വിപണി മുന്നേറ്റത്തിൽ, പ്രധാന സൂചികകൾ 0.85% ഉയർന്നു, ഓട്ടോ, എഫ്.എം.സി.ജി, ഐ.ടി ഓഹരികള്‍ മുന്നേറ്റത്തില്‍ ; രൂപ താഴ്ചയിൽ

ക്രൂഡ് ഓയിൽ വില രാവിലെ താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 111.25 ഡോളറിൽ എത്തി
stock market
Published on

ഏഷ്യൻ വിപണികളെ പിന്തുടരാതെ ഇന്ത്യൻ വിപണി ഇന്നു നേട്ടത്തിലായി. രാവിലെ ഒരു മണിക്കൂറിനകം പ്രധാന സൂചികകൾ 0.85 ശതമാനം ഉയർന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും മുന്നേറി.

ഓട്ടോ, എഫ്എംസിജി, ഐടി, റിയൽറ്റി മേഖലകൾ ഇന്നു രാവിലെ കുതിച്ചു.

വിപണി വിഹിതം കുറയുകയും ലാഭം ഇടിയുകയും ചെയ്തതിനെ തുടർന്നു മാരുതി സുസുകിയുടെ ലക്ഷ്യവില മിക്ക ബ്രോക്കറേജുകളും താഴ്ത്തി. ജെഫറീസ് 13,800 രൂപ, എച്ച്എസ്ബിസി 15,000 രൂപ, യുബിഎസ് 13,970 രൂപ എന്നിങ്ങനെയാണു വിദേശ ബ്രോക്കറേജുകൾ വില നിർണയിച്ചത്. ചില ഇന്ത്യൻ ബ്രോക്കറേജുകൾ 18,000 രൂപ വരെ ലക്ഷ്യവില കാണുന്നുണ്ട്. മാരുതി ഓഹരി അഞ്ചു ശതമാനം കുതിച്ചു.

മികച്ച റിസൽട്ടിനെ തുടർന്നു ഫീനിക്സ് മിൽസിൻ്റെ ലക്ഷ്യവില 2000 രൂപയായി സിഎൽഎസ്എ നിശ്ചയിച്ചു. ഓഹരി ഒന്നര ശതമാനം ഉയർന്നു.

ലീല പാലസ് ഹോട്ടൽസ് ഓഹരിക്ക് 541 രൂപ ലക്ഷ്യവില നിർണയിച്ച എച്ച്എസ്ബിസി ഓഹരിക്കു ഹോൾഡ് (തുടർന്നും കൈവശം വയ്ക്കാൻ) ശിപാർശ നൽകി. ഓഹരി രണ്ടു ശതമാനം ഉയർന്നു.

എറ്റേണൽ ഓഹരിക്കു വാങ്ങൽ ശിപാർശ നൽകിയ സിഎൽഎസ്എ 505 രൂപയായി ഓഹരിയുടെ ലക്ഷ്യവില ഉയർത്തി. ഓഹരി മൂന്നു ശതമാനം കയറി.

മികച്ച നാലാം പാദ റിസൽട്ടിനെ തുടർന്ന് ടയർ കമ്പനി സിയറ്റ് ലിമിറ്റഡ് ഓഹരി 10 ശതമാനം വരെ കുതിച്ചു.

മികച്ച ലാഭവർധന കാണിച്ച നാലാം പാദ റിസൽട്ടിനെ തുടർന്നു ബന്ധൻ ബാങ്ക് ഓഹരി 12 ശതമാനം ഉയർന്നു.

ലാഭത്തിലേക്കു തിരിച്ചു വന്ന സ്റ്റാർ ഹെൽത്ത് ഓഫർ ഓഹരി ഏഴു ശതമാനം മുന്നേറി.

മികച്ച നാലാം പാദ റിസൽട്ടിനെ തുടർന്ന് കനറ എച്ച്എസ്ബിസി ലൈഫ് ആറര ശതമാനം ഉയർന്നു.

ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്സ് ആവേശകരമായ നാലാം പാദ റിസൽട്ട് പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഓഹരി 15 ശതമാനം കുതിച്ചു. ഈ പശ്ചാത്തലത്തിൽ മസഗോൺ ഡോക്ക് 4.5 ഉം കൊച്ചിൻ ഷിപ് യാർഡ് 3.5 ഉം ശതമാനം കയറി.

വരുമാനവും ലാഭവും കുറഞ്ഞ ആർഇസി ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.

രൂപ ഇന്നും ദുർബലമായി. ഡോളർ 20 പൈസ ഉയർന്ന് 94.74 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് ഡോളർ 94.79 രൂപയിലേക്കു കയറി.

ലോകവിപണിയിൽ സ്വർണവില ഔൺസിന് 4594 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 680 രൂപ കുറഞ്ഞ് 1,11,000 രൂപയിൽ എത്തി.

ക്രൂഡ് ഓയിൽ വില രാവിലെ താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് വീപ്പയ്ക്ക് 111.25 ഡോളറിൽ എത്തി. ഡബ്ള്യുടിഐ ഇനം 99.32 . ഡോളറിലേക്കു താഴ്ന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com