
ഇന്നു രാവിലെ ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ വിപണി കുറേനേരം ചാഞ്ചാട്ടത്തിലായി. പിന്നീട് മികച്ച മുന്നേറ്റം നടത്തി. അമേരിക്കയുമായി ഒരു ഇടക്കാല വ്യാപാര കരാർ ശനിയാഴ്ചയോടെ ഒപ്പുവയ്ക്കും എന്ന റിപ്പോർട്ടാണ് വിപണിയെ സഹായിച്ചത്. ആദ്യ മണിക്കൂറിൽ നിഫ്റ്റി 100 പോയിൻ്റ് വരെ ഉയർന്നു.
അമേരിക്കയുമായി പത്തു വർഷത്തെ പ്രതിരോധ സഹകരണരൂപരേഖ കരാർ അടുത്തയാഴ്ച ഒപ്പുവയ്ക്കും എന്ന റിപ്പോർട്ട് ചില പ്രതിരോധ ഓഹരികളെ ഉയർത്തി.
അമേരിക്ക വിയറ്റ്നാമുമായി വ്യാപാര കരാർ ഉണ്ടാക്കിയതിനെ തുടർന്നു വസ്ത്ര കയറ്റുമതിക്കാരായ ഗോകൽദാസ് എക്സ്പോർട്സ് ഒന്നര ശതമാനം താഴ്ന്നു. വസ്ത്ര കയറ്റുമതി രംഗത്തുള്ള കിറ്റെക്സ് ഗാർമെൻ്റ്സ് രണ്ടര ശതമാനവും അരവിന്ദ് ലിമിറ്റഡ് ഒന്നര ശതമാനവും ഉയർന്നു.
അവന്യു സൂപ്പർ മാർട്ട് (ഡി മാർട്ട്) ഒന്നാം പാദത്തിൽ വരുമാനം 16.2 ശതമാനം വർധിച്ചു. ഇതു പ്രതീക്ഷയോളം വരാത്തതിനാൽ ഓഹരി നാലു ശതമാനത്തോളം താഴ്ന്നു. വി മാർട്ട് റീട്ടെയിൽ ഒരു ശതമാനം താഴ്ന്നപ്പോൾ വിശാൽ മെഗാ മാർട്ട് ഒരു ശതമാനം ഉയർന്നു.
അമേരിക്കൻ നിക്ഷേപ ബാങ്ക് സിറ്റി വിൽപന ശിപാർശ നൽകിയതിനെ തുടർന്നു പഞ്ചാബ് നാഷണൽ ബാങ്കും സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയും ഒന്നര ശതമാനം താഴ്ന്നു.
റിലയൻസ് കമ്യൂണിക്കേഷൻസിൻ്റെ വായ്പ അക്കൗണ്ടിനു തട്ടിപ്പ് മുദ്രകുത്തിയ എസ്ബിഐ നടപടിയെ തുടർന്ന് അനിൽ അംബാനി കമ്പനികളായ റിലയൻസ് ഇൻഫ്രാസ്ട്രക്ചറും റിലയൻസ് പവറും അഞ്ചു ശതമാനം വരെ ഇടിഞ്ഞു.
നൈകയുടെ 2.3 ശതമാനം ഓഹരി ബൾക്ക് വിപണിയിൽ വിറ്റതിനെ തുടർന്ന് ഓഹരി അഞ്ചു ശതമാനം വരെ താഴ്ന്നു.
രൂപ ഇന്നു ചെറിയ നേട്ടത്തിൽ വ്യാപാരം തുടങ്ങി. ഡോളർ അഞ്ചു പൈസ താഴ്ന്ന് 85.65 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 85.58 രൂപയിലേക്ക് ഡോളർ താഴ്ന്നു.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3348 ഡോളറിലായി. കേരളത്തിൽ ആഭരണ സ്വർണം പവന് 320 രൂപ കൂടി 72,840 രൂപയായി.
ക്രൂഡ് ഓയിൽ വില താഴുകയാണ്. ബ്രെൻ്റ് ഇനം ബാരലിന് 68.61 ഡോളറിൽ എത്തി.