഒ ഉടനൊന്നും നടക്കില്ല എന്ന് ഉറപ്പായതും ഡെറിവേറ്റീവ് ക്ലോസിംഗ് തിങ്കളാഴ്ചയിലേക്കു മാറ്റാനുള്ള എൻഎസ്ഇ ശ്രമം പരാജയപ്പെട്ടതും ഓഹരിയെ സഹായിച്ചു. ബിഎസ്ഇ ലിമിറ്റഡ് ഞായറാഴ്ച ബോണസ് ഓഹരികളുടെ കാര്യം തീരുമാനിക്കും. രണ്ടു ദിവസം കൊണ്ട് ഓഹരി 18 ശതമാനം കയറിയിട്ടുണ്ട്.

വിദേശ ബ്രോക്കറേജ് നുവാമ റേറ്റിംഗ് ഉയർത്തിയതിനെ തുടർന്ന് ശ്രീ സിമൻ്റ് മൂന്നു ശതമാനം ഉയർന്നു.

കൊച്ചിൻ ഷിപ്പ് യാർഡ് രാവിലെ മൂന്നു ശതമാനം ഉയർന്നു. എഫ്എസിടിയും മൂന്നു ശതമാനത്തിലധികം കയറി.

നിഫ്റ്റി 50 യിലേക്ക് ഇന്നു ചേർക്കപ്പെടുന്ന ജിയോ ഫിനാൻസും സൊമാറ്റോയും രാവിലെ നേട്ടത്തിലായി.

വാഹനങ്ങൾക്കും ഘടകങ്ങൾക്കും അമേരിക്ക ചുങ്കം ചുമത്തിയതിനെ തുടർന്ന് ഇന്നലെ താഴ്ന്ന ടാറ്റാ മോട്ടോഴ്‌സും സംവർധന മദർസണും ഭാരത് ഫോർജും അടക്കമുളള ഓഹരികൾ ഇന്നു രാവിലെ കയറ്റത്തിലായി.

2978 ഗൂർഖാ ലൈറ്റ് വാഹനങ്ങൾക്കു പ്രതിരോധ മന്ത്രാലയം ഓർഡർ നൽകിയതിനെ തുടർന്നു ഫോഴ്സ് മോട്ടോഴ്സ് ഓഹരി ഏഴു ശതമാനം കയറി. പിന്നീടു നേട്ടം കുറഞ്ഞു.

ഗോൾഡ്മാൻ സാക്സ്, റിലയൻസ് ഇൻഡസ്ട്രീസിനു വാങ്ങൽ ശിപാർശ നൽകി.

രൂപ ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. ഡോളർ 13 പൈസ താഴ്ന്ന് 85.65 രൂപയിൽ ഓപ്പൺ ചെയ്തു. 85.60 രൂപ വരെ ഡോളർ താഴ്ന്നു.

സ്വർണം ലോകവിപണിയിൽ ഔൺസിന് 3073 ഡോളറിലേക്കു കുതിച്ചു കയറി. കേരളത്തിൽ ആഭരണ സ്വർണം പവന് 840 രൂപ വർധിച്ച് 66,720 രൂപ എന്ന റെക്കോർഡിൽ എത്തി.

ക്രൂഡ് ഓയിൽ വില ഉയർന്നു തുടരുന്നു. ബ്രെൻ്റ് ഇനം ബാരലിന് 74.08 ഡോളറിലായി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com