ആശങ്കകൾ മാറ്റിവച്ച് ഇന്ത്യൻ വിപണി; ഐടി കമ്പനികൾ കയറ്റത്തില്‍, റിയൽറ്റി, ബാങ്ക്, ധനകാര്യ ഓഹരികള്‍ ഇടിവില്‍

രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ആറു പൈസ കുറഞ്ഞ് 95.59 രൂപയിൽ ഓപ്പൺ ചെയ്തു
stock market
Image courtesy: Canva
Published on

ആഗോള ആശങ്കകൾക്ക് ഇന്ത്യൻ വിപണി അവധി കൊടുത്തു. താഴ്ന്നു വ്യാപാരം തുടങ്ങിയ വിപണി താമസിയാതെ നേട്ടത്തിലേക്കു മാറി. എങ്കിലും ചാഞ്ചാട്ടം തുടർന്നു.

റിയൽറ്റി, ബാങ്ക്, ധനകാര്യ മേഖലകൾ രാവിലെ താഴ്ചയിലാണ്. മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും താഴോട്ടു നീങ്ങി.

ഐടി കമ്പനികൾ ഇന്നും കയറ്റത്തിലാണ്. ഐടി സൂചിക 1.80 ശതമാനം ഉയർന്നു. ഇൻഫോസിസ് ഓഹരി രണ്ടര ശതമാനം കയറി. വിപ്രോ 2.75 ശതമാനവും.

ലാഭമാർജിനിൽ ഗണ്യമായ ഇടിവു വന്നതിനെ തുടർന്നു വാരീ എനർജീസ് ഓഹരി ആറു ശതമാനം ഇടിഞ്ഞു.

വിൽപനയിൽ പ്രതീക്ഷയിലധികം വർധന കാണിച്ച ബാലകൃഷ്ണ ഇൻഡസ്ട്രീസ് ഓഹരി രാവിലെ പത്തു ശതമാനം കുതിച്ചു.

മികച്ച റിസൽട്ടിൻ്റെ വെളിച്ചത്തിൽ ടെക്നിക്കൽ സർവീസസ് കമ്പനി റെഡിംഗ്ടൺ 16 ശതമാനം മുന്നേറി.

നഷ്‌ടത്തിൽ നിന്നു മികച്ച ലാഭത്തിലേക്കു മാറിയ വേദാന്ത ഓയിൽ ഓഹരി ആദ്യം നാലു ശതമാനം ഉയർന്നിട്ടു നഷ്ടത്തിലേക്കു മാറി..

അടുത്ത പാദങ്ങളിലെ വരുമാന പ്രതീക്ഷ താഴ്‌ത്തിയ സിൻജീൻ ഓഹരി രാവിലെ ഒൻപതു ശതമാനം ഇടിഞ്ഞു.

മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ട്രക്ക്, ബസ് ഡിവിഷനുകൾ ഏറ്റെടുക്കുന്ന എസ്എംഎൽ മഹീന്ദ്ര ഇന്നു രാവിലെ 15 ശതമാനം ഉയർന്നു. ഇന്നലെ ഈ ഓഹരി 20 ശതമാനം കയറിയതാണ്. 525 കോടി രൂപയ്ക്കാണു വിൽപന.

ജൂൺ പാദത്തിൽ മികച്ച ലാഭവർധന കാണിച്ച എംടാർ ടെക്നോളജീസ് അഞ്ചു ശതമാനം ഉയർന്നു.

ഒന്നാം പാദത്തിൽ ലാഭം ഇരട്ടിപ്പിക്കുകയും വാർഷിക വരുമാന - ലാഭ പ്രതീക്ഷകൾ ഉയർത്തുകയും ചെയ്ത സിർമ എസ്ജിഎസ് ടെക്നോളജി ഓഹരി അഞ്ചു ശതമാനം കുതിച്ചു.

വരുമാനം കൂടിയപ്പോഴും ലാഭം കുറഞ്ഞ ഒന്നാം പാദ റിസൽട്ട് ഹെക്സാവേർ ടെക്നോളജീസ് ഓഹരിയെ ഏഴു ശതമാന താഴ്‌ത്തി.

രൂപ ഇന്നും നേട്ടത്തോടെ വ്യാപാരം തുടങ്ങി. ഡോളർ ആറു പൈസ കുറഞ്ഞ് 95.59 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീടു ഡോളർ 95.65 രൂപ വരെ കയറി.

സ്വർണം ലോകവിപണിയിൽ ഔൺസിന് 4050 ഡോളറിലേക്കു താഴ്ന്നു. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 600 രൂപ കൂടി 1,05,840 രൂപ ആയി.

ക്രൂഡ് ഓയിൽ വില അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം 89.78 ഡോളറിലും ഡബ്ള്യുടിഐ ഇനം 83.77 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com