
തുടക്കത്തിലെ ചാഞ്ചാട്ടത്തിനു ശേഷം വിപണി ഇന്നും താഴുകയാണ്. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഉയർന്നുവെങ്കിലും വിപണിയുടെ മുഖ്യ സൂചികകൾ നഷ്ടത്തിലാണ്.
പ്രതിരോധ ഓഹരിയായ ഭാരത് ഡൈനാമിക്സ് നാലാം പാദത്തിൽ ലാഭമാർജിൻ കുറച്ചത് ഓഹരിയെ താഴ്ത്തി. വരുമാനം ഇരട്ടിച്ചപ്പോൾ ലാഭം 5.5 ശതമാനം കുറഞ്ഞു. ഓഹരി ആദ്യം അഞ്ചു ശതമാനം താഴ്ന്നിട്ട് നഷ്ടം കുറച്ചു.
ഐടിസിയുടെ 2.57 ശതമാനം ഓഹരി പ്രൊമോട്ടർ കമ്പനി ബ്രിട്ടീഷ് അമരിക്കൻ ടുബാക്കോ (ബാറ്റ്) ഓഹരി ഒന്നിനു 417 രൂപ വച്ച് വിറ്റു. വിപണിവിലയേക്കാൾ താഴ്ന്നായിരുന്നു വിൽപന. ഓഹരി വില മൂന്നര ശതമാനം താഴ്ന്ന് 417 രൂപയിലേക്ക് എത്തി.
എൽഐസിയുടെ നാലാം പാദ വരുമാനവും ലാഭവും മികച്ചതായി. ഓഹരി നാലു ശതമാനത്തോളം ഉയർന്നു.
വരുമാനം 24 ശതമാനവും ലാഭം 14 ശതമാനവും വർധിപ്പിച്ച ത്രിവേണി എൻജിനിയറിംഗ് ഓഹരി 10 ശതമാനം കുതിച്ചു.
രൂപ ഇന്നും താഴ്ചയിലാണ്. ഡോളർ 31 പെെസ കൂടി 85.64 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 85.69 രൂപയിലേക്കു കയറി.
സ്വർണം ലോക വിപണിയിൽ ഔൺസിന് 3293 ഡോളറിലേക്ക് ഇടിഞ്ഞു. കേരളത്തിൽ ആഭരണ സ്വർണം വിലമാറ്റം ഇല്ലാതെ പവന് 71,480 രൂപയിൽ തുടരുന്നു.
ക്രൂഡ് ഓയിൽ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ബ്രെൻ്റ് ഇനം 64.34 ഡോളറിൽ എത്തി.