

ഇന്ത്യൻ വിപണി വീണ്ടും ഇടിവിലായി. ഇന്നു രാവിലെ നഷ്ടത്തിൽ തുടങ്ങിയിട്ടു കൂടുതൽ താഴ്ന്നു. നിഫ്റ്റി 22,500 നു താഴെ എത്തി. സെൻസെക്സ് 72,600 നു സമീപമായി.
ജിയോ പ്ലാറ്റ്ഫോംസ് 21.36 ശതമാനം നേട്ടത്തോടെ 1358 രൂപയിൽ ലിസ്റ്റ് ചെയ്തു. 1119 രൂപയായിരുന്നു ഐപിഒ ഇഷ്യു വില. ലിസ്റ്റിംഗിൽ കമ്പനിയുടെ വിപണി മൂല്യം 12.50 ലക്ഷം കോടി രൂപയായി. റിലയൻസ് ഇൻഡസ്ട്രീസിനു പിന്നിൽ വിപണിമൂല്യത്തിൽ രണ്ടാം സ്ഥാനത്താണു ജിയോ. എയർടെലും എച്ച്ഡിഎഫ്സിയും ഐസിഐസിയും ടിസിഎസും ജിയോയ്ക്കു താഴെയാണ്. ഓഹരി 1373 രൂപ വരെ കയറിയിട്ട് താഴ്ന്നു.
എഐ ഭീമൻ അന്ത്രോപിക്കിൻ്റെ ഐപിഒ വരുന്നത് എഐ മേഖലയുടെ മുന്നേറ്റത്തിനു വേഗം കൂട്ടും. അത് ഇന്ത്യൻ ഐടി സേവന കമ്പനികൾക്ക് ആഘാതമാകും എന്ന ഭീതി ഐടി സേവന ഓഹരികളെ വലിച്ചു താഴ്‌ത്തി. ഇൻഫോസിസും എംഫസിസും കോഫോർജും നാല് ശതമാനത്തിലധികം ഇടിഞ്ഞു. നിഫ്റ്റി ഐടി സൂചിക 3.5 ശതമാനത്തോളം താഴ്ന്നു.
ഹിന്ദുസ്ഥാൻ യൂണിലീവറിൻ്റെ രണ്ടാം പാദ വരുമാനം പ്രതീക്ഷയിലും മികച്ചതും ലാഭം പ്രതീക്ഷയിലും കുറവുമായി. 18,226 കോടി രൂപ വരുമാനത്തിൽ എച്ച് യുഎൽ 2790 കോടി രൂപ അറ്റാദായം ഉണ്ടാക്കി. ഓഹരി 2.5 ശതമാനം നഷ്ടത്തിൽ തുടർന്നു. കമ്പനിയുടെ വിൽപന വളർച്ച അളവിൽ ഏഴു ശതമാനമാണ്. ഓഹരി 1.70 ശതമാനം താഴ്ന്നു.
വിൽപനയിലും ലാഭത്തിലും മികച്ച വളർച്ച കൈവരിച്ച യുനൈറ്റഡ് ബ്രൂവറീസ് രാവിലെ 15 ശതമാനം കുതിച്ചു. മുന്നേറ്റം നടത്തിയ രണ്ടാം പാദ റിസൽട്ട് പിരമൾ ഫാർമയെ 14 ശതമാനം ഉയർത്തി.
മികച്ച റിസൽട്ടിനെ തുടർന്ന് എൽ ആൻഡ് ടിയും റെയ്മണ്ട് റിയൽറ്റിയും ആറു ശതമാനത്തോളം ഉയർന്നു.
മികച്ച റിസൽട്ടിൽ ബജാജ് ഓട്ടോ മൂന്നു ശതമാനത്തിലധികം നേട്ടത്തിലായി.
റിസൽട്ട് പ്രതീക്ഷയിലും മോശമായത് വാരീ എനർജീസിനെ നാലു ശതമാനം താഴ്‌ത്തി.
രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയിട്ടു താഴ്ന്നു. ഡോളർ 10 പൈസ കുറഞ്ഞ് 95.02 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു 95.17 രൂപയിലേക്കു കയറി.
ലോക വിപണിയിൽ സ്വർണം താഴ്ന്നു 4044 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 480 രൂപ കൂടി 1,05,560 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ വില വീണ്ടും കയറി. ബ്രെൻ്റ് ഇനം 115.51 ഡോളറിലും ഡബ്ള്യുടിഐ ഇനം 101.31 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine