മികച്ച കയറ്റം, പിന്നീടു ചാഞ്ചാട്ടം; റിയൽറ്റി, ഓട്ടോ, പ്രൈവറ്റ് ബാങ്ക് മേഖലകൾ ഇടിവില്‍, മെറ്റൽ ഓഹരികള്‍ നേട്ടത്തില്‍

മ്യൂച്വൽ ഫണ്ട് കമ്പനികൾ ഈടാക്കുന്ന ഫീസുകൾ കുറയ്ക്കാനുള്ള കരടു നിർദേശം അസറ്റ് മാനേജ്മെൻ്റ് കമ്പനി ഓഹരികളെ താഴ്ത്തി
stock market
Published on

വിദേശ വിപണികളുടെ കുതിപ്പിൽ നിന്ന് ആവേശം സ്വീകരിച്ച ഇന്ത്യൻ വിപണി ഇന്നു രാവിലെ ഉയർന്ന ശേഷം നേട്ടം കുറച്ചു. രാവിലെ നിഫ്റ്റി 26,025 ഉം സെൻസെക്സ് 84,916 ഉം വരെ ഉയർന്ന ശേഷം ഗണ്യമായി താഴ്ന്നു. പിന്നീടു കയറ്റമായി.

റിയൽറ്റി, ഓട്ടോ, പ്രൈവറ്റ് ബാങ്ക് എന്നീ മേഖലകൾ താഴ്ന്നു. മെറ്റൽ സൂചിക രണ്ടു ശതമാനത്തിലേറെ കുതിച്ചു.

മ്യൂച്വൽ ഫണ്ട് കമ്പനികൾ ഈടാക്കുന്ന ഫീസുകൾ കുറയ്ക്കാനുള്ള സെബിയുടെ കരടു നിർദേശം അസറ്റ് മാനേജ്മെൻ്റ് കമ്പനി ഓഹരികളെ താഴ്ത്തി. എച്ച്ഡിഎഫ്സി, നുവാമ വെൽത്ത്, മോട്ടിലാൽ ഓസ്വാൾ, യുടിഐ, പ്രൂഡൻ്റ് കാേർപ്, നിപ്പൺ ലൈഫ്, ഡാം കാപ്പിറ്റൽ, 360 വൺ വാം, ആദിത്യ ബിർല സൺ തുടങ്ങിയവ എട്ടു ശതമാനം വരെ ഇടിഞ്ഞു. മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് പിഎംഎസ്, എഐഎഫ് തുടങ്ങിയവയിലേക്ക് നിക്ഷേപം മാറാനേ സെബി നിർദേശം വഴിതെളിക്കൂ എന്നാണു വിമർശനം.

ഡിസിഎം ശ്രീറാം ലാഭമാർജിനും ലാഭവും വിറ്റുവരവും ഗണ്യമായി വർധിപ്പിച്ചതിനെ തുടർന്നു ഏഴു ശതമാനം വരെ കയറി.

കാംസിൻ്റെ രണ്ടാം പാദ റിസൽട്ട് പ്രതീക്ഷയിലും മോശമായി. ഓഹരി നാലു ശതമാനം ഇടിഞ്ഞു.

കോഹാൻസ് ലൈഫ് സയൻസസ് (പഴയ സുവേൻ ഫാർമ) എംഡി ഡോ. വി. പ്രസാദ രാജു അപ്രതീക്ഷിതമായി രാജിവച്ചതിനെ തുടർന്ന് ഓഹരി 10 ശതമാനത്തോളം ഇടിഞ്ഞു.

ചെമ്പിൻ്റെ വില ടണ്ണിന് 11,000 ഡോളറിനു മുകളിൽ എത്തി റിക്കാർഡ് കുറിക്കാൻ ഒരുങ്ങുന്നത് ഹിന്ദുസ്ഥാൻ കോപ്പർ ഓഹരിയെ നാലു ശതമാനത്തോളം ഉയർത്തി.

രണ്ടാം പാദ റിസൽട്ട് വരാനിരിക്കെ സെയിൽ ഓഹരി ഏഴു ശതമാനം വരെ ഉയർന്നു. ടാറ്റാ സ്റ്റീൽ രണ്ടര ശതമാനം കയറി.

രണ്ടാം പാദം പ്രതീക്ഷയിലും മോശമായത് സ്റ്റാർ ഹെൽത്ത് ഓഹരിയെ നാലു ശതമാനം താഴ്ത്തി.

സുസ്ലോൺ എനർജി രാഹുൽ ജയിനിനെ സിഎഫ്ഒ ആയി നിയമിച്ചു. ഓഹരി 1.65 ശതമാനം കയറി.

രൂപ ഇന്ന് ചെറിയ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. ഡോളർ ആറു പൈസ താഴ്ന്ന് 88.21 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 88.32 രൂപ വരെ ഉയർന്നു.

സ്വർണം ലോകവിപണിയിൽ ഔൺസിന് 3970 ഡോളറിലേക്കു കയറിയിട്ട് 3963 ലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 560 രൂപ ഉയർന്ന് 89,160 രൂപ ആയി.

ക്രൂഡ് ഓയിൽ രാവിലത്തെ കയറ്റത്തിനു ശേഷം താഴ്ചയിലായി. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 64.38 ഡോളറിൽ എത്തി.

Stock market midday update on 29 october 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com