

വിപണി ഇന്നു താഴ്ന്നു വ്യാപാരം ആരംഭിച്ചിട്ട് കൂടുതൽ താഴ്ന്നെങ്കിലും താമസിയാതെ നേട്ടത്തിലായി. സെൻസെക്സ് 80,575 വരെ താഴ്ന്നിട്ട് 80,990 വരെ കയറി. നിഫ്റ്റി 24,598 വരെ താഴ്ന്നിട്ട് 24,727 വരെ കയറി. പിന്നീടു ചാഞ്ചാട്ടമായി.
ബാങ്ക് നിഫ്റ്റിയും ധനകാര്യ ഓഹരികളും രാവിലെ കയറിയിറങ്ങി നീങ്ങി.
കഴിഞ്ഞ ദിവസങ്ങളിൽ ഇടിവിലായിരുന്ന റിയൽ എസ്റ്റേറ്റ് ഓഹരികൾ ഇന്ന് ഉയർന്നു. ഗോദ്റെജ് പ്രോപ്പർട്ടീസും ഡിഎൽഎഫും രണ്ടു ശതമാനത്തിലധികം കയറി.
വരുമാനം 57.9 ശതമാനം വർധിച്ചപ്പോൾ പരദീപ് ഫോസ്ഫേറ്റ്സിൻ്റെ അറ്റാദായം 47 മടങ്ങ് ആയി. ഓഹരി 10 ശതമാനം കുതിച്ചു. 3724 കോടി രൂപ വിറ്റുവരവിൽ 255.8 കോടി രൂപയാണ് അറ്റാദായം.
കഴിഞ്ഞ ദിവസങ്ങളിൽ താഴ്ചയിലായിരുന്ന ഇൻഡസ് ഇൻഡ് ബാങ്ക് പ്രതീക്ഷ പോലെ ലാഭത്തിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. അറ്റ പലിശവരുമാനം 14 ശതമാനം കുറഞ്ഞു. എങ്കിലും ഓഹരി രണ്ടു ശതമാനം ഉയർന്നു. ജെപി മോർഗൻ സ്റ്റാൻലി ഓഹരിക്ക് 550 രൂപയാണു ലക്ഷ്യവില ഇട്ടത്.
കെഇസി ഇൻ്റർനാഷണൽ ഒന്നാം പാദത്തിൽ അറ്റാദായം 42.3 ശതമാനം വർധിപ്പിച്ചു. വരുമാനം 11.3 ശതമാനം വർധിച്ചപ്പോൾ അറ്റാദായ മാർജിൻ ആറിൽ നിന്ന് ഏഴു ശതമാനമായി. ഒന്നാം പാദത്തിൽ പുതിയ കരാറുകൾ 28 ശതമാനം കുറഞ്ഞത് ഓഹരിവിലയെ പിടിച്ചു നിർത്തി. 90,000 കോടി രൂപയുടെ കരാറുകൾ കൈയിലുള്ള കമ്പനി സൗദി അറേബ്യയിൽ നിന്ന് 20,000 കോടിയുടെ കരാർ കൂടി പ്രതീക്ഷിക്കുന്നുണ്ട്.
പ്രവർത്തനലാഭം 53 ശതമാനവും അറ്റാദായം 35 ശതമാനവും ഇടിഞ്ഞ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ഓഹരി നാലു ശതമാനം വരെ ഇടിഞ്ഞു. റെക്കോർഡ് വിലയായ 3775 ൽ നിന്നു 30 ശതമാനത്തിലധികം താഴ്ചയിലാണ്. എന്നാൽ ആൻ്റിക് ബ്രോക്കിംഗ് ഓഹരിക്ക് വാങ്ങൽ ശിപാർശ നൽകി. ലക്ഷ്യവില 3858 രൂപയായി ഉയർത്തി. സ്കോർപീൻ ക്ലാസിൽപെട്ട മൂന്ന് അന്തർവാഹിനികളുടെ നിർമാണ കരാർ കമ്പനിക്കു ലഭിക്കും എന്നതാണ് ആൻ്റിക് കാണുന്ന അനുകൂല ഘടകം. ഇന്നു രാവിലെ 2675 രൂപവരെ ഓഹരിവില താഴ്ന്നു.
കൊച്ചിൻ ഷിപ്പ് യാർഡ് ഉയർന്നെങ്കിലും എച്ച്എഎൽ, ബെൽ, ബിഡിഎൽ, ഗാർഡൻ റീച്ച് തുടങ്ങിയ പ്രതിരോധ ഓഹരികൾ താഴ്ന്നു.
ഗോ ഡിജിറ്റ് ജനറൽ ഇൻഷ്വറൻസ് ഒന്നാം പാദ അറ്റാദായം 36.5 ശതമാനം വർധിപ്പിച്ചു. ഓഹരി ഏഴു ശതമാനം വർധിച്ചു.
രൂപ ഇന്നും താഴ്ന്നു. ഡോളർ രാവിലെ 16 പൈസ കൂടി 86.83 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ സൂചിക 98.65 ലാണ്. ഡോളർ 86.78 രൂപ വരെ താഴ്ന്നിട്ട് 86.91 രൂപയിലേക്കു കയറി.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3313 ഡോളറിലാണ്. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 80 രൂപ കുറഞ്ഞ് 73,200 രൂപ ആയി. പ
ക്രൂഡ് ഓയിൽ രാവിലെ കയറിയിട്ട് അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം 69.96 ഡോളറിലാണ്.