വിപണി ചാഞ്ചാട്ടത്തിൽ; ഹെൽത്ത് കെയർ, ഫാർമ, മെറ്റൽ ഓഹരികള്‍ നേട്ടത്തില്‍, ഐടിക്കു ക്ഷീണം

രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ അഞ്ചു പൈസ കുറഞ്ഞ് 94.35 രൂപയിൽ ഓപ്പൺ ചെയ്തു
Stock market trading via mobile
Demat account Image : Canva
Published on

വിപണി ചാഞ്ചാട്ടത്തിലാണ്. നേരിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയിട്ട് ഗണ്യമായ ഉയർച്ചയിലേക്കു മാറി. പിന്നീട് നഷ്ടത്തിലേക്കു വീണിട്ടു തിരിച്ചു കയറി. വീണ്ടും ചാഞ്ചാട്ടമായി.

ഹെൽത്ത് കെയർ, ഫാർമ, മെറ്റൽ, എഫ്എംസിജി എന്നീ മേഖലകൾ മാത്രമാണ് രാവിലെ ഉയർന്നു നീങ്ങുന്നത്. ഐടി, ഓട്ടോ, ബാങ്ക് തുടങ്ങിയവ താഴ്ചയിലാണ്.

പെർസിസ്റ്റൻ്റ് സിസ്റ്റംസ് ജർമനി ആസ്ഥാനമായുള്ള നഗാരോ എന്ന ഡിജിറ്റൽ എൻജിനിയറിംഗ് കമ്പനിയെ വാങ്ങും. ഇതു കഴിയുന്നതോടെ കമ്പനി ഇന്ത്യയിലെ ഐടി സേവന കമ്പനികളിൽ ആറാം സ്ഥാനത്തേക്ക് ഉയരാം. ഏറ്റെടുക്കൽ നേട്ടമാകും എന്നു വിലയിരുത്തിയ സിഎൽഎസ്എ ഓഹരിക്ക് 6520 രൂപ ലക്ഷ്യവില നിശ്ചയിച്ചു. വിപരീതാഭിപ്രായം പ്രകടിപ്പിച്ച സിറ്റി ഓഹരി വിൽക്കാൻ ശിപാർശ നൽകി 4090 രൂപയാണ് അവർ ലക്ഷ്യവില കണ്ടത്. ഓഹരി എട്ടു ശതമാനത്തിലധികം ഇടിഞ്ഞു.

കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെ സിഇഒയും എംഡിയുമായ അശോക് വാസ്വാനി കാലാവധി കഴിയുമ്പോൾ തുടർനിയമനം ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചു. ഡിസംബർ 31 നാണു കാലാവധി തീരുന്നത്. പദവിയിൽ തുടരാതിരിക്കാൻ കാരണം വിശദമാക്കിയിട്ടില്ല. ബാങ്ക് ഓഹരിക്കു 460 രൂപ ലക്ഷ്യവില നിർണയിച്ച നൊമുറ വാങ്ങൽ ശിപാർശ നൽകി. ഓഹരി രാവിലെ രണ്ടു ശതമാനം താഴ്ന്നു.

അസ്ട്രാൽ പൈപ്സിന് വാങ്ങൽ ശിപാർശ നൽകിയ ഇൻവെസ്റ്റെക് ഓഹരിക്ക് 1710 രൂപ ലക്ഷ്യവില നിശ്ചയിച്ചു. അസ്ട്രാൽ ഓഹരികൾ രാവിലെ ഏഴു ശതമാനം ഇടിഞ്ഞു. അസ്ട്രാൽ കെമിക്കൽ ബിസിനസ് വേർപെടുത്താനും പ്ലാസ്റ്റിക് ബിസിനസ് ലയിപ്പിക്കാനും ഒരുങ്ങുകയാണ്.

എച്ച്ഡിഎഫ്സി ബാങ്കിന് ജെപി മോർഗൻ 990 രൂപയും ജെഫറീസ് 1050 രൂപയും ലക്ഷ്യവില നിശ്ചയിച്ചു. ഓഹരി രാവിലെ 0.70 ശതമാനം ഉയർന്നു. മുൻ ചെയർമാൻ അതനു ചക്രവർത്തിയുടെ ആരോപണങ്ങൾ ശരിവയ്ക്കാൻ കാര്യമില്ലെന്ന് ബാങ്ക് നിയോഗിച്ച രണ്ട് അഭിഭാഷക സഘങ്ങളും വിലയിരുത്തി.

അലൂമിനിയം കമ്പനികളുടെ ഓഹരിവില 30 മുതൽ 40 വരെ ശതമാനം ഇടിയുമെന്ന വിലയിരുത്തലുമായി ഇൻക്രെഡ് ഇക്വിറ്റിയുടെ വിശകലന റിപ്പോർട്ട്. അലുമിനിയം വില ടണ്ണിനു 3000 ഡോളറിനു താഴെ നിൽക്കുമെന്നു റിപ്പോർടിൽ പറയുന്നു. യുദ്ധം തീരുമ്പോൾ പശ്ചിമേഷ്യയിൽ നിന്നുള്ള അലൂമിനിയം ലഭ്യത കൂടും. പോരാത്തതിനു സ്‌ക്രാപ് അലൂമിനിയത്തിൻ്റെ ലഭ്യതയും വർധിക്കും. സ്‌ക്രാപ് ധാരാളം ഉള്ളതിനാൽ ചൈന പ്രൈമറി അലുമിനിയം ഉൽപാദന ശേഷി മരവിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഹിൻഡാൽകോ, നാൽകോ, വേദാന്ത തുടങ്ങിയവയെ റിപ്പോർട്ടിൽ പരാമർശിച്ചു. ഹിൻഡാൽകോ, നാൽകോ ഓഹരികൾ ഇന്ന് ഉയർന്നു. വേദാന്ത നാലു ശതമാനം താഴ്ന്നു.

അദാനി ഗ്രൂപ്പ് മേധാവികൾക്ക് എതിരായ നിയമനടപടി പിൻവലിക്കാൻ യുഎസ് നിയമവകുപ്പ് നൽകിയ അപേക്ഷയിൽ യുഎസ് കോടതി കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പ് ഓഹരികൾ ഇന്നു മൂന്നു ശതമാനം വരെ താഴ്ന്നു

രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ അഞ്ചു പൈസ കുറഞ്ഞ് 94.35 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 94.24 രൂപ വരെ താഴ്ന്ന ശേഷം 94.39 രൂപയിലേക്കു കയറി. പിന്നീടു ചാഞ്ചാടി.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4070 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 680 രൂപ കുറഞ്ഞ് 1,04,880 രൂപ ആയി.

ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. ബ്രെൻ്റ് ഇനം 72.40 ഡോളറിലും ഡബ്ള്യുടിഐ ഇനം 69.98 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com