

വിപണിയിലെ അനിശ്ചിതത്വം പ്രകടമാക്കുന്നതായി ഇന്ന് ഇന്ത്യൻ വിപണിയുടെ വ്യാപാരത്തുടക്കം. നേരിയ താഴ്ചയിൽ വ്യാപാരം തുടങ്ങിയിട്ട് നേട്ടത്തിലേക്കു കയറി. താമസിയാതെ നഷ്ടത്തിലേക്കു തിരിച്ചു വീണു. വീണ്ടും കയറി, ഇറങ്ങി.
നിഫ്റ്റി 24,466 ൽ വ്യാപാരം തുടങ്ങി 24,564 വരെ കയറുകയും പിന്നീടു ചാഞ്ചാടുകയും ചെയ്തു. 80,010 ൽ വ്യാപാരം ആരംഭിച്ച സെൻസെക്സ് 80,277 വരെ കയറി. തുടർന്നു ചാഞ്ചാട്ടമായി. മിഡ് ക്യാപ്, സ്മാേൾ ക്യാപ് സൂചികകൾ നഷ്ടത്തിൽ തുടർന്നു.
ബാങ്ക്, ധനകാര്യ, എഫ്എംസിജി ഒഴികെ എല്ലാ മേഖലകളും രാവിലെ നഷ്ടത്തിലായിരുന്നു.
ടൂത്ത് പേസ്റ്റിൻ്റെ ജിഎസ്ടി അഞ്ചു ശതമാനമായി കുറയ്ക്കുമെന്ന സൂചനയിൽ കോൾഗേറ്റ് നാലു ശതമാനം ഉയർന്നു. എഫ്എംസിജി ഉൽപന്നങ്ങളുടെ നികുതി കുറയും എന്ന ധാരണയിൽ എഫ്എംസിജി ഓഹരികൾ എല്ലാം ഇന്നു കയറ്റത്തിലാണ്. ബ്രിട്ടാനിയ, എച്ച് യു എൽ, ഡാബർ, ഗോദ്റെജ് കൺസ്യൂമർ, നെസ്‌ലെ തുടങ്ങിയവ കയറി.
ചെരിപ്പുകളുടെ നികുതി അഞ്ചു ശതമാനമാക്കി കുറയ്ക്കും എന്ന നിഗമനം റിലാക്സോ ഫുട്ട് വെയേഴ്സിനെ ഒൻപതു ശതമാനം ഉയർത്തി. ബാറ്റായും ഇന്നു കയറ്റത്തിലാണ്.
കൺസ്യൂമർ ഡ്യൂറബിൾസ് ഓഹരികൾ ഇന്നു നേട്ടത്തിലായി.
ഇന്ന് ഉച്ചകഴിഞ്ഞ് ഓഹരി ഉടമകളുടെ പൊതുയോഗം നടക്കാനിരിക്കെ റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഉയർന്നു. യോഗത്തിൽ ചെയർമാൻ മുകേഷ് അംബാനി വലിയ പ്രഖ്യാപനം നടത്തും എന്ന പ്രതീക്ഷ ഉണ്ട്. റിലയൻസ് ജിയോയും ഉയർന്നു.
നികുതി കുറയ്ക്കൽ പ്രതീക്ഷയിൽ ഓഗസ്റ്റ് പകുതിക്കു ശേഷം വാഹന വിൽപന ഗണ്യമായി കുറഞ്ഞെന്ന റിപ്പോർട്ട് ഇന്ന് വാഹന ഓഹരികളെ താഴ്ത്തി.
രൂപ ഇന്നു വീണ്ടും ദുർബലമായി. ഡോളർ ഏഴു പൈസ കൂടി 87.70 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 87.75 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3411 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 320 രൂപ കൂടി 75,560 രൂപയിൽ എത്തി.
ക്രൂഡ് ഓയിൽ വില സാവധാനം കുറഞ്ഞു വരികയാണ്. ബ്രെൻ്റ് ഇനം ബാരലിന് 68.17 ഡോളർ ആയി.
Stock market midday update on 29 august 2025.
Read DhanamOnline in English
Subscribe to Dhanam Magazine