വിപണിയിൽ തകർച്ച തുടരുന്നു, ഓട്ടോ, എഫ്എംസിജി, ഐടി ഓഹരികള്‍ നഷ്ടത്തില്‍; രൂപയ്ക്കും ഇടിവ്

ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെൻ്റ് ഇനം 107.12 ഡോളറിലെത്തി
stock market
Image courtesy: Canva
Published on: 

വിപണി തകർച്ച തുടരുകയാണ്. നിഫ്റ്റി 22,500 നും സെൻസെക്സ് 72,000 നും അടുത്തേക്കു നീങ്ങുകയാണ്. രൂപയും ദുർബലമായി.

മുഖ്യസൂചികകൾ ഇന്നു രാവിലെ 0.90 ശതമാനം വരെ താഴ്ന്നു. ബാങ്ക് നിഫ്റ്റിയും ധനകാര്യ സൂചികയും 1.20 ശതമാനം വരെ ഇടിഞ്ഞു. ഫാർമസ്യൂട്ടിക്കൽസും ഹെൽത്ത് കെയറും ഒഴികെ എല്ലാ മേഖലകളും നഷ്‌ടത്തിലായി.

ഓട്ടോ, എഫ്എംസിജി, ഐടി, മീഡിയ, മെറ്റൽ, റിയൽറ്റി, ഓയിൽ, കൺസ്യൂമർ ഡ്യുറബിൾസ് തുടങ്ങിയവ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.

ഏതാനും അപൂർവ രോഗങ്ങൾക്കും ജീൻ തെറപ്പി അടക്കം ചില ചികിത്സകൾക്കും ഉള്ള ഔഷധങ്ങളും ഔഷധ ഘടകങ്ങളും ഇറക്കുമതി ചെയ്യുന്നതിനു തീരുവ വേണ്ടെന്നു യുഎസ് അധികൃതർ പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയനും ഇന്ത്യ അടക്കം 20 രാജ്യങ്ങൾക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും. അമേരിക്കയിലേക്കു കയറ്റുമതി ഉള്ള ഔഷധ കമ്പനികൾ നേട്ടത്തിലായി.

ടാറ്റാ സൺസിൻ്റെ ലിസ്റ്റിംഗ് ഒഴിവാക്കാൻ ടാറ്റാ ട്രസ്റ്റുകൾ പുതിയ നിർദേശം മുന്നോട്ടു വച്ചു. ഇതിനോടു ടാറ്റാ സൺസ് പ്രതികരണം അറിവായിട്ടില്ല. എങ്കിലും ലിസ്റ്റിംഗ് വഴി നേട്ടം പ്രതീക്ഷിച്ചിരുന്ന ടാറ്റാ കെമിക്കൽസ് അടക്കം ടാറ്റാ ഗ്രൂപ്പ് ഓഹരികൾ നാലു ശതമാനം വരെ ഇടിഞ്ഞു. ടാറ്റാ ഇലക്ട്രോണിക്സും ടാറ്റാ കൺസൾട്ടിംഗും ടാറ്റാ സൺസിൽ ലയിപ്പിക്കുക എന്നതാണു പുതിയ നിർദേശം. അതു നടപ്പായാൽ ടാറ്റാ സൺസ് എൻബിഎഫ്സി ലേബലിൽ നിന്നു മാറുകയും ലിസ്റ്റിംഗ് ബാധ്യത ഒഴിവാകുകയും ചെയ്യും. റിസർവ് ബാങ്കിൻ്റെ അനുമതിയാണു നിർണായക കാര്യം.

ഇൻ്റർഗ്ലോബ് ഏവിയേഷൻ്റെ ലക്ഷ്യവില 5900 രൂപയായി ഗോൾഡ്മാൻ സാക്സ് ഉയർത്തി. ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി.

സ്വിസ് നിക്ഷേപ ബാങ്ക് യുബിഎസ്, കല്യാൺ ജ്വല്ലേഴ്സിൻ്റെ ലക്ഷ്യവില 900 രൂപയായി നിർണയിച്ചു വാങ്ങൽ ശിപാർശ നൽകി.

ഗോൾഡ്മാൻ സാക്സ്, എറ്റേണലിൻ്റെ ലക്ഷ്യവില 985 രൂപയായി ഉയർത്തി നിർണയിച്ചു.

ജൂലൈയെ അപേക്ഷിച്ച് ഓഗസ്റ്റിൽ വോഡഫോൺ ഐഡിയ ഇരട്ടി മൊബൈൽ വരിക്കാരെ ചേർത്തു. ഓഹരി രണ്ടു ശതമാനം ഉയർന്നു.

രൂപ ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ഏഴു പൈസ കൂടി 96.05 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 96.15 രൂപയായി. ഡോളർ സൂചിക ഉയർന്നു പോകുന്നതാണു രൂപയെ താഴ്ത്തുന്നത്. റിസർവ് ബാങ്ക് വിണിയിൽ ഇടപെടുന്നുണ്ട്.

സ്വർണം ലോകവിപണിയിൽ 0.50 ശതമാനം ഉയർന്ന് ഔൺസിന് 4132 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 200 രൂപ കുറഞ്ഞ് 1,09,120 രൂപയായി.

ക്രൂഡ് ഓയിൽ വില ഉയർന്നു. ബ്രെൻ്റ് ഇനം 107.12 ഡോളറിലും ഡബ്ള്യുടിഐ ഇനം 94.32 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com