

വിപണി നഷ്ടത്തിൽ വ്യാപാരം തുടങ്ങി, കൂടുതൽ നഷ്‌ടത്തിലേക്കു വീണു. പിന്നീടു ചാഞ്ചാട്ടത്തിലായി. സെൻസെക്സ് 81,941 വരെയും നിഫ്റ്റി 25,218 വരെയും ഇടിഞ്ഞ ശേഷം നഷ്‌ടം കുറച്ചു.
മെറ്റൽ, ഐടി, ഓയിൽ, ബാങ്ക്, വാഹന, ധനകാര്യ മേഖലകൾ ഇന്നു താഴ്ചയിലാണ്. എഫ്എംസിജി നല്ല മുന്നേറ്റം നടത്തി.
പൊതു ബജറ്റ് അവതരിപ്പിക്കുന്നതു പരിഗണിച്ച് ഓഹരിവിപണി ഞായറാഴ്ച പ്രവർത്തിക്കും.
വരുമാനം കൂടിയിട്ടും നഷ്‌ടം വർധിപ്പിച്ച ഭക്ഷണ വിതരണ കമ്പനി സ്വിഗ്ഗിയുടെ ഓഹരി ഏഴു ശതമാനം ഇടിഞ്ഞു. ഇതിൻ്റെ ചുവടുപിടിച്ച് എറ്റേണൽ (സൊമാറ്റോ) മൂന്നു ശതമാനത്തോളം താഴ്ന്നു. സ്വിഗ്ഗിക്കു നൊമുറ വാങ്ങൽ ശിപാർശ നൽകി. എന്നാൽ സിഎൽഎസ്എ ഓഹരിയുടെ റേറ്റിംഗ് താഴ്ത്തി.
ബുള്ളിയനും ചെമ്പ് അടക്കമുള്ള ലോഹങ്ങളും ഇന്നലത്തെ വലിയ ഉയരത്തിൽ നിന്ന് ഇടിയുന്നത് ലോഹകമ്പനികളെ താഴ്‌ത്തി. ഹിന്ദുസ്ഥാൻ കോപ്പർ, ഹിന്ദുസ്ഥാൻ സിങ്ക്, നാൽകോ, ഹിൻഡാൽകോ, വേദാന്ത തുടങ്ങിയവ എട്ടു ശതമാനം വരെ താഴ്ന്നു. ടാറ്റാ സ്‌റ്റീൽ അടക്കം സ്‌റ്റീൽ കമ്പനികളും എൻഎംഡിസിയും നാലു ശതമാനം വരെ ഇടിഞ്ഞു. നിഫ്റ്റി മെറ്റൽ സൂചിക നാലു ശതമാനം ഇടിവിലാണ്.
എംഡിയും സിഇഒയുമായ പി. ആർ. ശേഷാദ്രി കാലാവധി നീട്ടി വാങ്ങാൻ ഉദ്ദേശിക്കുന്നില്ല എന്ന റിപ്പോർട്ട് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരിയെ 18 ശതമാനം വരെ താഴ്‌ത്തി. സെപ്റ്റംബർ 30 നാണു ശേഷാദ്രിയുടെ മൂന്നു വർഷ കാലാവധി പൂർത്തിയാകുന്നത്. 2018 നു ശേഷം ബാങ്കിന് ഇത്രയും ഇടിവ് ഇതാദ്യമാണ്.
സ്വർണവില കുത്തനെ ഇടിയുന്നത് സ്വർണപ്പണയ കമ്പനികളായ മുത്തൂറ്റ് ഫിനാൻസിനെയും മണപ്പുറം ഫിനാൻസിനെയും നാലു ശതമാനം വരെ താഴ്‌ത്തി.
റിസൽട്ട് മോശമായത് ദീപക് ഫെർട്ടിലൈസേഴ്സിനെ ഏഴു ശതമാനം ഇടിവിലാക്കി.
പെനിസിലിൻ ജി ഇറക്കുമതിക്കു കുറഞ്ഞ വില നിശ്ചയിച്ചത് അരബിന്ദോ ഫാർമയെ അഞ്ചു ശതമാനം ഉയർത്തി. വില കുറഞ്ഞ പെനിസിലിൻ്റെ ഇറക്കുമതി മൂലമുള്ള വ്യാപാരനഷ്ടം ഒഴിവാകും.
രൂപ ഇന്നു ചെറിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ഡോളർ അഞ്ചു പൈസ താഴ്‌ന്ന് 91.91 രൂപയിൽ ഓപ്പൺ ചെയ്തു. 91.88 രൂപ വരെ താഴ്‌ന്ന ശേഷം ഡോളർ 91.94 രൂപയിലേക്കു കയറി. വീണ്ടും 91.86ലേക്കു താഴ്ന്നു. ഡോളർ സൂചിക 96.58 ലേക്ക് ഉയർന്നിട്ടുണ്ട്.
ലോക വിപണിയിൽ സ്വർണവും വെള്ളിയും ഇടിവ് തുടരുകയാണ്. സ്വർണം ഔൺസിന് 5150 ഡോളർ വരെ ഇടിഞ്ഞു. പിന്നീട് 5200 നു മുകളിൽ കയറി.
രാവിലെ അഞ്ചു ശതമാനം തകർച്ചയാണു സ്വർണത്തിനുണ്ടായത്. യുക്രെയ്നിൽ വെടിനിർത്തലിനും സമാധാന സന്ധിക്കും വഴി ഒരുങ്ങുന്നതാണ് സ്വർണത്തെ താഴ്ത്തുന്നത്.
കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 5240 രൂപ ഇടിഞ്ഞ് 1,25,120 രൂപ ആയി.
എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,59,250 രൂപ വരെ വിലയിടിഞ്ഞു.
വെള്ളി ലോക വിപണിയിൽ ഔൺസിന് 110 ഡോളറിലേക്കു താഴ്‌ന്നു. എംസിഎക്സിൽ വെള്ളി കിലോഗ്രാമിന് ആറു ശതമാനത്തിലധികം ഇടിഞ്ഞ് 3,75,900 രൂപ വരെ എത്തി.
ക്രൂഡ് ഓയിൽ വില താഴുകയാണ്. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 69.70 ഡോളറിൽ എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine