

രാവിലെ നഷ്ടത്തിൽ വ്യാപാരം തുടങ്ങിയ ഇന്ത്യൻ വിപണി പിന്നീട് ഒരു ശതമാനത്തിലധികം ഇടിവിലായി. ഐടി സൂചികയാണു വലിയ തകർച്ചയിലായത്. ബാങ്ക്, ധനകാര്യ, റിയൽറ്റി, മീഡിയ, കൺസ്യൂമർ ഡ്യുറബിൾ, എഫ്എംസിജി ഓഹരികളും വലിയ ഇടിവിലായി. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും ഇടിഞ്ഞു. ആദ്യ മണിക്കൂറിൽ നിഫ്റ്റി 23,225 വരെയും സെൻസെക്സ് 73,719 വരെയും താഴ്ന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ വലിയ കുതിപ്പ് നടത്തിയ ഐടി കമ്പനികൾ ഇന്നു വലിയ ഇടിവിലായി. ഐടി സൂചിക നാലു ശതമാനം ഇടിഞ്ഞു. ടിസിഎസ് 6.7 ഉം മൈൻഡ് ട്രീ 6.5 ഉം ടെക് മഹീന്ദ്ര 4.6 ഉം പെർസിസ്റ്റൻ്റ് 5.2 ഉം ഇൻഫോസിസ് 3.6 ഉം ശതമാനം നഷ്‌ടത്തിലാണ്. നിർമിതബുദ്ധി വ്യാപിക്കുമ്പോൾ ഐടി സേവന കമ്പനികളുടെ ജോലിയുടെ ഗണ്യമായ ഭാഗം ഇല്ലാതാകും എന്ന ആശങ്കയാണു കാരണം.
ക്രൂഡ് ഓയിൽ വില ഉയർന്നത് ഓയിൽ മാർക്കറ്റിംഗ് കമ്പനികളെ താഴ്ത്തി. ഐഒസിയും ബിപിസിഎലും എച്ച്പിസിഎലും രണ്ടു ശതമാനത്തോളം താഴ്ന്നു. പെയിൻ്റ് കമ്പനികളും താഴ്‌ചയിലായി.
പുതിയ ഔഷധത്തിന് യുഎസ് എഫ്ഡിഎ അംഗീകാരം ലഭിച്ചതിനെ തുടർന്ന് കോൺകോർഡ് ബയോടെക് ഓഹരി എട്ടു ശതമാനം വരെ കുതിച്ചു.
മാൻകൈൻഡ് ഫാർമയ്ക്കു 3000 രൂപ ലക്ഷ്യവില നിശ്ചയിച്ച ജെഫറീസ് ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി.
ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സിനു ജെഫറീസ് വാങ്ങൽ ശിപാർശ നൽകി. ഓഹരിക്കു ലക്ഷ്യവില 1450 രൂപ.
അസ്ട്രാൽ പൈപ്‌സിൻ്റെ ലക്ഷ്യവില1800 രൂപയായി ഉയർത്തിയ ജെപി മോർഗൻ ഓഹരിക്കു വാങ്ങൽ ശിപാർശ നൽകി.
അദാനി പോർട്‌സിന് 1930 രൂപ ലക്ഷ്യവിലയായി നിശ്ചയിച്ച നൊമുറ ഓഹരി വാങ്ങാൻ ശിപാർശ നൽകി.
പുതിയ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഇൻഡസ് ഇൻഡ് ബാങ്ക് ഓഹരി രണ്ടു ശതമാനത്തിലധികം താഴ്ന്നു.
രൂപ ഇന്നു രാവിലെയും ദുർബലമായി വ്യാപാരം തുടങ്ങി. ഡോളർ 17 പൈസ കയറി 95.45 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ പിന്നീട് 95.72 രൂപയിലേക്കു കയറി. ഡോളർ 98 രൂപ വരെ ഉയരുമെന്നാണു വിദേശ ബ്രോക്കറേജുകൾ വിലയിരുത്തുന്നത്. രൂപയെ പിടിച്ചു നിർത്താൻ ഡോളർ സമ്പാദിക്കാൻ ഇന്ത്യ 1200 കോടി ഡോളറിൻ്റെ (1,14,000 കോടി രൂപ) സ്വർണം വിറ്റു എന്ന റിപ്പോർട്ട് തെറ്റാണെന്നു ഗവണ്മെൻ്റ് വിശദീകരിച്ചു.
സ്വർണം ലോക വിപണിയിൽ ഔൺസിന് 4485 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് വിലമാറ്റം ഇല്ലാതെ 1,14,560 രൂപയിൽ മൂന്നാം ദിവസവും തുടർന്നു.
ക്രൂഡ് ഓയിൽ വില രാവിലെ അൽപം താഴ്ന്നിട്ടു വീണ്ടും കയറി. ബ്രെൻ്റ് ഇനം ക്രൂഡ് 97.06 ഡോളറിലും ഡബ്ള്യുടിഐ ഇനം 94.87 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine