വിപണി മുന്നേറി; നിഫ്റ്റി 24,200 നു മുകളിൽ, ഐ.ടി, മെറ്റല്‍‌ ഓഹരികള്‍ മുന്നേറ്റത്തില്‍

രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 13 പൈസ കുറഞ്ഞ് 95.72 രൂപയിൽ ഓപ്പൺ ചെയ്തു
new investors, stock market
Image courtesy: Canva
Published on

ഇന്ത്യൻ വിപണി നേട്ടത്തോടെ തുടങ്ങിയിട്ടു കൂടുതൽ മുന്നേറി. ദക്ഷിണ കൊറിയൻ വിപണി എട്ടു ശതമാനം ഇടിഞ്ഞതോ യുഎസ് ഫ്യൂച്ചേഴ്സ് താഴ്ന്നതോ ക്രൂഡ് ഓയിൽ ഉയരുന്നതോ നിക്ഷേപകർ പ്രശ്നമാക്കിയില്ല.

രാവിലെ സെൻസെക്സ് 77,593 ഉം നിഫ്‌റ്റി 24,221 ഉം വരെ ഉയർന്നു. റിയൽറ്റി ഒഴികെ എല്ലാ മേഖലാ സൂചികകളും കയറ്റത്തിലാണ്. ഐടിയും മെറ്റലുമാണ് മുന്നേറ്റത്തിനു നേതൃത്വം വഹിക്കുന്നത്.

പഞ്ചസാരയുടെ വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാർ സ്റ്റോക്ക് നിയന്ത്രണം പ്രഖ്യാപിച്ചു അവശ്യസാധന നിയമപ്രകാരം നവംബർ 30 വരെയാണു നിയന്ത്രണം. 400 ടണ്ണിൽ കൂടുതൽ പഞ്ചസാര സ്റ്റോക്ക് ചെയ്യുന്നതു വിലക്കി. പഞ്ചസാരമിൽ ഓഹരികൾ രാവിലെ താഴ്ന്നു.

വിറ്റുവരവ് ഗണ്യമായി കൂട്ടുകയും അറ്റാദായം ആറിരട്ടിയാക്കുകയും ചെയ്ത ഡിസിഎം ശ്രീറാം ഓഹരി രാവിലെ 10 ശതമാനം വരെ കുതിച്ചു.

മികച്ച റിസൽട്ടും മികച്ച ഓർഡർ വർധനയും എൽ ആൻഡ് ടിയെ മൂന്നു ശതമാനം ഉയർത്തി.

ഒന്നാം പാദത്തിൽ വിറ്റുവരവും അറ്റാദായവും കുറഞ്ഞ വിഎസ്‌ടി ഇൻഡസ്ട്രീസിൻ്റെ ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞു.

ഫെഡറൽ ബാങ്ക് രാവിലെ 359.90 രൂപ എന്ന റെക്കോർഡ് നിലയിൽ ഓപ്പൺ ചെയ്തിട്ട് അല്പം താഴ്ന്നു.

വിറ്റുവരവ് 36 ശതമാനം കൂട്ടുകയും അറ്റാദായം 24 ശതമാനം വർധിപ്പിക്കുകയും ചെയ്ത പരദീപ് ഫോസ്ഫേററ്സ് ഓഹരി 12 ശതമാനം വരെ കുതിച്ചു.

ജൂൺ പാദ റിസൽട്ടിനെ തുടർന്ന് ഇന്നലെ ഏഴു ശതമാനം ഇടിഞ്ഞ ഹിന്ദുസ്ഥാൻ യൂണി ലീവർ ഇന്ന് 3.5 ശതമാനം കയറി. കമ്പനിയുടെ മാതൃകമ്പനിയുടെ റിസൽട്ട് മികച്ചതായിരുന്നു. കമ്പനി ബിസിനസ് വളർച്ച പ്രതീക്ഷ ഉയർത്തി.

മികച്ച ജൂൺ പാദ റിസൽട്ടിനെ തുടർന്നു ടാറ്റാ കാപ്പിറ്റൽ നാലു ശതമാനം കയറി.

രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ 13 പൈസ കുറഞ്ഞ് 95.72 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 95.78 രൂപ വരെ കയറി.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4025 ഡോളറിനു താഴെ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 480 രൂപ കുറഞ്ഞ് 1,05,240 രൂപ ആയി.

ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെൻ്റ് ഇനം 87.83 ഡോളറിലും ഡബ്ള്യുടിഐ ഇനം 82.70 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com