
വിപണി കൂടുതൽ ദുർബലമാകുകയാണ്. രാവിലെ നേട്ടത്തിൽ വ്യാപാരം തുടങ്ങിയ മുഖ്യ സൂചികകൾ താമസിയാതെ നഷ്ടത്തിലേക്കു മാറി.
മിഡ് ക്യാപ് സൂചിക രാവിലെ നാമമാത്രമായി ഉയർന്നപ്പോൾ സ്മോൾ ക്യാപ് സൂചിക ഗണ്യമായി കയറി.
ഐടി, എഫ്എംസിജി, സ്വകാര്യ ബാങ്ക്, ഹെൽത്ത്കെയർ കമ്പനികൾ രാവിലെ താഴ്ചയിലായി. മഴ നേരത്തേ തുടങ്ങിയതു മൂലം എസി വിൽപന ഗണ്യമായി കുറഞ്ഞതു കൺസ്യൂമർ ഡ്യൂറബിൾസ് കമ്പനികളെ താഴ്ചയിലാക്കി.
പ്രതിരോധ ഓഹരികൾ ഉയർന്നു. കൊച്ചിൻ ഷിപ്പ് യാർഡും ഗാർഡൻ റീച്ചും മൂന്നര ശതമാനത്തിലധികം കയറി. മസഗോൺ ഡോക്ക് 2.2 ശതമാനം ഉയർന്നു. ഭാരത് ഡൈനമിക്സ്, പരസ് ഡിഫൻസ്, ഡാറ്റാ പാറ്റേൺസ് തുടങ്ങിയവ രണ്ടു ശതമാനത്തിലധികം നേട്ടത്തിലായി.
ടെലികോം കമ്പനികൾക്ക് എജിആർ വിഷയത്തിൽ ആശ്വാസം നൽകാൻ സുപ്രീം കോടതി വിധി അനുവദിക്കുന്നില്ലെന്നു ടെലികോം മന്ത്രാലയം വ്യക്തമാക്കി. വോഡഫോൺ ഐഡിയ ഓഹരികൾ നാലു ശതമാനം ഇടിഞ്ഞു.
നിഫ്റ്റി ബാങ്ക് സൂചിക ഇന്ന് ഓപ്പൺ ചെയ്തത് 56,100 ഡോളറിനു മുകളിലാണ്. 56,098 എന്ന റെക്കോർഡ് തിരുത്തി. എന്നാൽ സ്വകാര്യബാങ്കുകൾ താഴ്ചയിലായതോടെ ബാങ്ക് നിഫ്റ്റി നഷ്ടത്തിലേക്കു മാറി.
അമേരിക്കൻ കമ്പനി ഫെഡെക്സിൽ നിന്നുള്ള കരാർ നഷ്ടമായി എന്ന റിപ്പോർട്ടിനെ തുടർന്ന് ഇന്നലെ മൂന്നു ശതമാനത്തിലധികം ഇടിഞ്ഞ എംഫസിസ് ഓഹരി ഇന്ന് രണ്ടു ശതമാനത്തിലധികം ഉയർന്നു. ഫെഡെക്സുമായി കരാർ തുടരുന്നു എന്നു കമ്പനി വിശദീകരിച്ചു.
ഒല ഇലക്ട്രിക്കിൻ്റെ മൂന്നേകാൽശതമാനം ഓഹരി ബൾക്ക് ഡീലിൽ കൈമാറ്റം ചെയ്തതായ റിപ്പോർട്ട് ഒല ഓഹരിയെ ആറു ശതമാനം താഴ്ത്തി. ഹ്യുണ്ടായി മോട്ടോർ ആണു വിൽപനക്കാർ എന്നാണു സൂചന.
യെസ് ബാങ്കിൻ്റെ മൂന്നു ശതമാനം ഓഹരി പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകർ വിറ്റതിനെ തുടർന്ന് ഓഹരിവില എട്ടു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നു ദുർബലമായി. ഡോളർ 14 പൈസ വർധിച്ച് 85.53 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് 85.47 രൂപയിലേക്കു താഴ്ന്നു.
സ്വർണം ലോകവിപണിയിൽ ഔൺസിന് 3365 ഡോളറിലേക്ക് താഴ്ന്നു. കേരളത്തിൽ ആഭരണ സ്വർണം പവന് 160 രൂപ ഉയർന്ന് 72,640 രൂപയായി.
ക്രൂഡ് ഓയിൽ വില ഉയർന്ന ശേഷം അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം ബാരലിനു രാവിലെ 64.96 ഡോളറിലേക്ക് കുറഞ്ഞു.